25 ലക്ഷം സിറിയക്കാര്‍ക്ക് സൗദി ആതിഥ്യമരുളി

റിയാദ്: ആഭ്യന്തര പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതരായ 25 ലക്ഷം സിറിയക്കാര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൗദി അറേബ്യ അഭയം നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുടിയേറിയ സിറിയക്കാര്‍ പ്രത്യേക ക്യാമ്പുകളില്‍ അഭയാര്‍ഥികളായല്ല കഴിയുന്നത്. ഇവര്‍ക്ക് രാജ്യത്ത് തങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും തൊഴിലെടുക്കുന്നതിനുമുള്ള താമസ രേഖകള്‍ ഉള്‍പ്പെടെ മറ്റ് വിദേശികളുടെ മുഴുവന്‍ സൗകര്യങ്ങളും നല്‍കിയെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.  സിറിയന്‍ ജനതക്ക് സഹായം എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ളെന്ന് ചൂണ്ടിക്കാട്ടുന്ന പ്രസ്താവനയില്‍ മാധ്യമ ശ്രദ്ധ നേടുന്നതിനപ്പുറം മനുഷ്യത്വപരമായ സമീപനമാണ് സിറിയന്‍ അഭയാര്‍ഥികളോട് പോയ കാലങ്ങളില്‍ സ്വീകരിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. 2012ലെ രാജ വിജ്ഞാപനത്തിലൂടെ സിറിയന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വദേശി സ്കൂളുകളില്‍ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്.
പബ്ളിക് സ്കൂളുകളില്‍ ഒരു ലക്ഷത്തോളം സിറിയന്‍ വിദ്യാര്‍ഥികളാണ് സൗജന്യ സൗകര്യം ഉപയോഗപ്പെടുത്തി പഠിക്കുന്നത്. കുടിയേറിയ സിറിയന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയും സൗജന്യമാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യാനുള്ള അനുമതി നല്‍കിയതിന് പുറമെ  തൊഴില്‍ പരിശോധനയില്‍ ഇളവ് നല്‍കിയും ഉദാരത കാണിച്ചതായി സിറിയന്‍ പൗരന്‍മാരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 700 ദശലക്ഷം ഡോളറിന്‍െറ സാമ്പത്തിക സഹായമാണ് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദി നല്‍കിയത്. ജോര്‍ഡന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ മരുന്ന്, ഭക്ഷണം, ചികിത്സ, വസ്ത്രം എന്നിവ എത്തിക്കാനും സൗദി മുന്നിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.