മസ്കത്ത്: പ്രവാസി ഇന്ത്യൻ പൗരന്മാരുടെയും വിദേശത്ത് ജനിച്ച അവരുടെ മക്കളുടെയും വോട്ടവകാശം സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റൂവി മലയാളി അസോസിയേഷൻ (ആർ.എം.എ) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന് നിവേദനം അയച്ചു. നിലവിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യൻ പൗരന്മാർ ഗുരുതരമായ സാങ്കേതികവും ഭരണപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രധാനമായും സിക്സ് എ ഫോം മുഖേന നടത്തുന്ന രജിസ്ട്രേഷൻ നടപടിയിൽ മാതാപിതാക്കളുടെ ഇ.പി.ഐ.സി നമ്പർ, ബൂത്ത് നമ്പർ എന്നിവ രേഖപ്പെടുത്താനുള്ള സൗകര്യം ഇല്ലാത്തതും, ജന്മസ്ഥലം രേഖപ്പെടുത്തുമ്പോൾ ഇന്ത്യക്കുള്ളിലെ സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയും പ്രയാസപ്പെടുത്തുന്നതാണ്. ഇതുമൂലം വിദേശത്ത് ജനിച്ച പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്ക് അവരുടെ യഥാർഥ ജന്മസ്ഥലം രേഖപ്പെടുത്താൻ കഴിയുന്നില്ല.
ഈ അപാകത കാരണം, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ (ഇ.ആർ.ഒ) അപേക്ഷകൾ ശരിയായി പരിശോധിച്ച് ബൂത്ത് ലെവൽ ഓഫിസർമാർക്ക് (ബി.എൽ.ഒ) കൈമാറാൻ കഴിയാതെ വരികയും ആയിരക്കണക്കിന് അർഹരായ ഇന്ത്യൻ പൗരന്മാർ രജിസ്ട്രേഷൻ നടപടികളിൽനിന്ന് പുറത്താക്കപ്പെടാനുള്ള സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.