മസ്കത്ത്: അമേരിക്ക-യമൻ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ച് അറബ് ലീഗ്. യമൻ ജനതയുടെ മാനുഷിക ദുരിതങ്ങൾ കുറക്കാനും, നിലവിലെ സൈനിക സംഘർഷം ലഘൂകരിക്കാനും, ഗസ്സ മുനമ്പിലെ ഇസ്രായേലി ആക്രമണം തടയുന്നതിനും മേഖലയിലെ മറ്റ് പ്രധാന വിഷയങ്ങൾക്കുമുള്ള തുടർച്ചയായ നയതന്ത്ര ശ്രമങ്ങൾക്ക് ഈ കരാർ സഹായകമാകുമെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
ചെങ്കടലിലും ബാബ് അൽ മന്ദാബ് കടലിടുക്കിലും കപ്പൽ യാത്രയുടെ സുരക്ഷ പുനഃസ്ഥാപിക്കുകയും മേഖലയിലെ കടലുകളിലൂടെയും ജലപാതകളിലൂടെയും അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഒമന്റെ മധ്യസ്ഥതയെത്തുടർന്ന് ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കുന്ന കരാറിൽ ഹൂതികളും അമേരിക്കയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. സുദീർഘ ചർച്ചകൾക്കും ഇടപെടലുകൾക്കുംശേഷമാണ് കരാറിലെത്താൻ കഴിഞ്ഞതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. കരാർ പ്രകാരം ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും അമേരിക്കൻ കപ്പലുകൾ ഉൾപ്പെടെ ഇരു കക്ഷികളും പരസ്പരം ആക്രമണം നടത്തില്ല.
വെടിനിർത്തലിലേക്ക് നയിച്ച ക്രിയാത്മക സമീപനത്തിന് ഇരു കക്ഷികളെയും ഒമാൻ അഭിനന്ദിച്ചിരുന്നു. നീതി, സമാധാനം, എല്ലാവർക്കും അഭിവൃദ്ധി എന്നീ പൊതു ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ പ്രാദേശിക വിഷയങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മിഡിലീസ്റ്റിലെ പ്രധാനപ്പെട്ട കപ്പൽ പാതകൾ തടസ്സപ്പെടുത്തുന്നത് നിർത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൂതികൾക്ക് നേരെയുള്ള ബോംബാക്രമണം യു.എസ് നിർത്തുമെന്ന് പ്രസിഡന്റ് ഡ്രൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചാണ് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്. അന്ന് മുതൽ സ്തംഭിച്ച ഏദൻ കടലിടുക്ക് വഴി ബാബ് അൽ മന്ദബ് വഴി പ്രവേശിച്ച് സൂയസ് കനാൽ വഴി യൂറോപ്പിലേക്ക് പോകുന്ന പാത പഴയ പടി ആയിരുന്നില്ല. കപ്പലുകൾ ഈ റൂട്ട് ഒഴിവാക്കി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദിവസങ്ങൾ അധികം യാത്ര ചെയ്താണ് സഞ്ചരിച്ചത്.
യമന്റെ ഭൂരിഭാഗവും നിലവിൽ ഹൂതി നിയന്ത്രണത്തിലാണ്. ഗസ്സക്ക് അനുകൂലമായി വൻ പ്രതിഷേധം ഇവിടെ നടക്കുന്നുണ്ട്. എന്നാൽ, കരാർ നിലവിൽ വന്നതോടെ അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും യാത്ര പഴയപോലെ തുടരാനാകും.
യമനിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ച് ലോക രാജ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.