സലാല: ലോകപ്രശസ്തമായ ദോഫാർ ഖരീഫ് സീസണിന് മുന്നോടിയായി വിപണി സുരക്ഷിതമാക്കാനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി സമഗ്ര കർമപദ്ധതി പ്രഖ്യാപിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വിപണി നിരീക്ഷണം ശക്തമാക്കുക, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുക, പെട്രോൾ പമ്പുകളുടെയും മറ്റ് അടിസ്ഥാന സേവനങ്ങളുടെയും സജ്ജീകരണം വിലയിരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ദോഫാർ ഗവർണറേറ്റിലെ മന്ത്രാലയം ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഖലീഫ അൽ ബദ്റാനി അറിയിച്ചു.
മന്ത്രാലയം പുറത്തുവിട്ട ഈ വർഷത്തെ ആദ്യ പാദത്തിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ദോഫാർ ഗവർണറേറ്റ് മികച്ച സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തുന്നത്. വാണിജ്യ-വ്യവസായ ലൈസൻസുകൾ, നിർമാണ, സർവീസ് മേഖലകൾ എന്നിവയിലെ വൻ മുന്നേറ്റം ഗവർണറേറ്റിലെ മികച്ച നിക്ഷേപ അന്തരീക്ഷത്തെയാണ് കാണിക്കുന്നത്. ആദ്യ പാദത്തിൽ മാത്രം 1,059 പുതിയ വാണിജ്യ രജിസ്ട്രേഷനുകൾ നടന്നു. ഇതിൽ സലാലയിലാണ് ഏറ്റവും കൂടുതൽ ബിസിനസുകൾ ആരംഭിച്ചത്; 924 എണ്ണം. താഖയിൽ 29-ഉം മിർബാത്തിൽ 26-ഉം രജിസ്ട്രേഷനുകൾ നടന്നു. ദൽഖൂത് വിലായത്തിൽ 275 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗവർണറേറ്റിലെ ആകെ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 70,195 ആയി ഉയർന്നു.
ബിസിനസ് നടപടികൾ എളുപ്പമാക്കിയതോടെ ഈ കാലയളവിൽ 7,448 വാണിജ്യ ലൈസൻസുകൾ നൽകി. ഇതോടെ ആകെ ലൈസൻസുകൾ 73,052 ആയി. ഓൺലൈൻ വഴി അനുവദിച്ച ലൈസൻസുകൾ 8,656 എണ്ണമാണ്. കൺസ്ട്രക്ഷൻ, കോൺട്രാക്റ്റിങ് മേഖലകളാണ് ഈ വളർച്ചക്ക് പ്രധാന ചാലകശക്തിയായത്. ആദ്യ പാദത്തിൽ 645 പുതിയ വ്യാവസായിക ലൈസൻസുകൾ അനുവദിച്ചതോടെ ഗവർണറേറ്റിലെ ആകെ ലൈസൻസുകൾ 9,201 ആയി ഉയർന്നു. സലാല -514, താഖ -37, മിർബാത്ത് -27, ഷാലിം-ഹല്ലാനിയാത് ദ്വീപുകൾ-24 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലെ കണക്കുകൾ.
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിലും ദോഫാർ മുന്നേറുകയാണ്. ആദ്യ പാദത്തിൽ 70 പുതിയ വിദേശ നിക്ഷേപ രജിസ്ട്രേഷനുകൾ നടന്നു. ഇതിൽ 69 എണ്ണവും സലാലയിലാണ്. ഇതോടെ ആകെ വിദേശ നിക്ഷേപങ്ങളുടെ എണ്ണം 15,996 ആയി ഉയർന്നു. ഖരീഫ് സീസണിൽ എത്തുന്ന സഞ്ചാരികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പെട്രോൾ പമ്പുകളിലെ മീറ്ററുകൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ‘മെട്രോളജിക്കൽ വെരിഫിക്കേഷൻ’ മന്ത്രാലയം പൂർത്തിയാക്കി. കൂടാതെ സ്വർണക്കടകളിലെ തരം തിരിക്കലും തൂക്കക്കട്ടികളും പരിശോധിച്ചു.
പെട്രോൾ പമ്പുകളുടെ സജ്ജീകരണത്തിനൊപ്പം അവിടുത്തെ ശുചിമുറികൾ ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങളുടെ വൃത്തിയും ഉറപ്പുവരുത്തിയിട്ടുണ്ട്. ഗ്യാസ് ഫില്ലിങ് പ്ലാന്റുകൾ, ഗ്യാസ് വിതരണക്കാർ, എക്സിബിഷൻ ലൈസൻസുകൾ എന്നിവയുടെ മേൽനോട്ടവും മന്ത്രാലയം ശക്തമാക്കി. വൈവിധ്യമാർന്ന സാമ്പത്തിക അടിത്തറയും വർധിച്ചുവരുന്ന നിക്ഷേപങ്ങളും വഴി ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി ദോഫാർ ഗവർണറേറ്റ് മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.