ദോഹ: കോവിഡ് മഹാമാരിക്കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ മരുന്നുകളുടെ ഹോം ഡെലിവറി സേവനത്തിന് ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. 2024ൽ മാത്രം ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്.എം.സി) പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനും (പി.എച്ച്.സി.സി) ഏകദേശം 60,000 മരുന്നുകളാണ് രോഗികൾക്ക് ഹോം ഡെലിവറി സേവനം വഴി എത്തിച്ചത്.
എച്ച്.എം.സി, പി.എച്ച്.സി.സി എന്നിവയുമായി സഹകരിച്ച് ഖത്തർ പോസ്റ്റ് നടത്തുന്ന ഹോം ഡെലിവറി സേവനത്തിൽ മരുന്നുകൾക്ക് പുറമേ മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉപഭോഗ വസ്തുക്കൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞവർഷം 56,436 ഇനം മരുന്നുകൾ എച്ച്.എം.സി ഹോം ഡെലിവറി സേവനത്തിലൂടെ വിതരണം ചെയ്തപ്പോൾ പി.എച്ച്.സി.സി അതേവർഷം രണ്ടായിരത്തിലധികം മരുന്നുകളും വിതരണം ചെയ്തു.
മഹാമാരിക്കാലത്ത് മരുന്ന് വിതരണം മുടങ്ങാതിരിക്കുന്നതിന് 2020 ഏപ്രിലിൽ ആരംഭിച്ച സേവനം ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെതുടർന്ന് സ്ഥിരപ്പെടുത്തുകയായിരുന്നു. 30 റിയാലാണ് സേവനത്തിന് ഫീസ് ഈടാക്കുന്നത്. ഉപയോക്താക്കൾ ഉയർന്ന സംതൃപ്തിയും അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബി.എം.ജെ മെഡിക്കൽ ജേണലിലാണ് മരുന്നുകളുടെ ഹോം ഡെലിവറി സേവനം സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സർവേയിൽ പങ്കെടുത്ത 600ൽ അധികം പേരിൽ 45.5 ശതമാനം പേരും സേവനനിലവാരത്തിൽ വളരെയധികം സംതൃപ്തി രേഖപ്പെടുത്തി. 58.9 ശതമാനം ആളുകൾ സേവനം മറ്റുള്ളവർക്ക് ശിപാർശ ചെയ്തപ്പോൾ ചിലർ സേവനത്തിന് ഈടാക്കുന്ന ഡെലിവറി ചാർജ് കുറക്കണമെന്നും അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത ഖത്തരികളിൽ 89 ശതമാനം പേരും പ്രവാസികളിൽ 79.5 ശതമാനം പേരും സേവനത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
ഞായർമുതൽ വ്യാഴംവരെ രാവിലെ എട്ടിനും ഉച്ചക്ക് രണ്ടിനും ഇടയിൽ 16000 നമ്പറിൽ ബന്ധപ്പെട്ടാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്. പി.എച്ച്.സി.സി വെബ്സൈറ്റിൽ ലഭ്യമായ നമ്പർ ഉപയോഗിച്ച് വാട്സ്ആപ് വഴി അവരുടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും കഴിയും.
അപേക്ഷ സ്വീകരിച്ച് രണ്ട് ദിവസത്തിനകം മരുന്നുകൾ വിതരണം ചെയ്യും. രാജ്യത്തുടനീളം ലഭ്യമായ സേവനം ലഭിക്കുന്നതിന് രോഗികൾ സാധുവായ ഹെൽത്ത് കാർഡ്, മരുന്നുകൾക്കായുള്ള പേയ്മെന്റ് കാർഡ്, ഡെലിവറി ഫീസ് എന്നിവ നൽകണം. മരുന്ന് കൃത്യമായി വിതരണം ചെയ്യുന്നതിന് വീട്ടുവിലാസവും കൃത്യമായി നൽകിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.