ഇന്ത്യൻ സ്കൂൾ അൽ വാദി കബീറിൽ നടന്ന സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ

സ്ഥാനാരോഹണ ചടങ്ങ്

ഇന്ത്യൻ സ്കൂൾ വാദി കബീറിൽ സ്റ്റുഡന്റ് കൗൺസിൽ അധികാരമേറ്റു

മസ്കത്ത്: ഇന്ത്യൻ സ്കൂൾ അൽ വാദി കബീറിൽ 2026-27 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. വാദി കബീർ ഷെയ്ഖ് സുലൈമാൻ മുഹമ്മദ് അൽ നുമാനി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സീനിയർ, ജൂനിയർ വിഭാഗം ഹെഡ് കൗൺസിൽ അംഗങ്ങൾ, ഹൗസ് ഭാരവാഹികൾ, പ്രിഫെക്റ്റുകൾ എന്നിവർ ഔദ്യോഗികമായി ചുമതലയേറ്റു. ദീപശിഖ തെളിയിച്ചതോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ രാജേഷ് സോനേജി, പ്രിൻസിപ്പൽ ഡി.എൻ. റാവു, വൈസ് പ്രിൻസിപ്പൽമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

സീനിയർ വിഭാഗം ഹെഡ് ബോയ് ആയി മാസ്റ്റർ അൽഫായിക് ബിൻ ഫൈസലിനെയും ഹെഡ് ഗേൾ ആയി കുമാരി യാസ്മിന സിജോയെയും തിരഞ്ഞെടുത്തു. ജൂനിയർ വിഭാഗത്തിൽ മാസ്റ്റർ ആദിത്യ വിമൽ (ഹെഡ് ബോയ്), കുമാരി ദിയ ശ്രീജിത്ത് (ഹെഡ് ഗേൾ) എന്നിവർ ചുമതലയേറ്റു. അശോക, അക്ബർ, വിവേകാനന്ദ, ടാഗോർ എന്നീ നാല് ഹൗസുകളുടെ ഭാരവാഹികളും ഇതോടൊപ്പം അധികാരമേറ്റു.

സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ രാജേഷ് സോനേജി സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമാനും ഇന്ത്യയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധത്തെ മുഖ്യാതിഥി ഷെയ്ഖ് സുലൈമാൻ മുഹമ്മദ് അൽ നുമാനി തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ഇത്തരം കൂട്ടായ്മകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനവും ഐക്യവും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ സംഗീത പരിപാടികളും അരങ്ങേറി. ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങളോടെ ചടങ്ങുകൾ സമാപിച്ചു.

Tags:    
News Summary - Student Council takes power at Indian School Wadi Kabir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.