ജീസാന്‍: വെള്ളിയാഴ്ച ജീസാനിലെ യമന്‍ അതിര്‍ത്തിപ്രദേശമായ സാംതയിലെ പ്രവാസികള്‍ കണ്ണുതുറന്നത് ഞെട്ടിക്കുന്ന ദുരന്തത്തിലേക്കായിരുന്നു. രാവിലെ ജോലി കഴിഞ്ഞ് വെള്ളിയാഴ്ചയുറക്കത്തിലേക്ക് വീഴുന്ന സമയത്താണ് രാവിലെ 7.15ന് സാംതയിലെ ജനറല്‍ ആശുപത്രിക്കു സമീപം ജീവനക്കാരുടെ ക്യാമ്പ് സ്ഥലത്ത് അതിര്‍ത്തിക്കപ്പുറത്തു നിന്നു ഷെല്‍ പതിച്ചത്. ഷെല്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം അടുത്തു നിന്നു കേട്ട ജിസാന്‍ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ ഫാറൂഖും സണ്ണിയും മറ്റുള്ളവരും താമസസ്ഥലത്തു നിന്നു കാര്യമറിയാന്‍ പുറത്തിറങ്ങിയതായിരുന്നു. ആശുപത്രി ജീവനക്കാരുടെ ക്യാമ്പിനു സമീപമാണ് ഇവരും താമസിക്കുന്നത്. പുറത്തിറങ്ങി രംഗം വീക്ഷിക്കുന്നതിനിടെ ഒന്നിനു മേല്‍ ഒന്നായി പിന്നേയും ഷെല്ലുകള്‍ വന്നു പതിച്ചു. അതിലൊരെണ്ണം വീണു പൊട്ടിത്തെറിച്ചത് ആള്‍ക്കൂട്ടത്തിനടുത്ത്. ഗുരുതര പരിക്കേറ്റ ഫാറൂഖ് വൈകാതെ മരിച്ചിരുന്നു. നൂറുല്‍ ഇസ്ലാം, മുഹമ്മദ് ബത്തന്‍ മിയ എന്നീ ബംഗ്ളാദേശുകാര്‍ കൂടി കൊല്ലപ്പെട്ടു. മലയാളിയായ സണ്ണിക്കു നട്ടെല്ലിനു ക്ഷതമുണ്ട്. ഫാറൂഖിന്‍െറ സഹോദരന്‍ ഹിശാമിനു കാലിനു പരിക്കുണ്ട്. ഇയാളുടെ ശസ്ത്രക്രിയ വെള്ളിയാഴ്ച പൂര്‍ത്തിയായി. മരിച്ചവരും പരിക്കേറ്റവരുമായി ഇരുപതോളം പേരെയാണ് സാംത ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് അവിടത്തെ ഡോക്ടറായ ചന്ദ്രശേഖരന്‍ പറഞ്ഞു. ലഹദ്, ജീസാന്‍ ആശുപത്രികളിലും ചിലരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ മറ്റു ആശുപത്രികളിലേക്കു കൊണ്ടുപോയി. മലയാളികള്‍ക്കു പറ്റിയ ദുരന്തം സാംതയിലെയും ജീസാനിലെയും പ്രവാസി സമൂഹത്തിന് കനത്ത ആഘാതമായി. സ്വന്തം നിലയില്‍ എ.സി ടെക്നീഷ്യന്‍ ജോലികള്‍ ചെയ്യുന്ന ഫാറൂഖ് കുടുംബസമേതം സാംതയിലാണ് താമസം. തലശ്ശേരി ചിറക്കരയിലെ മാടപ്പീടികക്കാരായ ഇവര്‍ മട്ടാഞ്ചേരിയിലേക്ക് മാറിത്താമസിച്ചതാണ്. എറണാകുളത്തുകാരും തലശ്ശേരിക്കാരുമായ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടെലഫോണില്‍ നിരന്തരം സ്ഥിതിഗതികള്‍ അന്വേഷിക്കുകയും കൈമാറുകയും ചെയ്യുകയായിരുന്നു വെള്ളിയാഴ്ച ദിവസം മുഴുവന്‍. ഫാഗിറയും റഷീദുമൊഴികെയുള്ളവര്‍ വീട്ടിനകത്തുണ്ടായിരുന്നു. അവരെല്ലാം സുരക്ഷിതരാണ്. സാംത ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹത്തിന്‍െറ അനന്തര നടപടികള്‍ക്കുള്ള ശ്രമത്തിലാണ് കൂടെ താമസിക്കുന്ന ബന്ധു ദാനിഷും സംഘടനാപ്രവര്‍ത്തകരും. ഫാറൂഖിന്‍െറയും കുടുംബത്തിന്‍െറ ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കാന്‍ കൊടുത്തിരിക്കെയാണ് അപകടം. അതു ശരിയായി കിട്ടിയിട്ടു വേണം മൃതദേഹം വിട്ടു കിട്ടാന്‍. ഇതു സമയമെടുക്കുമോ എന്ന ശങ്കയില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുമായും മറ്റു ഒൗദ്യോഗികകേന്ദ്രങ്ങളുമായും ബന്ധപ്പെട്ടു വരികയാണ് സാമൂഹികപ്രവര്‍ത്തകര്‍.
അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണം ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കെ പല മലയാളികളും പ്രദേശം വിട്ടു നീണ്ട അവധിയിലും മറ്റും നാട്ടിലേക്കു മടങ്ങിയിരുന്നു. ഈ അസ്വസ്ഥജനകമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞ ദിവസം പുതിയ ആക്രമണമുണ്ടായത്. ഇതോടെ ആളുകളില്‍ വീണ്ടും ഭീതി പടരുകയാണ്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.