ദോഹ: വേനൽച്ചൂടിന്റെ കാഠിന്യത്തിലും ചോർന്നുപോകാത്ത ആവേശത്തോടെ ഖത്തറിലെ പ്രവാസി സമൂഹം ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി. നാട്ടിലെ പെരുന്നാൾ ഓർമ്മകളും കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും ഒട്ടും ചോരാതെ പ്രവാസത്തിലും സന്തോഷത്തിന്റെ പെരുന്നാൾ ഒരുക്കും. ചൊവ്വാഴ്ച മുതൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതോടെ ആഘോഷങ്ങൾ കൂടുതൽ സജീവമാകും. ബുധനാഴ്ചയാണ് ഖത്തർ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ ബലിപെരുന്നാൾ.
മുൻവർഷങ്ങളിലെപ്പോലെ കതാറ കൾച്ചറൽ വില്ലേജിൽ ഇത്തവണയും വൻ ആഘോഷങ്ങളാണ് കാത്തിരിക്കുന്നത്. കുട്ടികൾക്കുള്ള ഈദ് സമ്മാന വിതരണം, മിലിട്ടറി പരേഡ്, കൂടാതെ രാത്രി ആകാശത്ത് വിസ്മയം തീർക്കുന്ന വെടിക്കെട്ട് ദൃശ്യവിരുന്നും ഒരുക്കിയിട്ടുണ്ട്. കതാറയിലെ ആഘോഷ പരിപാടികൾക്ക് പുറമേ രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഒരുങ്ങുന്നത്. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി), പേൾ ഖത്തർ, ഗെവാൻ ഐലൻഡ്, സെൻട്രോ ഖത്തർ, 974 ബീച്ച് എന്നിവിടങ്ങളിലെല്ലാം വൈവിധ്യമാർന്ന വിനോദ പരിപാടികൾ നടക്കും. രാജ്യവ്യാപകമായി നടക്കുന്ന ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ വേദികളിൽ ലൈവ് പെർഫോമൻസ്, സർക്കസ് ഷോകൾ, മ്യൂസിക്, സ്റ്റേജ് ഷോ എന്നിവയും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഈദ് സംഗമങ്ങൾ, സ്റ്റേജ് ഷോ, ലൈവ് പെർഫോമൻസ് തുടങ്ങിയ കലാപരിപാടികളും വരും ദിവസങ്ങളിൽ നടക്കും. സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും പ്രവാസ പെരുന്നാൾ വരവേൽക്കാൻ മലയാളി പ്രവാസി സമൂഹം സജ്ജമായി കഴിഞ്ഞു.
പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിലെ ഹൈപ്പർമാർക്കറ്റുകളിലും പ്രമുഖ ഷോപ്പിങ് മാളുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുത്തൻ വസ്ത്രങ്ങൾ വാങ്ങാനായി ലുലു മാൾ, സഫാരി, ഗ്രാൻഡ് മാൾ, മാർക്ക് ആൻഡ് സേവ് തുടങ്ങിയ പ്രമുഖ ഷോപ്പിങ് മാളുകളിലെല്ലാം താമസക്കാരുടയും പ്രവാസികളുടെയയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാൾ പ്രമാണിച്ച് പ്രത്യേക ഈദ് ഓഫറുകൾ കൂടിയായതോടെ വിപണി കൂടുതൽ സജീവമായി. വസ്ത്രവിപണിക്ക് പുറമേ ആവശ്യ സാധനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ചിക്കൻ -മീറ്റ് തുടങ്ങിയവ വാങ്ങുന്നതിനായും മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് വൻ സ്റ്റോക്കുകളാണ് ഹൈപ്പർമാർക്കറ്റുകൾ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.