പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും ഖത്തരി ഭരണകൂടത്തിന്റെ പ്രതിരോധവും മറ്റ് ഇടപെടലുകളും പങ്കുവെച്ച് സീഷോർ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദലി സെയ്തുകുഞ്ഞ് ഗൾഫ് മാധ്യമത്തോട് സംസാരിക്കുന്നു. പ്രവാസിയുടെ ആശങ്കയും പ്രതീക്ഷയും, ഖത്തറിനോടുള്ള സ്നേഹവും ഉത്തരവാദിത്തവും അദ്ദേഹം പങ്കുവെക്കുന്നു.
കഴിഞ്ഞ നാളുകളിൽ പശ്ചിമേഷ്യ സംഘർഷങ്ങൾ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. 40 ദിവസം നീണ്ടുന്നിന്ന യുദ്ധവും പ്രതിരോധവും, മധ്യസ്ഥ ചർച്ചകളും പിരിമുറുക്കങ്ങളും ലോക ജനതയെ, പ്രത്യേകിച്ച് പശ്ചിമേഷ്യൻ രാഷ്ട്രങ്ങളെ അസ്വസ്ഥമാക്കി. സംഘർഷം ഖത്തറിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ആശങ്ക സ്വാഭാവികമാണ്. അത് നമുക്ക് മാത്രമല്ല, ലോകം മുഴുവനുമുണ്ട്.
ഈ സന്ദർഭങ്ങളിൽ, നിരവധി മാധ്യമങ്ങൾ ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം വിവിധ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നമ്മെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഔദ്യോഗിക വാർത്താ ഉറവിടങ്ങളെ മാത്രം വിശ്വസിക്കുക എന്നത് പ്രധാനമാണ്.
നിലവിലെ സംഘർഷം എങ്ങോട്ടാണ് എന്നതിനെ കുറിച്ച് നമുക്ക് വലിയ ധാരണകളില്ല. എന്നാലും ഖത്തരി ഗവൺമെന്റ് നിർദേശങ്ങളും ഉപദേശങ്ങളും കൃത്യമായി നൽകുന്നുണ്ട്. ഇത് ആശ്വാസം നൽകുന്നതാണ്.
നിലവിലെ സംഘർഷങ്ങളുടെ ഭാവിയെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എങ്കിലും, ഇവിടുത്തെ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് പോംവഴി. കഴിഞ്ഞ ദിവസം പാകിസ്താനിൽ നടന്ന ചർച്ചകൾക്ക് മുമ്പ് വലിയൊരു മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നു. സീഷോർ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരെ കുറിച്ച്, അങ്ങനെ...
അയ്യായിരത്തോളം തൊഴിലാളികളാണ് സീഷോർ സംരംഭങ്ങൾക്കു കീഴിൽ പണിയെടുക്കുന്നത്. സീഷോർ അമരക്കാരനായതുകൊണ്ടു തന്നെ, ഉത്തരവാദിത്തം ചെറുതല്ല. അതുപോലെ ഈ രാജ്യത്തെ ഓരോ സന്ദർഭങ്ങളിലും നമ്മളും ഭാഗമാണ്...
കടലിൽ മീൻപിടുത്തം അടക്കം പല പ്രവർത്തനങ്ങളും നിർത്തിവെച്ചിരുന്നു. എന്നാൽ, പിന്നീട് സമുദ്രയാത്ര അടക്കം എല്ലാ സൗകര്യങ്ങളും ഘട്ടംഘട്ടമായി തുറന്നു നൽകി. ഈ ക്രമീകരണങ്ങളെല്ലാം പ്രതിസന്ധിയുടെ അവസാനമായി കണക്കുകൂട്ടാം എന്നാണ് എന്റെ പ്രതീക്ഷ.
മലയാളികളടക്കമുള്ള പ്രവാസി സമൂഹം ജോലിയെക്കുറിച്ചും ബിസിനസ് നിക്ഷേപങ്ങളെക്കുറിച്ചും വലിയ ആശങ്കകളിലാണ്. എന്നാൽ, ഇത്തരം സാമ്പത്തിക അനിശ്ചിതത്വങ്ങൾ പുതിയതല്ല. കോവിഡ് കാലത്തിന് മുമ്പും ശേഷവും ലോകം പലതവണ സാമ്പത്തിക മാന്ദ്യത്തെ നേരിട്ടിട്ടുണ്ട്. എണ്ണവിലയിലെ വ്യതിയാനങ്ങൾ അടക്കം മറ്റു പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുണ്ട്.
തുടർച്ചയായി വന്നുപോകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്തർ ഗവൺമെന്റും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും പ്രവാസികൾക്കും വ്യവസായ മേഖലക്കും വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ സമയത്ത് സർക്കാർ നൽകിയ സഹായങ്ങൾ വലിയ ഉദാഹരണമാണ്. ഇത്തരം സന്ദർഭങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നത് ഒന്നുമാത്രം; പ്രതിസന്ധികൾ ഉണ്ടാകാം, എന്നാൽ തളരാതെ മുന്നോട്ട് പോയാൽ ഖത്തർ എന്നും നമുക്ക് താങ്ങായിട്ടുണ്ടാകും എന്നതാണ്.
എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ മാനസികമായി തളരാതെ ഇരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. കുടുംബത്തെ കൂടെ താമസിപ്പിക്കുന്നവർ സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം. ജോലിയുള്ളവർ തുടരട്ടെ, എന്നാൽ അല്ലാത്തവരോട് നാട്ടിലേക്ക് മടങ്ങാൻ ഞാൻ നിർദേശിക്കാറുണ്ട്.
ഈ രാജ്യത്തോടുള്ള കടപ്പാട് വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരുന്നതല്ല. നമ്മുടെ നാട്ടിൽ പ്രളയം ഉണ്ടായപ്പോഴും മറ്റ് സന്ദർഭങ്ങളിലും ഈ ഗവൺമെന്റ് നമ്മളെ ചേർത്ത് പിടിച്ചിട്ടുണ്ട്. നമ്മുടെ കേരളക്കാരെ പ്രത്യേകിച്ച് ഇന്ത്യക്കാരെ.
കോവിഡ് കാലത്തെ ദിനങ്ങൾ നമ്മളാരും മറക്കില്ല. എന്നാൽ, ഒരു കുടുംബത്തെപ്പോലെയാണ് ഖത്തരി ഭരണകൂടം ഇവിടത്തെ താമസക്കാരെ ചേർത്തുപിടിച്ചത്. ലോകം മുഴുവൻ ആളുകളെ മുറിക്കുള്ളിൽ അടച്ചിട്ടപ്പോൾ, ഇവിടെ ഓരോ റൂമിലും മരുന്നും ഭക്ഷണവും എത്തിച്ചു നൽകി. ലോകം മുഴുവൻ പകച്ചുനിന്നപ്പോൾ പ്രവാസലോകത്ത് നമുക്ക് ലഭിച്ച ആശ്വാസം എടുത്തു പറയേണ്ടതാണ്. മറ്റു രാജ്യങ്ങൾക്ക് പോലും മാതൃകയാക്കാവുന്ന തരത്തിലായിരുന്നു ഇവിടുത്തെ ഇടപെടലുകൾ.
നമ്മളെ ഭയപ്പെടുത്തുന്ന വാക്കോ പ്രവൃത്തിയോ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പകരം, നമ്മെ ആശ്വസിപ്പിക്കുകയും കൂടെ നിൽക്കുകയുമാണ് ചെയ്തത്. ഗവൺമെന്റിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് നമ്മൾ സന്തോഷത്തോടെ ആ ദിനങ്ങൾ കഴിച്ചുകൂട്ടി.
ഈ സംഘർഷങ്ങളുടെ കാലത്തും ഖത്തർ സുരക്ഷിതമാണ്. ദൈവാനുഗ്രഹത്താൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായില്ല എന്നത് വലിയൊരു കാര്യമാണ്. ഈ കരുതലിനും സുരക്ഷക്കും ദൈവത്തോടും ഈ നാടിനോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.
പതിറ്റാണ്ടുകളായി ഈ മണ്ണ് നമുക്ക് നൽകുന്ന സുരക്ഷിതത്വവും ജീവിതസാഹചര്യങ്ങളും വാക്കുകൾക്കതീതമാണ്. നമ്മൾ ഇവിടെ ജോലി ചെയ്യുന്നു, സമ്പാദിക്കുന്നു, ആ പണം നമ്മുടെ നാട്ടിലേക്ക് അയക്കുന്നു. മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ ഉപരിയായി, ഇവിടെ ലഭിക്കുന്ന തുകയിൽ വലിയ ശതമാനവും നമുക്ക് കരുതിവെക്കാൻ കഴിയുന്നു എന്നത് ചെറുതല്ലാത്തൊരു കാര്യമാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഖത്തറിലെ ജീവിതം എന്നെ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്, ഈ രാജ്യം നമ്മളെ ചേർത്തുപിടിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇവിടെ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ആ നിയമങ്ങളെ ബഹുമാനിച്ചും ഭരണാധികാരികളുടെ നിർദേശങ്ങൾക്കനുസരിച്ചും ജീവിക്കുന്ന ഒരാൾക്കും ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. ഒരു പൊലിസ് സ്റ്റേഷൻ പോലും കയറേണ്ടി വന്നിട്ടില്ലാത്ത, സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടം! ഇതിനൊക്കെ നന്ദി പറഞ്ഞാൽ തീരില്ല.
അടുത്തിടെയുണ്ടായ പ്രതിസന്ധിഘട്ടങ്ങളിൽ, ഈ രാജ്യം നമ്മളെ എങ്ങനെയാണ് ചേർത്തുപിടിച്ചതെന്ന് ലോകം കണ്ടതാണ്. ഊർജ്ജലഭ്യതയിലായാലും മറ്റ് സേവനങ്ങളിലായാലും ഒരു രാജ്യത്തെയും ആശ്രയിക്കാതെ, സ്വന്തം നിലക്ക് കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ ഖത്തറിന് കഴിഞ്ഞു.
ഈ രാജ്യം ചെറുതാണെന്ന് പറയുന്നവർക്കുള്ള മറുപടിയാണിത്. കരുത്തുറ്റ ഒരു ഭരണാധികാരത്തിന് കീഴിൽ, വലിയൊരു മനസ്സുള്ള ഈ നാട് പ്രവാസികളെ ചേർത്തുപിടിക്കാൻ എന്നും മുന്നിലുണ്ട്. ഉപരോധവും കോവിഡ് മഹാമാരിയുടെ നാളുകളും തുടങ്ങി നാം കടന്നുപോയ ഓരോ പ്രതിസന്ധിയും പകർന്നു നൽകിയ പാഠങ്ങൾ വലുതാണ്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ശേഷിയുള്ള, ദൂരക്കാഴ്ചയുള്ള ഒരു ഭരണനേതൃത്വം നമുക്കുണ്ട്. ഖത്തർ കൂടുതൽ കരുത്താർജിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ഖത്തറിന്റെ വളർച്ചയിൽ ഒപ്പം നടന്നവർ എന്ന നിലയിൽ, അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉറപ്പിച്ചു പറയാം, ഈ രാജ്യം മുന്നോട്ട് തന്നെ സഞ്ചരിക്കും. ഓരോ കാലഘട്ടവും നമുക്ക് സമ്മാനിച്ചത് കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളാണ്. ഇന്നലകളെക്കാൾ മികച്ച നാളെയെക്കുറിച്ചുള്ള ഉറച്ച പ്രതീക്ഷയാണ് ഖത്തറിലെ ഓരോ പ്രവാസിയും പുലർത്തുന്നത്.
ഈ രാജ്യത്തിന്റെ ഭരണാധികാരികളുടെ തീരുമാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഒപ്പം നിന്ന്, രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാവുക എന്നതാണ് പ്രവാസികൾ എന്ന നിലയിൽ നമ്മുടെ കടമ. ഈ നാടിനോടുള്ള ആദരവും കടപ്പാടും വെറും വാക്കുകളിൽ ഒതുങ്ങുന്നതല്ല.
നമുക്ക് ഈ രാജ്യത്തോടൊപ്പം മുന്നോട്ടുപോകാം...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.