മഴ: സല്‍മാന്‍ രാജാവിന് റിപ്പോര്‍ട്ട്  സമര്‍പ്പിക്കുമെന്ന് മക്ക ഗവര്‍ണര്‍ 

ജിദ്ദ: ജിദ്ദയിലെ മഴ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സല്‍മാന്‍ രാജാവിന് സമര്‍പ്പിക്കുമെന്ന് മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. മഴക്കെടുതിയുടെ വിശദാംശങ്ങള്‍ രാജാവ് ആരാഞ്ഞിരുന്നു. മഴവെള്ളം തിരിച്ചുവിടാന്‍ ഉണ്ടാക്കിയ ചില കനാലുകള്‍ അടഞ്ഞുകിടന്നതായും വൈദ്യുതി തകരാറ് കാരണമാണ് തുരങ്കങ്ങളില്‍ വെള്ളം നിറഞ്ഞതെന്നും പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പുറത്ത് നിന്ന് പട്ടണത്തിലേക്ക് മഴവെള്ളം ഒലിച്ചുവന്നിട്ടില്ല. ഗവര്‍ണറേറ്റിന്‍െറ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിജയമാണിതെന്നും മക്ക ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ അടിയന്തര ശുചീകരണ ജോലികളും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യലും പുരോഗമിക്കുകയാണ്. ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴില്‍ 1,600 തൊഴിലാളികളാണ് രംഗത്തുള്ളത്. നിരത്തുകളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും കെട്ടിനില്‍ക്കുന്ന വെള്ളം പമ്പ് ചെയ്യാനും നിലംപൊത്തിയ മരങ്ങളും പരസ്യബോര്‍ഡുകളും എടുത്തുമാറ്റാനുമാണ് ഇത്രയും പേരെ നിയോഗിച്ചത്. രണ്ട് ഷിഫ്റ്റുകളിലായാണ് ഇവര്‍ പണിയെടുക്കുന്നതെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ബുഖമി പറഞ്ഞു. 14 മുനിസിപ്പല്‍ ബ്രാഞ്ച് ഓഫീസുകള്‍ക്കും 11 സേവന കേന്ദ്രങ്ങള്‍ക്കും കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഓവുചാലുകളിലേക്ക് തിരിച്ചുവിട്ടും ടാങ്കള്‍ ലോറികളില്‍ പമ്പ് ചെയ്തുമാണ് വെള്ളം നീക്കം ചെയ്യുന്നത്. പ്രധാന റോഡുകളിലെ വെള്ളം 24 മണിക്കൂറിനുള്ളിലും ഇടറോഡുകളിലേത് 48 മണിക്കൂറിനുള്ളിലും നീക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.