റിയാദ്: ആഗസ്റ്റ് 22ന് രാജ്യത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നഗര ഗ്രാമവികസനമന്ത്രാലയം പൂര്‍ത്തിയാക്കി വരുന്നു. തെരഞ്ഞെടുപ്പില്‍ പരമാവധിയാളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 22 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് രാജ്യത്തെ 284 കോര്‍പറേഷന്‍ - മുനിസിപ്പാലിറ്റികളിലേക്കായി 1263 പോളിങ് സ്റ്റേഷനുകളാണുള്ളത്. 3000 വോട്ടര്‍മാരാണ് ഓരോ കേന്ദ്രത്തിന്‍െറയും പരിധിയില്‍ വരുന്നത്. വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാനായി 16 കേന്ദ്രങ്ങളില്‍ നിരീക്ഷണ, നിര്‍വഹണ സമിതികള്‍ക്ക് രൂപം നല്‍കിയതായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നിര്‍വഹണസമിതി അധ്യക്ഷന്‍ എന്‍ജി. ജദീഅ് ബിന്‍ നഹാര്‍ അല്‍ഖഹ്താനി അറിയിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും കൃത്രിമങ്ങളും പരാതികളും ഒഴിവാക്കാനുമുള്ള പദ്ധതികള്‍ മന്ത്രാലയം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നിര്‍വാഹകസമിതിക്കു കീഴില്‍ മാധ്യമ, സാങ്കേതിക, സംഘാടകവിഭാഗങ്ങളിലായി പ്രത്യേക സമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ആക്കം കൂടുന്നതോടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്ന് മാധ്യമവിഭാഗം അധ്യക്ഷന്‍ ഹമദ് അല്‍ ഉമര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് പരമാവധി ജനപങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ബോധവത്കരണമാണ് പ്രചാരണപരിപാടി. സ്ഥാനാര്‍ഥികള്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മന്ത്രാലയം വിലക്കി. നഗരസഭകളുടെ ടെണ്ടര്‍ വിളിച്ചെടുത്തവരോ ഏതെങ്കിലും പദ്ധതികളില്‍ പങ്കാളിത്തമുള്ളവരോ ആയവര്‍ക്ക് സ്ഥാനാര്‍ഥിത്വം വിലക്കിയിട്ടുണ്ട്. ഇതനുസരിച്ച് നിലവിലെ സ്ഥാനാര്‍ഥി പട്ടിക പരിശോധന വിധേയമാക്കി വരികയാണ്.
തദ്ദേശഭരണ സ്ഥാപനങ്ങളെ ജനകീയ ഭരണസമിതികളെ ഏല്‍പിച്ചുകൊണ്ടുള്ള സുപ്രധാന ഭരണപരിഷ്കാരം നടപ്പായത് 2005ലാണ്. അതിനുശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ആദ്യ രണ്ട് ഘട്ടങ്ങളിലും സ്ത്രീകള്‍ക്ക് സ്ഥാനാര്‍ഥിത്വമോ വോട്ടോ അനുവദിച്ചിരുന്നില്ല. ഇത്തവണ രണ്ടുതരത്തിലുള്ള പങ്കാളിത്തവും അനുവദിച്ച് മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് വിജ്ഞാപനമിറക്കിയിരുന്നു. രാജ്യത്താകെ 1263 പോളിങ് ബൂത്തുകളാണുള്ളത്. എന്നാല്‍ 250 കേന്ദ്രങ്ങള്‍ കരുതലെന്ന നിലയില്‍ കൂടുതലായി ഒരുക്കും. അംഗീകൃത കേന്ദ്രങ്ങളില്‍ ഓരോന്നിലും പരമാവധി 3000 വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണുള്ളത്. ഇതില്‍ കൂടുതല്‍ വോട്ട് ഒരു പ്രദേശത്തുണ്ടായാല്‍ മറ്റൊരു കേന്ദ്രം കൂടി തുറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രാജ്യത്താകെ 752 കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളു. പുതുതായി 511 പോളിങ് ബൂത്തുകള്‍ കൂടിയാണ് അനുവദിച്ചത്. അഞ്ചുവര്‍ഷത്തിനിടെ മൊത്തം വോട്ടര്‍മാരിലുണ്ടായ വര്‍ധനയും സ്ത്രീകളുടെ പങ്കാളിത്തവും കണക്കിലെടുത്താണ് പുതിയ കേന്ദ്രങ്ങള്‍. 424 കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്.
റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, ജിദ്ദ എന്നീ പ്രവിശ്യ ഭരണസ്ഥാപനങ്ങളില്‍ 20 കൗണ്‍സിലര്‍മാരാണുണ്ടാവുക. ഓരോന്നിലും 20 പേരടങ്ങിയ ഭരണസമിതിക്കായിരിക്കും അധികാരം. ജനപ്രതിനിധികളില്‍ നിന്ന് 10 പേരെയും നഗര, ഗ്രാമ കാര്യ മന്ത്രാലയം നിയമിക്കുന്ന 10 സര്‍ക്കാര്‍ നോമിനികളേയും ചേര്‍ത്താണ് സമിതി രൂപവത്കരിക്കുക. അപ്പോള്‍ കൗണ്‍സിലില്‍ മൊത്തം 30 അംഗങ്ങളായി മാറും. ത്വാഇഫ്, അല്‍ഹസ എന്നിവിടങ്ങളില്‍ 16 വീതമാണ് തെരഞ്ഞെടുക്കുന്ന കൗണ്‍സിലര്‍മാരുടെ എണ്ണം. എട്ട് വീതം ജനപ്രതിനിധികളും മന്ത്രാലയ നോമിനികളും. മൊത്തം കൗണ്‍സിലര്‍മാരുടെ എണ്ണം അതോടെ 24 ആകും. മറ്റ് മുനിസിപ്പാലിറ്റികളില്‍ എണ്ണം ഇതില്‍ താഴെയാണ് . ‘എ’ വിഭാഗത്തില്‍ വരുന്ന മുനിസിപ്പാലിറ്റികളില്‍ സര്‍ക്കാര്‍ നോമിനികളടക്കം കൗണ്‍സിലര്‍മാര്‍ 18 ആണ്. ബി വിഭാഗത്തില്‍ 15, സി വിഭാഗത്തില്‍ 12, ഡി, എച്ച് വിഭാഗം മുനിസിപ്പാലിറ്റികളില്‍ ഒമ്പത് വീതവും.
പൗരന്മാര്‍ക്ക് കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ ലഭ്യമാക്കുന്ന പുതിയ പരിഷ്കരണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വരാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് എന്‍ജി. ജദീഅ് ബിന്‍ നഹാര്‍ അല്‍ഖഹ്താനി ആഹ്വാനം ചെയ്തു. തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികള്‍ക്ക് സാമ്പത്തിക, ഭരണനിര്‍വഹണതലങ്ങളില്‍ വിപുലമായ സ്വാതന്ത്ര്യവും ലക്ഷ്യമിടുന്നുണ്ട്. അതിനാല്‍ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കൈയാളുന്ന വേദിയെന്ന നിലയില്‍ അതിനെ ജനാധിപത്യവത്കരിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും വിജയിപ്പിച്ചെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.