ദുല്‍ഹജ്ജിലെ ആദ്യ ജുമുഅക്ക് 13 ലക്ഷത്തോളം തീര്‍ഥാടകര്‍

മക്ക: ഹജ്ജ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകലക്ഷങ്ങള്‍ പങ്കുകൊണ്ടു. ഹജ്ജിന് വിദേശത്തുനിന്നുള്ള തീര്‍ഥാടകവരവ് അവസാനിക്കാനിരിക്കെ വെള്ളിയാഴ്ച ജുമുഅക്ക് 13 ലക്ഷത്തോളം തീര്‍ഥാടകര്‍ പങ്കെടുത്തതായാണ് കണക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രഭാത നമസ്കാരത്തിനു തന്നെ ജുമുഅക്ക് ഹറമില്‍ കൂടാനുള്ള നിശ്ചയവുമായി തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങിയിരുന്നു. കനത്ത ചൂട് കാരണം അതിരാവിലെ തന്നെ മസ്ജിദുല്‍ ഹറാമിലത്തെി രാത്രി ഇശാനമസ്കാരം വരെ അവിടെ കഴിച്ചു കൂട്ടുന്ന രീതിയാണ് അല്‍പം ദൂരെയുള്ള അസീസിയ്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ അടക്കമുള്ളവര്‍ ചെയ്തു വരുന്നത്. ജുമുഅക്കു മുമ്പും പിമ്പും ഇശാ നമസ്കാരത്തിനു ശേഷവും ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചും സമയദൈര്‍ഘ്യം ചുരുക്കിയും ഇന്ത്യന്‍ മിഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഹറം പരിസരത്ത് 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വെയിലില്‍ രക്ഷതേടിയവര്‍ക്ക് വിവിധ ഹജ്ജ് മിഷനുകളും വളണ്ടിയര്‍മാരും കുടയും പാനീയങ്ങളും ചെരുപ്പും വിതരണം ചെയ്തത് വലിയ സഹായമായി. അസീസിയ്യയില്‍ നിന്ന് ഇന്ത്യന്‍ ഹാജിമാരെ എത്തിക്കുന്നതിനും ഹറമില്‍ നിന്നുള്ള മടക്കയാത്രക്കും മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, കെ.എം.സി.സി, ആര്‍.എസ്.സി, ഫ്രറ്റേണിറ്റി ഫോറം, തനിമ വളണ്ടിയര്‍മാര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. രാത്രി വരെ ഹറമില്‍ കഴിച്ചു കൂട്ടുന്നതിനുള്ള സംവിധാനവുമായാണ് പലരും എത്തിയത്. വെയിലിന്‍െറ ക്ഷീണത്തിലും ഹജ്ജ് ദിനമടുത്തതിന്‍െറ ആവേശത്തിലായിരുന്നു പ്രായഭേദമെന്യേ ഹാജിമാര്‍. വെള്ളിയാഴ്ച ജുമുഅക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ഫലപ്രദമായിരുന്നുവെന്നും സമാധാനപരവും ആശ്വാസകരവുമായ രീതിയില്‍ അത് പര്യവസാനിച്ചെന്നും മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ട്രാഫിക് നിയന്ത്രണത്തിന്‍െറ ഭാഗമായി അസീസിയ്യയില്‍ നിന്ന് ഹറമിലേക്കുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ ബസ് യാത്ര ഇന്നലെ അവസാനിച്ചു. ഇനി ഹജ്ജ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഈ മാസം 29 നേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. ഈ സമയത്ത് ടാക്സി കാറുകളും വാടകവാഹനങ്ങളുമായിരിക്കും ഹാജിമാര്‍ക്ക് ആശ്രയം. 
ദുല്‍ഹജ്ജ് അഞ്ചിലേക്ക് കടന്നതോടെ അവസാനത്തെ ഒരുക്കത്തിന്‍െറ മുറുക്കത്തിലാണ് സൗദി ഗവണ്‍മെന്‍റിന്‍െറ വിവിധ വകുപ്പുകള്‍. വെള്ളിയാഴ്ച ഹറമിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് സൗദി സുരക്ഷാസേന മേധാവി ഉസ്മാന്‍ അല്‍ മുഹ്റജ് നേരിട്ടത്തെി മേല്‍നോട്ടം വഹിച്ചു. വിവിധ വകുപ്പുകള്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രഖ്യാപനം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 13,19,384 തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നതായി സൗദി അധികൃതര്‍ അറിയിച്ചു. 13 ലക്ഷത്തോളം വിമാനം വഴിയും 32,228 പേര്‍ കര മാര്‍ഗവും 12,923 പേര്‍ കപ്പല്‍ വഴിയുമാണ് എത്തിച്ചേര്‍ന്നത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.