ജിദ്ദ: സൗദിയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യപരിരക്ഷയും പരിശോധിക്കാനായി വിദഗ്ധര്‍ അടങ്ങുന്ന പരിശോധകസംഘത്തെ നിയോഗിക്കുമെന്ന് തൊഴില്‍മന്ത്രാലയത്തിലെ പരിശോധനവിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അബൂസുനൈന്‍ അറിയിച്ചു. സൗദി തൊഴില്‍ മന്ത്രാലയവും ‘ഗോസി’ യും സംയുക്തമായാണ് പരിശോധനവിഭാഗത്തിന് രൂപം നല്‍കുന്നത്. ഇരുസ്ഥാപനങ്ങളില്‍ നിന്നും രണ്ടുവീതം വിദഗ്ധ എന്‍ജിനീയര്‍മാര്‍, സ്പെഷലിസ്റ്റുകള്‍ എന്നീ പ്രഗല്‍ഭര്‍ അടങ്ങിയതായിരിക്കും പുതിയ പരിശോധനസമിതി. സ്ഥാപനങ്ങളില്‍ തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യ സുരക്ഷനിയമങ്ങളും നടപ്പാക്കുക, അപകടരഹിതവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ലഭ്യമാക്കുക എന്നിവ ഉറപ്പുവരുത്തുകയാണ് പരിശോധനസമിതിയുടെ മുഖ്യലക്ഷ്യം. സൗദിയിലെ പ്രമുഖ നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായിരിക്കും പരിശോധകസംഘം പ്രഥമഘട്ട സന്ദര്‍ശനം നടത്തുന്നത്. തൊഴില്‍സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് മന്ത്രാലയം നിശ്ചയിച്ച നിയമങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി രാജ്യത്തെ തൊഴില്‍ശാലകളില്‍ ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. അബ്ദുല്ല അബൂസുനൈന്‍ പറഞ്ഞു. തൊഴില്‍ശാലകളില്‍ അപകടസാധ്യതയില്ലാതാക്കാന്‍ ഇതുമൂലം സാധിക്കും. തൊഴില്‍ നിയമം ഖണ്ഡിക 204 പ്രകാരം തൊഴില്‍ സുരക്ഷ പരിശോധനക്കായി ആവശ്യാനുസരണം ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കെമിസ്റ്റുകള്‍ തുടങ്ങി മറ്റു വിദഗ്ധരെ നിയോഗിക്കാമെന്നും അബൂസുനൈന്‍ പറഞ്ഞു. തൊഴില്‍ രംഗത്ത് നിയമലംഘനങ്ങള്‍ അനുവദിക്കുകയില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കും. നിയമ സുരക്ഷ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഈ മാസാദ്യം മുതല്‍ പുതിയ നിയമപ്രകാരമുള്ള ശിക്ഷ രീതികള്‍ നടപ്പാക്കി തുടങ്ങിയതായും നിയമ ലംഘനത്തിന്‍െറ തോതനുസരിച്ച് 25 ആയിരം റിയാല്‍വരെ ശിക്ഷ ലഭിക്കാമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.