വിനോദ മേഖലയിലും  സ്വദേശിവത്കരണം ശക്തിപ്പെടുത്തും 

റിയാദ്: എന്‍ജിനീയറിങ് മേഖലക്ക് പിറകെ വിനോദ സഞ്ചാര രംഗത്തും സ്വദേശിവത്കരണം ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നു. തൊഴില്‍ മന്ത്രി ഡോ. മുഫര്‍റിജ് അല്‍ഹഖബാനിയുടെ നേതൃത്വത്തില്‍ റിയാദില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ബാങ്കിങ് മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വദേശിവത്കരണം നിലനില്‍ക്കുന്നത് വിനോദ മേഖലയിലാണ്. ഇത് കൂടുതല്‍ ശക്തിപ്പെടുത്താനും സ്വദേശി യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിച്ച് തൊഴിലവസരങ്ങളില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുമാണ് ആലോചന.
 നിലവിലുള്ള വിനോദ സ്ഥലങ്ങളില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരികയെന്നതാണ് ആദ്യപടിയായി ചെയ്യാനുദ്ദേശിക്കുന്നത്. പുതിയ പദ്ധതികള്‍ വരുന്നത് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വിനോദ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് മറ്റൊരു പദ്ധതി. ഇത്തരം പദ്ധതികള്‍ വരുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളുണ്ടാകും. രാജ്യത്തേക്ക് വിദേശ നാണ്യമൊഴുകാനും ഇതിലൂടെ വഴി തുറന്നു കിട്ടും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇതര ശ്രോതസുകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മേഖലകൂടിയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. വിദേശികളെയും സ്വദേശികളെയും ആകര്‍ഷിക്കുന്ന രീതിയില്‍ വിനോദ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സൗദി ഭരണകൂടം വേഗം കൂട്ടിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായാണ് റിയാദില്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല സംഘം യോഗം ചേര്‍ന്നത്. തൊഴില്‍ മന്ത്രിക്ക് പുറമെ വിനോദ സഞ്ചാര വകുപ്പ് തലവന്മാരായ ഡോ. സാലിഹ് ബിന്‍ ഖാലിദ്, എന്‍ജിനീയര്‍ ഉസാമ ബിന്‍ ഖലവി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഈ മേഖലയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്ക് തൊഴില്‍ മന്ത്രാലയം രൂപം നല്‍കും. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി തൊഴില്‍ വകുപ്പ് അറിയിച്ചു. എന്‍ജിനീയറിങ് മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.