ഖത്തർ ഒളിമ്പിക് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

ദോഹ: ഈ മാസം 22 മുതൽ 30 വരെ ചൈനയിലെ സന്യയിൽ നടക്കുന്ന ഏഷ്യൻ ബീച്ച് ഗെയിംസിൽ ഖത്തറിനെ പ്രതിനിധീകരിച്ച് 34 അംഗസംഘം പങ്കെടുക്കും. ഏഷ്യൻ ബീച്ച് ഗെയിംസ് കായിക മാമാങ്കത്തിൽ പങ്കെടുക്കുന്ന ഖത്തർ സംഘത്തെ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. ഏഴ് കായിക ഇനങ്ങളിലായി പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 34 താരങ്ങൾ പങ്കെടുക്കും. ബീച്ച് വോളിബാൾ (പുരുഷ -വനിതാ വിഭാഗം), ബാസ്കറ്റ്ബാൾ (പുരുഷ -വനിതാ വിഭാഗം), ബീച്ച് ഹാൻഡ്‌ബോൾ, അക്വാത്‌ലോൺ, ജ്യു ​ജി​റ്റ്സു, ഗുസ്തി തുടങ്ങിയ വിഭാഗങ്ങളിലായാണ് ഖത്തർ പങ്കെടുക്കുക.

ചൈനയിലെ സീന്യയിൽ നടക്കുന്ന ആറാം പതിപ്പിൽ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,790 താരങ്ങൾ പങ്കെടുക്കും. ആകെ 14 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 2008ലെ ബാലി ഗെയിംസ് മുതൽ ബീച്ച് ഗെയിംസിൽ ഖത്തർ സജീവമാണ്. 2012ൽ ഹാൻഡ്‌ബാളിൽ സ്വർണവും, 2014ൽ 12 മെഡലുകളും, 2016 ൽ 5 സ്വർണ്ണമടക്കം 7 മെഡലുകളും നേടി ഖത്തർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

ബീച്ച് ഹാൻഡ്‌ബാൾ, ബീച്ച് വോളിബാൾ എന്നീ ഇനങ്ങളിൽ ഖത്തറിന് മെഡൽ പ്രതീക്ഷയുണ്ടെന്ന് ഞായറാഴ്ച ദോഹയിലെ ഖത്തർ ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റീവ് ഡെലിഗേഷൻ മേധാവി അബ്ദുല്ല അൽ അബ്ദുല്ല പറഞ്ഞു. ഏഷ്യയിലെ മികച്ച താരങ്ങൾ പങ്കെടുക്കുന്നതിനാൽ ഉയർന്ന നിലവാരത്തിലുള്ള പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കായിക ടീമുകളുമായി പരിചയപ്പെടാനും ഖത്തരി താരങ്ങൾക്ക് അനുഭവസമ്പത്ത് വർധിപ്പിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സ്പോർട്സ് ഫെഡറേഷനുകളുടെ കീഴിൽ താരങ്ങൾക്കുള്ള പരിശീലനങ്ങൾ നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്.

അതേസമയം, ഏഷ്യൻ ബീച്ച് ഗെയിംസിലെ ഖത്തറിന്റെ പങ്കാളിത്തത്തോടനുബന്ധിച്ച് പ്രത്യേക പ്രമോഷണൽ ക്യാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. മീഡിയ ഡെലിഗേഷൻ മേധാവി മുഹമ്മദ് അൽ സെയ്ദാൻ ആണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. താരങ്ങളെ പ്രചോദിപ്പിക്കുകയും അവരുടെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ നടത്തുന്നത്. കൂടാതെ, കായിക വിനോദവും ടൂറിസവും തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

"ദോഹയുടെ തീരങ്ങൾ മുതൽ സന്യയുടെ തീരങ്ങൾ വരെ" എന്ന മുദ്രാവാക്യത്തിന് കീഴിൽ ഖത്തറിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ബീച്ചുകളുടെയും പ്രചാരണവും ഇതിന്റെ ഭാഗമായി നടക്കും.

ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കതാറ ബീച്ച്, ഓൾഡ് ദോഹ പോർട്ട്, ലുസൈൽ മറീന, ദോഹ കോർണിഷ്, പേൾ ഐലൻഡ്, 974 ബീച്ച് എന്നിവയെ ഈ ക്യാമ്പയിനിലൂടെ ആഗോളതലത്തിൽ പരിചയപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Medal hopes: 34-member Qatari team for Asian Beach Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.