ജീവിത നിലവാരത്തില്‍ ലോക രാജ്യങ്ങളില്‍ സൗദി 39ാമത് 

റിയാദ്: പൗരന്മാരുടെ മികച്ച ജീവിത നിലവാരത്തിന്‍െറ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ സൗദിക്ക് 39ാം സ്ഥാനം. യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ പ്രോഗ്രാം (യു.എന്‍.ഡി.പി) പുറത്തിറക്കിയ 2015ലെ മനുഷ്യ വികസന സൂചികയിലാണ് ഇക്കാര്യം പറയുന്നത്. 
തൊഴില്‍, ജീവിത സാഹചര്യം, സുരക്ഷ, സാമ്പത്തിക ഭദ്രത, ആളോഹരി വരുമാനം തുടങ്ങിയവയെ അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് വികസന സൂചിക തയാറാക്കുന്നത്. 2015ലെ നിലവാരമനുസരിച്ച് ഏറ്റവും മികച്ച ജീവിത നിലവാരം നിലനില്‍ക്കുന്ന രാജ്യം നോര്‍വേയാണ്. ആസ്ത്രേലിയ, സ്വിറ്റ്സര്‍ലന്‍റ്, ഡെന്‍മാര്‍ക്, ഹോളണ്ട്, ജര്‍മനി, അയര്‍ലന്‍റ്, അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, സിങ്കപ്പൂര്‍ എന്നിങ്ങനെയാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഖത്തറാണ്. ലോക രാജ്യങ്ങളില്‍ 32ാം സ്ഥാനമാണ് ഖത്തറിനുള്ളത്. സൗദിക്ക് പിറകിലായി യു.എ.ഇ (41), ബഹ്റൈന്‍ (45), കുവൈത്ത്, ഒമാന്‍ (52) എന്നിവയുമുണ്ട്. മൊത്തം 188 രാജ്യങ്ങളുള്ള പട്ടികയില്‍ 130ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 
ആഭ്യന്തര യുദ്ധങ്ങളില്‍ പൊറുതിമുട്ടിയ ഇറാഖ്, ലിബിയ എന്നീ രാജ്യങ്ങളേക്കാള്‍ പിറകിലാണ് ഇന്ത്യ. മികച്ച സാമ്പത്തിക, സൈനിക ശക്തിയായി വളരുന്നുവെന്ന പ്രചാരണം നടക്കുന്നതിനിടയിലും ജീവിത നിലവാരത്തിന്‍െറ കാര്യത്തില്‍ ഇന്ത്യ ഒരുപാട് പിറകിലാണെന്ന വസ്തുതയാണ് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പട്ടികയില്‍ ബംഗ്ളാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെയാണ് ഇന്ത്യക്ക് പിറകിലുള്ളത്. 
എല്ലാ വര്‍ഷവും ഐക്യ രാഷ്ട്ര സഭ ജീവിത നിലവാര സൂചിക പുറത്തിറക്കാറുണ്ട്. അതത് രാജ്യങ്ങളിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി വിദഗ്ധരടങ്ങുന്ന സംഘമാണ് ഇത് തയാറാക്കുന്നത്. ഓരോ രാജ്യങ്ങളുടെയും ജീവിത നിലവാരത്തിന്‍െറ വ്യക്തമായ ചിത്രമാണ് യു.എന്‍.ഡി.പി സൂചിക നല്‍കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.