സ്വദേശികളെ ജോലിക്കെടുക്കുന്നത് ബാധ്യതയാകരുത് –ശൂറാ കൗണ്‍സില്‍ അംഗം

മസ്കത്ത്: സ്വദേശികളെ ജോലിക്കെടുക്കുന്നത് ബാധ്യതയായാണ് കമ്പനികള്‍ കണക്കാക്കുന്നതെന്നും ഈ സാഹചര്യം മാറേണ്ടതുണ്ടെന്നും മജ്ലിസു ശൂറാ അംഗം തൗഫീഖ് അല്‍ ലവാത്തി. സ്ഥാപനത്തിന് അനുഗുണമല്ലാത്തവരെയും ജോലിയില്‍ മതിയായ പ്രകടനം കാഴ്ചവെക്കാത്തവരെയും പിരിച്ചുവിടുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ടൈംസ് ഓഫ് ഒമാന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സ്വദേശികളെ ജോലിക്കെടുക്കുന്നതിനും പിരിച്ചുവിടുന്നതിനും വ്യക്തമായ നയം അനിവാര്യമാണ്. പറ്റാത്തവരെ പിരിച്ചുവിടുന്നതിനുള്ള അധികാരം സര്‍ക്കാര്‍, സ്വകാര്യ മേഖലക്ക് നല്‍കുന്നത് വഴി മാത്രമേ സ്വദേശിവത്കരണം എന്നത് ബാധ്യതയേക്കാള്‍ ഉപരി മുതല്‍ക്കൂട്ട് എന്ന നിലയിലേക്ക് മാറുകയുള്ളൂ. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിനുള്ള ഉത്തരവാദിത്തം സ്വകാര്യ മേഖല ഏറ്റെടുക്കണം. നിലവില്‍ പിരിച്ചുവിടല്‍ ബുദ്ധിമുട്ടേറിയതും നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതുമാണ്. ഈ നിയമം പരിഷ്കരിക്കേണ്ടതുണ്ട്. 
ഇതടക്കം സ്വകാര്യമേഖലയുടെ ഉത്തരവാദിത്തം എടുത്തുകളയാതെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനുള്ള നടപടികള്‍ ‘തഫ്നീദ്’ വര്‍ക്ഷോപ്പില്‍ ചര്‍ച്ച ചെയ്തിരുന്നു. സ്വദേശിവത്കരണത്തിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ വലിയ താല്‍പര്യമെടുക്കുന്നില്ളെന്നും അല്‍ ലവാത്തി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ഒമാനില്‍ ആറരലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ സ്വദേശികള്‍ക്ക് ലഭിച്ചത് 16,000 അവസരങ്ങളാണ്.
 ഇത് അനീതിയും സ്വീകരിക്കാന്‍ കഴിയാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സഹായമുള്ള പദ്ധതികളാണ് സ്വകാര്യ കമ്പനികളെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്.
 എന്നാല്‍, ഒമാനികള്‍ക്ക് തൊഴില്‍ നല്‍കുന്നത് ഉള്‍പ്പെടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ മേഖലയില്‍ പരിമിതമായ തൊഴിലവസരങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ സ്വകാര്യമേഖല കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടതുണ്ടെന്നും അല്‍ ലവാത്തി പറഞ്ഞു. 
തൊഴില്‍ മാര്‍ക്കറ്റിലേക്ക് എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ വരുന്ന സാഹചര്യത്തില്‍ സ്വദേശികളെയും വിദേശികളെയും റിട്ടയര്‍മെന്‍റ് പ്രായത്തിന് ശേഷം ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.