സൗഹൃദം നങ്കൂരമിട്ട് ഇന്ത്യന്‍ പടക്കപ്പലുകള്‍ ജുബൈലില്‍

ദമ്മാം: സൈനിക സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന്‍െറ ഭാഗമായി ഇന്ത്യന്‍ പടക്കപ്പലുകള്‍ സൗദിയിലെ ജുബൈല്‍ നാവികാസ്ഥാനത്ത് നങ്കൂരമിട്ടു. ഉപരിതല മിസൈല്‍ തൊടുക്കുന്നതിനും ശത്രുവിന്‍െറ മിസൈലുകളെ പ്രതിരോധിക്കുന്നതിനും സംവിധാനമുള്ള ‘ഐ.എന്‍.എസ് ഡല്‍ഹി’, ‘ഐ.എന്‍.എസ് തൃശൂല്‍’ എന്നീ കപ്പലുകളാണ് ജുബൈലില്‍ എത്തിയിരിക്കുന്നത്. ക്യാപ്റ്റന്മാരായ കാര്‍ത്തിക് കൃഷ്ണന്‍, മനീഷ് മിശ്ര എന്നിവരുടെ നേതൃത്വത്തില്‍ 500 ഓളം നാവികരാണ് ഇരു കപ്പലുകളിലുമായി സേവനത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം അന്നത്തെ കിരീടാവകാശിയായിരുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഇന്ത്യ സന്ദര്‍ശിച്ച് സൈനിക സഹകരണത്തിനുള്ള ധാരണ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ഇതിന്‍െറ ഭാഗമായി ഇരു രാജ്യങ്ങള്‍ക്കിടയിലും സൈനിക പരിശീലനവും സഹകരണവും പൂര്‍വാധികം ശക്തിപ്പെട്ടിട്ടുണ്ടെന്ന് ഡിഫന്‍സ് അറ്റാഷെ കേണല്‍ ഗുര്‍പാല്‍ സിങ് പറഞ്ഞു.
കപ്പലിനകത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഇന്ത്യന്‍ പടക്കപ്പല്‍ ജിദ്ദയിലും യുദ്ധവിമാനങ്ങള്‍ ത്വായിഫിലും സന്ദര്‍ശനം നടത്തിയത് സല്‍മാന്‍ രാജാവ് ഒപ്പുവെച്ച ധാരണ പത്രത്തിന്‍െറ ഭാഗാമായിരന്നുവെന്ന് ഗുര്‍പാല്‍ സിങ് പറഞ്ഞു. ഇതിന്‍െറ തുടര്‍ച്ചയായാണ് നാവിക സേന ജുബൈലില്‍ എത്തിയിരിക്കുന്നത്. സൗദി സേനാംഗങ്ങള്‍ ഇന്ത്യയിലെ വിവിധ പ്രതിരോധ സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 10നാണ് കപ്പലുകള്‍ ജുബൈലിലത്തെിയത്. ദുബൈ സന്ദര്‍ശിച്ചതിന് ശേഷമാണ് സേന സൗദിയിലത്തെിയിരിക്കുന്നത്. ഇവിടെ നിന്ന് സെപ്റ്റംബര്‍ 13ന് ഖത്തറിലേക്ക് തിരിക്കും. സൗദി നാവിക സേനയുമായി വിവിധ സൈനിക പരിശീലന പരിപാടികളാണ് നടന്നു വരുന്നത്. ബഹ്റൈനില്‍ നാവിക സേനയുടെ രണ്ടു കപ്പലുകള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ നാലു കപ്പലുകളും ഒമാനിലെ മസ്കത്ത് തീരത്ത് ഒന്നിച്ചു ചേരും. അവിടെ നിന്ന് ഒമാന്‍ നാവിക സേനയുമായി പരിശീലനത്തിലേര്‍പ്പെട്ടതിന് ശേഷം സെപ്റ്റംബര്‍ 25ന് മുംബൈയിലേക്ക് തിരിക്കും. ചെന്നൈ സ്വദേശിയായ കാര്‍ത്തിക് മിശ്ര ഒരു വര്‍ഷമായി ഐ.എന്‍.എസ് ഡല്‍ഹിയില്‍ ക്യാപ്റ്റനായി സേവനമനുഷ്ടിക്കുന്നു. സൗദിയുമായി മികച്ച സൈനിക വ്യാപാര സഹകരണമാണ് ഇന്ത്യക്കുള്ളതെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ആശയ വിനിമയവും വ്യാപാര ബന്ധങ്ങളും ഊഷ്മളമാണെന്നും കാര്‍ത്തിക് മിശ്ര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നീണ്ട 22 വര്‍ഷമായി സേനയുടെ ഭാഗമാണെന്നും രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം വിശാഖപട്ടണത്ത് നിരവധി രാജ്യങ്ങള്‍ പങ്കെടുക്കുന്ന സൈനി പരിശീലനത്തിലും മത്സര പരിപാടികളിലും സൗദി സംഘം പങ്കെടുക്കുമെന്നും കാര്‍ത്തിക് മിശ്ര അറിയിച്ചു. കിഴക്കന്‍ പ്രവിശ്യ നാവിക മേധാവി റിയര്‍ അഡ്മിറല്‍ സാലിഹിന്‍െറ നേതൃത്വത്തില്‍ സൗദി നാവിക സേനാംഗങ്ങളും ഇന്ത്യന്‍ അംബാസഡറുടെ ചുമതല വഹിക്കുന്ന ഡി.സി.എം ഹേമന്ദ് കൊട്ടല്‍വാറിന്‍െറ നേതൃത്വത്തില്‍ എംബസി ഉദ്യോഗസ്ഥ സംഘവും പ്രവിശ്യയിലെ പ്രമുഖരും കപ്പലില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു.  നാവിക സേനാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.