ഇന്ത്യ -ഗള്‍ഫ് സ്വതന്ത്ര വ്യാപാരമേഖല ആരംഭിക്കാന്‍ ധാരണ

ജിദ്ദ: നാലാമത് ജി.സി.സി-ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ഫോറം അവസാനിച്ചു. ഇരുമേഖലകളും തമ്മില്‍ വാണിജ്യ ബന്ധത്തിനുള്ള പുതിയ സാധ്യതകള്‍ തുറന്നുകൊണ്ടാണ് റാബിഗിലെ കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയില്‍ രണ്ടുദിവസമായി തുടര്‍ന്ന ഫോറം കൊടിയിറങ്ങിയത്. ജി.സി.സി രാഷ്ട്രങ്ങള്‍ക്കും ഇന്ത്യക്കുമിടയില്‍ സ്വതന്ത്ര വ്യാപാര മേഖല ആരംഭിക്കുമെന്ന് സൗദി വാണിജ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ഫോറത്തില്‍ പ്രഖ്യാപിച്ചു. പുതിയ വ്യാപാര സാധ്യതകള്‍ കണ്ടത്തൊനും നടപടിക്രമങ്ങള്‍ അനായാസമാക്കാനും സ്വതന്ത്ര വ്യാപാര മേഖലയില്‍ അവസരമൊരുങ്ങും. വരും മാസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. ഇന്ത്യക്കും ജി.സി.സി രാജ്യങ്ങള്‍ക്കുമിടയില്‍ 2014ല്‍ മാത്രം 150 ശതകോടി ഡോളറിന്‍െറ വാണിജ്യം നടന്നിട്ടുണ്ടെന്ന് ഫോറത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 95 ശതകോടി ഡോളറിന്‍െറ സാധനങ്ങള്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തു. 
ഇന്ത്യയില്‍ നിന്ന് 55 ശതകോടി ഡോളറിന്‍െറ വാണിജ്യ ഉത്പന്നങ്ങളാണ് ജി.സി.സി രാഷ്ട്രങ്ങളിലേക്ക് കയറ്റി അയച്ചത്. സൗദിക്കും ഇന്ത്യക്കുമിടക്ക് മാത്രം 40 ശതകോടി ഡോളറിന്‍െറ വാണിജ്യം നടന്നിട്ടുണ്ട്. 33 ശതകോടി ഡോളറിന്‍െറ സാധനങ്ങള്‍ ഇന്ത്യയും ഏഴു ശതകോടിയുടെ വസ്തുക്കള്‍ സൗദിയും ഇറക്കുമതി ചെയ്തു. 
ഇത്രയും വിപുലമായ വാണിജ്യ ബന്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യക്കുമിടക്ക് സ്വതന്ത്ര വ്യാപാര മേഖല തുറക്കുന്നത് പ്രസക്തമായിരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രി ചൂണ്ടിക്കാട്ടി. വാണിജ്യത്തിന് പുറമെ സംസ്കാരം, വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍ മേഖലയിലും സഹകരണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.