ദോഹ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നടത്തിയ നയതന്ത്ര നീക്കങ്ങളിൽ ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങൾക്ക് നന്ദി അറിയിച്ച് പാകിസ്താൻ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. ഇറാൻ -യു.എസ് വെടിനിർത്തൽ യാഥാർത്ഥ്യമായതിന് പിന്നാലെ തന്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെലൂടെയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.
പാകിസ്താൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മധ്യസ്ഥതയിലാണ് വെടിനിർത്തൽ സംബന്ധിച്ച നിർണായക ചർച്ചകൾ നടന്നത്. ഖത്തർ, ചൈന, സൗദി അറേബ്യ, തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
"വെടിനിർത്തൽ സാധ്യമാക്കുന്നതിനും, നയതന്ത്ര ശ്രമങ്ങളിലൂടെ സംഘർഷത്തിന് സമഗ്രവും അന്തിമവുമായ പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിലും നൽകിയ പൂർണ്ണ പിന്തുണയ്ക്ക് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു." - ഷഹബാസ് ശരീഫ് കുറിച്ചു. നയതന്ത്ര പരിഹാരങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ ഒത്തൊരുമിച്ചു പ്രവർത്തിച്ച രാജ്യങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും ഈ കരാർ വലിയ ചുവടുവെപ്പാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയെ പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ ഫോണിൽ വിളിച്ച് മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. സംഭാഷണത്തിനിടെ, പാകിസ്താന്റെ നയതന്ത്ര ശ്രമങ്ങളെ ഖത്തർ വിദേശകാര്യ സഹമന്ത്രി അഭിന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.