​സൗദിയില്‍ വന്‍കിട നിക്ഷേപത്തിന് സല്‍മാന്‍ രാജാവിന്‍െറ ക്ഷണം

വാഷിങ്ടണ്‍: സൗദിയിലെ പുതിയ വാണിജ്യസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സ്വദേശി നിക്ഷേപകര്‍ക്കും വന്‍കിട വിദേശ കമ്പനികള്‍ക്കും സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ക്ഷണം. യു.എസ് പര്യടനത്തിന്‍െറ ഭാഗമായി സൗദി വാണിജ്യമണ്ഡലം വിളിച്ചുചേര്‍ത്ത ആഗോളകമ്പനി തലവന്മാരുടെയും സ്വദേശി വ്യവസായ പ്രമുഖരുടെയും അത്താഴവിരുന്നിലാണ് വിദേശനിക്ഷേപത്തിന് വാതിലുകള്‍ തുറന്നുള്ള രാജാവിന്‍െറ പ്രഖ്യാപനം. രാജ്യത്ത് ഒട്ടേറെ പ്രകൃതിവിഭവങ്ങള്‍ ഇനിയും ഉപയോഗപ്പെടുത്താനുള്ള അവസരം തുറന്നുകിടപ്പാണെന്നും ഇക്കാര്യത്തില്‍ വന്‍കിട നിക്ഷേപം സൗദി സ്വാഗതം ചെയ്യുന്നുവെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ഊര്‍ജം, ഖനിജ, ഭൂഗര്‍ഭ വിഭവങ്ങള്‍ തുടങ്ങി വ്യവസായ വാണിജ്യമേഖലകളില്‍ വരെ സൗദിയിലെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ചു. 
രാജ്യത്തിന്‍െറ വികസനത്തില്‍ സ്വകാര്യമേഖലയുടെ പൂര്‍ണപങ്കാളിത്തം സൗദി ഉറപ്പുവരുത്തുണ്ട്. രാഷ്ട്രപുരോഗതിയില്‍ സ്വകാര്യ മേഖല നല്‍കുന്ന സംഭാവന അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. സൗദി വിപണിയില്‍ നേരിട്ട് ഇടപെടുന്നതിനുള്ള പ്രതിബന്ധങ്ങളൊഴിവാക്കാനും നിക്ഷേപപദ്ധതികള്‍ സുഗമമാക്കാനുമുള്ള പരിപാടികള്‍ ആവിഷ്കരിക്കാന്‍ വ്യാപാരവാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സുസ്ഥിരവും സന്തുലിതവുമായ വികസനരീതിയാണ് സൗദി ആഗ്രഹിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കം തുടരും. പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രതിസന്ധികളെയും പുതിയ സാമ്പത്തിക സാഹചര്യങ്ങളെയും നേരിടാന്‍ സൗദി പ്രതിജ്ഞാബദ്ധമാണ്. എണ്ണ വിലയിടിവ് സമ്പദ്ഘടനക്കു നേരെ ഉയര്‍ത്തുന്ന ഭീഷണി നേരിടേണ്ടതുണ്ട്. 
ലോകത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ എണ്ണ വലിയ പങ്കു വഹിക്കുന്നുണ്ട്. ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമെന്ന നിലയില്‍ ഇക്കാര്യത്തില്‍ സൗദിക്ക് കൂടുതല്‍ ചെയ്യാനുണ്ട്. ഉപഭോക്താക്കളുടെയും ഉല്‍പാദകരുടെയും താല്‍പര്യങ്ങള്‍ ഒരേ സമയം പരിഗണിക്കുന്ന ആഗോള സമ്പദ്ഘടനയുടെ സ്ഥിരമായ വളര്‍ച്ചയാണ് സൗദിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 
സൗദിയും അമേരിക്കയുമായുള്ള ചരിത്രപരമായ നയതന്ത്രബന്ധത്തിന് രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍അസീസ് രാജാവിന്‍െറയും അന്തരിച്ച പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റിന്‍െറയും കാലത്തോളം പഴക്കമുണ്ട്. പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതക്കും കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി ഇരുരാജ്യങ്ങളും തോളോടു തോള്‍ ചേര്‍ന്നു നീങ്ങുന്നു. എല്ലാ രംഗത്തും ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതല്‍ വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ ആരായുന്നതാണ് തന്‍െറ സന്ദര്‍ശനം. ഒട്ടു മിക്ക കാര്യങ്ങളിലും ഇരുരാജ്യങ്ങള്‍ക്കും പൂര്‍ണ യോജിപ്പാണുള്ളതെന്ന് ചര്‍ച്ചയില്‍ വ്യക്തമായത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് രാജാവ് പറഞ്ഞു. 
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകര്‍ അമേരിക്കക്കാരാണെന്നും വരുന്ന പതിറ്റാണ്ടുകളില്‍ കൂടുതല്‍ ബിസിനസ് ബന്ധങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.