ഷഹ്‌സാദ് ഖാനെ ഒമാനിലെ പാക് അംബാസഡർ ഡോ. സയ്യിദ് നവീദ് സഫ്ദർ ബുഖാരി അഭിനന്ദിച്ചപ്പോൾ
മസ്കത്ത്: ഒമാനിലെ ബർകയിൽ കനത്ത മഴക്കിടെ വാദിയിലെ ഒഴുക്കിൽപെട്ട് മരണക്കയത്തിലേക്ക് നീങ്ങിയ രണ്ട് ഇന്ത്യക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയ പാകിസ്താനി യുവാവിനെ അഭിനന്ദിച്ച് ഒമാനിലെ പാക് എംബസി. മനുഷ്യസ്നേഹത്തിന്റെയും ധൈര്യത്തിന്റെയും മാതൃകയായി മാറിയ സംഭവത്തിൽ ബർകയിൽജോലി ചെയ്യുന്ന പെഷാവർ സ്വദേശി ഷഹ്‌സാദ് ഖാനാണ് താരമായത്. അപകടത്തിൽപെട്ടവരുടെ ദേശമോ ഭാഷയോ നോക്കാതെ മനുഷ്യനെന്ന പരിഗണന മാത്രം നൽകിയതിനാണ് ഈ 25 കാരൻ സമൂഹമാധ്യമങ്ങളിൽ കൈയടി നേടിയത്.
എംബസിയിൽ നടന്ന ചടങ്ങിൽ പാക് അംബാസഡർ ഡോ. സയ്യിദ് നവീദ് സഫ്ദർ ബുഖാരി, പാകിസ്താൻ സോഷ്യൽ ക്ലബ്ബ് ഒമാൻ ചെയർമാൻ നദീം അസീമി തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് ബർകയിലെ ഒരു വാദി കരകവിഞ്ഞൊഴുകിയിരുന്നു. നൂറുകണക്കിന് പേർ വാദിയുടെ അരികിൽനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കാർ വാദി മുറിച്ചുകടക്കാൻ ശ്രമിച്ച് വെള്ളത്തിൽ കുടുങ്ങുകയായിരുന്നു.
‘കാറിനുള്ളിൽ ആളുകൾ സഹായത്തിനായി കരഞ്ഞുകൊണ്ടിരുന്നു. പലരും വീഡിയോ പകർത്തുകയായിരുന്നു, എന്നാൽ ആരും ഇടപെടുന്നില്ലായിരുന്നു. ഒരാൾ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റെയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കാറിന്റെ പകുതി വെള്ളം നിറഞ്ഞിരുന്നു. എനിക്ക് മറ്റൊന്നും ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല. ദേശീയതയോ മതമോ ഒന്നുമല്ല. അപകടത്തിൽപ്പെട്ടവരെയാണ് ഞാൻ കണ്ടത്- ഷഹ്‌സാദ് ഖാൻ പറഞ്ഞു.
ഇന്ത്യൻ പൗരന്മാരായ ഇരുവരെയും ഖാൻ സുരക്ഷിതമായി പുറത്തെടുത്തത് വലിയ ദുരന്തം ഒഴിവാക്കി. ‘പടച്ചവനാണ് ധൈര്യം തന്നത്. ആ സമയത്ത് അങ്ങനെ പ്രതികരിക്കാനാണ് എനിക്ക് തോന്നിയത്- ഖാൻ സംഭവത്തെ കുറിച്ച് പറഞ്ഞു.
വെള്ളത്തിൽ ഭാഗികമായി മുങ്ങിയ കാറിന് മുകളിലേക്ക് പാലത്തിൽനിന്ന് വാഹനത്തിന് മുകളിലേക്ക് ഷഹ്സാദ് ചാടുകയായിരുന്നു. ആദ്യം കാലുകൾ ഉപയോഗിച്ച് ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കല്ല് ഉപയോഗിച്ച് ഗ്ലാസ് പൊട്ടിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്. പ്രത്യേകിച്ച് പലരും കാഴ്ചക്കാരായി നിന്നപ്പോഴായിരുന്നു ഷഹ്സാദിന്റെ ധീര ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.