നഗരസഭാ മാലിന്യനിര്‍മാര്‍ജനം: ജനങ്ങളില്‍നിന്ന് നികുതി ഈടാക്കാന്‍ നിര്‍ദേശം

മസ്കത്ത്:  നഗരസഭയുടെ മാലിന്യശേഖരണ, നിര്‍മാര്‍ജന സംവിധാനത്തിന് ഭാവിയില്‍ നികുതി വരാന്‍ സാധ്യത. നികുതി ചുമത്തണമെന്ന നിര്‍ദേശം ഒമാന്‍ എന്‍വയണ്‍മെന്‍റല്‍ സര്‍വിസസ് ഹോള്‍ഡിങ് കമ്പനി (ബിയ) സര്‍ക്കാറിന് സമര്‍പ്പിച്ചു. ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തിയതായി ബിയ വക്താവ് മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിന് പ്രതിമാസം ഒരു വ്യക്തിക്ക് 1.600 റിയാല്‍ എന്ന തോതില്‍ ചെലവുവരുന്നുണ്ട്.
 നികുതി ചുമത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആണ് തീരുമാനമെടുക്കേണ്ടത്. ഇത് ബിയയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ളെന്നും അല്‍ ഹാര്‍ത്തി പറഞ്ഞു. 
മലിനമാക്കുന്നവര്‍ തന്നെ നിര്‍മാര്‍ജനത്തിനുള്ള ചെലവ് വഹിക്കണമെന്നുള്ള അന്താരാഷ്ട്ര നയം നടപ്പാക്കേണ്ടതുണ്ട്. നിലവില്‍ ആശുപത്രികളില്‍നിന്നുള്ള മെഡിക്കല്‍ മാലിന്യത്തിന്‍െറ നിര്‍മാര്‍ജനത്തിന് പ്രത്യേക ഫീസ് ചുമത്തുന്നുണ്ട്. വാണിജ്യ, വ്യവസായ, കാര്‍ഷിക മേഖലകളില്‍നിന്നുള്ള മനുഷ്യനും മൃഗങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും മണ്ണിനും ജലത്തിനും അപകടകരമായ മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ ഒമാന്‍ എന്‍വയണ്‍മെന്‍റല്‍ സര്‍വിസസ് പ്രത്യേക വിഭാഗം വൈകാതെ ആരംഭിക്കും. ഇത്തരം മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഭാവിയില്‍ ഫീസ് ചുമത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ളെന്നും അല്‍ ഹാര്‍ത്തി പറഞ്ഞു. 
നിലവില്‍ നഗരസഭാ മാലിന്യശേഖരണത്തിനും നിര്‍മാര്‍ജനത്തിനുമുള്ള ചെലവ് സര്‍ക്കാറാണ് വഹിക്കുന്നത്. വിവിധയിനം ഖരമാലിന്യങ്ങള്‍ക്കൊപ്പം പുനരുല്‍പാദനം നടത്താവുന്ന സാധനങ്ങളും ശേഖരിച്ച് നഗരസഭാ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തള്ളുകയാണ് ചെയ്യുക. പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റും പുനരുല്‍പാദന കേന്ദ്രങ്ങളിലേക്കാണ് മാറ്റാറ്. 
 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.