കുടുംബത്തെ നാട്ടിലയച്ച ശേഷം കാണാതായ മലയാളിയെ കുറിച്ച് വിവരമില്ല

റിയാദ്: ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ നാട്ടിലേക്ക് കയറ്റിവിട്ട ശേഷം മലയാളി യുവാവിനെ റിയാദില്‍ കാണാതായി. റിയാദില്‍ പത്തുവര്‍ഷമായി ജോലി ചെയ്തിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്ലത്തീഫിനെ കുറിച്ചാണ് രണ്ടുവര്‍ഷമായി വിവരമില്ലാതായത്. നാല്‍പതുകാരനായ ഇദ്ദേഹം ഭാര്യ സൈഫുന്നിസക്കും രണ്ട് പെണ്‍മക്കളോടുമൊപ്പം റിയാദിലെ മുര്‍സലാത്തിലാണ് താമസിച്ചിരുന്നത്. 
2013 ജനുവരിയില്‍ അപ്രതീക്ഷിതമായി കുടുംബത്തെ നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. നാട്ടിലത്തെിയ ശേഷം ഭാര്യ വിളിച്ചപ്പോള്‍ ഇനി ഈ നമ്പറിലേക്ക് വിളക്കരുതെന്നും പുതിയ നമ്പര്‍ വിളിച്ചുപറഞ്ഞുതരാമെന്നും പറഞ്ഞ ശേഷം ഒരു വിവരവുമില്ലാതാവുകയായിരുന്നത്രെ. വരുമെന്ന പ്രതീക്ഷയില്‍ ഇത്രയും നാളും കാത്തിരുന്ന കുടുംബം പരാതിയുമായി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 
റിയാദില്‍ ആദ്യം ഹാര്‍ഡ് വെയര്‍ ഷോപ് നടത്തിയിരുന്ന അബ്ദുല്ലത്തീഫ് അതു നിറുത്തി പിന്നീട് കണ്ണട കട തുടങ്ങി. അവസാന കാലത്ത് പലിശക്കെണിയില്‍ കുടുങ്ങി വലിയ കടബാധ്യതകളില്‍ പെട്ടിരുന്നതായി പറയുന്നു. 
നല്ലനിലയില്‍ കഴിഞ്ഞിരുന്നപ്പോഴാണ് ഭാര്യയേയും മക്കളേയും റിയാദില്‍ കൊണ്ടുവന്നത്. സന്തോഷകരമായി കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് കുടുംബത്തോട് നാട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടത്. 
സാമ്പത്തിക പ്രതിസന്ധിയിലായി തുടങ്ങിയപ്പോള്‍ അത് ഭാര്യയോട് പറയാറുണ്ടായിരുന്നത്രെ. 
കുടുംബം റിയാദിലത്തെി രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന സമയത്താണ് അബ്ദുല്ലത്തീഫ് ഇല്ലാതിരുന്ന സമയത്ത് ഒരു മലയാളി വന്ന് ഈ ഫ്ളാറ്റ് തനിക്ക് വിറ്റെന്നും നിങ്ങള്‍ ഒഴിയാത്തത് എന്താണെന്നും സൈഫുന്നിസയോട് ചോദിച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ ഫ്ളാറ്റ് കൊടുത്തെന്നും നിങ്ങള്‍ നാട്ടിലേക്ക് മടങ്ങണമെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചിട്ട് തിരിച്ചുവരാമെന്നും അബ്ദുല്ലത്തീഫ് പറയുകയായിരുന്നു.  
പിറ്റേന്നാണ് പുറത്തുപോയ ശേഷം സുഹൃത്തുവശം വിമാന ടിക്കറ്റ് കൊടുത്തുവിട്ടത്. ആ സുഹൃത്ത് തന്നെയാണ് കുടുംബത്തെ നാട്ടിലേക്ക് കയറ്റിവിട്ടതും. 
നാട്ടിലത്തെിയ ശേഷം സൈഫുന്നിസ ഭര്‍ത്താവിനെ വിളിച്ചു. അപ്പോഴാണ് ഫോണ്‍ നമ്പര്‍ മാറിയ കാര്യം പറഞ്ഞത്. അന്ന് ഫോണ്‍ വച്ച ശേഷം പിന്നീട് വിളിച്ചിട്ടില്ല. തിരികെ വിളിച്ചിട്ട് കിട്ടിയിട്ടുമില്ല. അതിനുശേഷം വ്യാപകമായി അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ മൂത്ത മകളും മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയായ ഇളയ മകളും ഉപ്പ വരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും. 
ഭാര്യാപിതാവ് ശറഫുദ്ദീന്‍െറ നേതൃത്വത്തില്‍ സ്ഥലം എം.എല്‍.എ മുഖാന്തരം ഒൗദ്യോഗിക തലത്തില്‍ അന്വേഷണം നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 
നോര്‍ക മുഖേന റിയാദിലെ ഇന്ത്യന്‍ എംബസിക്കും അടുത്ത ദിവസം പരാതി നല്‍കും. റിയാദിലെ സാമൂഹിക പ്രവര്‍ത്തകര്‍ വഴിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.