രാജ്യത്ത് എണ്ണവില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ –നഈമി

റിയാദ്: ആഭ്യന്തര വിപണിയിലെ എണ്ണവില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പഠനം പുരോഗമിക്കുകയാണെന്ന് പെട്രോളിയം മന്ത്രി അലി അല്‍ നഈമി. രാജ്യത്തെ വിശാലമായ സബ്സിഡി സമ്പ്രദായത്തില്‍ പുനഃപരിശോധന നടത്തുമെന്ന സൂചനയാണ് റിയാദില്‍ ചൊവ്വാഴ്ച നടന്ന മൈനിങ് കോണ്‍ഫറന്‍സിനിടെ നഈമി നല്‍കിയത്. സമീപഭാവിയില്‍ ആഭ്യന്തര എണ്ണ വിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അത് സംബന്ധിച്ച് പഠനം നടത്തുന്നുണ്ടോ എന്നാണ് നിങ്ങള്‍ ചോദിക്കുന്നത്. അതെ എന്നാണ് അതിന്‍െറ ഉത്തരം’. ഇതാദ്യമായാണ് മുതിര്‍ന്ന ഒരു സര്‍ക്കാര്‍ പ്രതിനിധി സബ്സിഡിയുടെ കാര്യത്തില്‍ പഠനം നടക്കുന്നുവെന്ന കാര്യം സ്ഥിരീകരിക്കുന്നത്. ഗാസോലിന്‍, പെട്രോള്‍, പാചക വാതകം എന്നിവ വന്‍ തോതിലുള്ള സര്‍ക്കാര്‍ സബ്സിഡിക്ക് ശേഷം ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ വിലയിലാണ് സൗദി അറേബ്യയിലെ ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്യുന്നത്. ചെറിയ തോതില്‍ സബ്സിഡി കുറച്ചാല്‍ പോലും കോടിക്കണക്കിന് റിയാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം ലാഭിക്കാന്‍ കഴിയും. കുറഞ്ഞതോതില്‍ വളരെ കരുതലോടെ മാത്രമേ അത് നടപ്പിലാക്കുകയുള്ളു. സബ്സിഡി സംബന്ധിച്ച ഏതു തീരുമാനത്തിനും രാജാവിന്‍െറയും പരമോന്നത നിയമനിര്‍മാണ സഭകളുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. 
പെട്രോളിയത്തിനും പ്രകൃതി വാതകത്തിനുമായി സൗദി അറേബ്യ പ്രതിവര്‍ഷം 107 ശതകോടി ഡോളര്‍ സബ്സിഡിയായി ചെലവഴിക്കുന്നുവെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൂട്ടല്‍. ആഭ്യന്തര വിപണയില്‍ എണ്ണയുടെ ആവശ്യകത വര്‍ഷാവര്‍ഷം 5.1 ശതമാനം വെച്ചാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ ജൂണില്‍ പ്രതിദിനം 2.98 ദശലക്ഷം ബാരല്‍ എന്ന റെക്കോഡിലും എത്തിയിരുന്നു. സൗദി അറേബ്യക്ക് മുമ്പ് കഴിഞ്ഞ ആഗസ്റ്റില്‍ യു.എ.ഇയും എണ്ണവില കൂട്ടിയിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.