റിയാദ്: രാജ്യത്തിന്‍െറ ഭരണഭാരം ഏറ്റെടുത്ത തനിക്കും കിരീടാവകാശിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരായ ഏത് കാതലായ വിമര്‍ശവും സ്വാഗതം ചെയ്യുമെന്നും തുറന്ന മനസ്സോടെ രാജ്യത്തിനു മുഴൂവന്‍ ചെവികൊടുക്കുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. സൗദിയിലെ ദേശീയമാധ്യമങ്ങളുടെ പത്രാധിപന്മാരുമായുള്ള ആശയസംവാദത്തിലാണ് രാജാവ് മനസ്സു തുറന്നത്. ‘‘എന്‍െറ ന്യൂനതകള്‍ മാധ്യമങ്ങളില്‍ എഴുതുന്നവര്‍ എഴുതട്ടെ. മര്‍മപ്രധാനമായ ഏതു വിമര്‍ശത്തെയും സ്വാഗതം ചെയ്യും. എന്‍െറ ഫോണും കാതുകളും രാജസദസ്സും എപ്പോഴും തുറന്നിരിക്കും’’- രാജാവ് വ്യക്തമാക്കി. രാജ്യം നിലനില്‍ക്കുന്ന ഖുര്‍ആന്‍െറയും പ്രവാചകചര്യയുടെയും വീഥിയിലാണ് മാധ്യമങ്ങളും സഞ്ചരിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്ലാമിന്‍െറയും മുസ്ലിംകളുടെയും രാജ്യത്താണ് നമ്മള്‍. മുസ്ലിംകളുടെ ഖിബ്ലയാണിവിടം. അതിനാല്‍ ഈ രാജ്യം നിലനില്‍ക്കുന്ന ഖുര്‍ആന്‍െറയും പ്രവാചകചര്യയുടെയും വീഥിയിലാണ് മാധ്യമങ്ങളും നീങ്ങേണ്ടത്. എല്ലാ മുസ്ലിംകളും അഞ്ചുനേരം തിരിഞ്ഞു നില്‍ക്കുന്നത് ദിവ്യവെളിപാടിറങ്ങിയ ഇടവും പ്രവാചകത്വത്തിന്‍െറ പ്രഭവകേന്ദ്രവും നബിയുടെ നഗരവുമായിരുന്ന മക്കയുടെ നേര്‍ക്കാണ്. രാജ്യത്തിന്‍െറ ഈ പ്രാധാന്യം പൂര്‍ണമായും സാംസ്കാരികനായകന്മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍ക്കൊള്ളണമെന്ന് സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. ഖുര്‍ആന്‍ അവതരിച്ചത് അറബിയായ പ്രവാചകന് അറബിമണ്ണില്‍ അറബിഭാഷയിലാണ് എന്നതു മതി അറബികള്‍ക്ക് അഭിമാനിക്കാന്‍. ഇത് ഒരു വലിയ അനുഗ്രഹം മാത്രമല്ല, ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ്. നമ്മുടെ യുവതീയുവാക്കളെ അവരുടെ ദേശത്തിന്‍െറ ഈ പാരമ്പര്യം പറഞ്ഞു വേണം നമ്മള്‍ വളര്‍ത്തിയെടുക്കാനെന്ന് അദ്ദേഹം ഉണര്‍ത്തി.
ഈ രാജ്യത്ത് നാം സമാധാനവും സ്ഥിരതയും അനുഭവിക്കുന്നുണ്ട്. അല്ലാഹുവിന് സ്തുതി, ഹാജിമാരും ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും മക്കയില്‍ നിന്ന് മദീനയിലോളം മനസ്സമാധാനത്തോടെയാണ് സഞ്ചരിക്കുന്നത്. ചെങ്കടല്‍ തൊട്ട് ഗള്‍ഫ് ഉള്‍ക്കടലോളവും തെക്കു നിന്നു വടക്കു വരെയും സഞ്ചരിക്കുന്നവരും ഇത് അനുഭവിക്കുന്നുണ്ട്. ഈ അനുഗ്രഹത്തിന് അല്ലാഹുവിന് നന്ദി പറയണം. ഈ രാജ്യം അബ്ദുല്‍അസീസ് രാജാവ് സ്ഥാപിച്ചതും മക്കളായ സുഊദും ഫൈസലും ഖാലിദും ഫഹദും അബ്ദുല്ലയും കൊണ്ടു നടന്നതും ഖുര്‍ആനെയും പ്രവാചകചര്യയെയും അടിസ്ഥാനമാക്കിയായിരുന്നു എന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് രാജാവ് ചൂണ്ടിക്കാട്ടി.
സൗദിയിലെ മാധ്യമലോകവും കലാ സാഹിത്യ സാംസ്കാരികലോകവും ദേശീയ ഐക്യത്തിനും തീവ്രവാദ ഭീകരചിന്താഗതികള്‍ക്കെതിരെയും നിലകൊള്ളുമെന്ന് സാംസ്കാരിക മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു. സൗദി എന്നും ലോകത്തെ ഇതര ജനവിഭാഗങ്ങളും നാഗരികതകളുമായി സംവാദത്തിന്‍െറ മാതൃകാപരമായ ബന്ധമാണ് സൗദി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗദി പത്രങ്ങളുടെ മേധാവികള്‍ പരിപാടിയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.