മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിൽ പാരിസ്ഥിതിക ലംഘനങ്ങൾ വർധിച്ചതായി പരിസ്ഥിതി അതോറിറ്റി (ഇ.എ). ആഗസ്റ്റിൽ ദോഫാറിൽ 719 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇവയിൽ കൂടുതലും സസ്യങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പരിസ്ഥിതി ഉദ്യോഗസ്ഥൻ അറിയിച്ചു.
ഖരീഫ് സീസണിൽ ബന്ധപ്പെട്ട പൗരന്മാരിൽനിന്ന് 37 പരാതികളും അതോറിറ്റിക്ക് ലഭിച്ചു. ദോഫാറിൽ അടുത്തിടെ ആരംഭിച്ച പരിസ്ഥിതി സംരക്ഷണ സംരംഭത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ് ഈ കണക്കുകൾ. വന്യജീവികളുടെയും വിശാലമായ പരിസ്ഥിതിയുടെയും സംരക്ഷണമാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ശ്രദ്ധ, പ്രത്യേകിച്ചും ഖരീഫിൽ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെ തിരക്കിന്റെയും വർധന കണക്കിലെടുത്ത് പരിസ്ഥിതിക്കും ദോഫാറിന്റെ പച്ചപ്പിനും ഹാനികരമായ രീതികളും പെരുമാറ്റങ്ങളും കുറക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇ.എ ഉദ്യോഗസ്ഥൻ അറിയിച്ചു. പരിസ്ഥിതി സംരക്ഷകർ എന്ന് വിളിക്കപ്പെടുന്ന 40 അംഗ ഫീൽഡ് ടീമിനെ ഈ വർഷം രൂപവത്കരിച്ചിട്ടുണ്ടെന്ന് സംരംഭത്തെ കുറിച്ച് വിശദീകരിച്ച് ഇ.എ. ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റകൃത്യങ്ങൾ തടയാനും ഖരീഫ് സമയത്ത് ദോഫാറിലെ വിനോദസഞ്ചാര സ്ഥലങ്ങളുടെ മേൽനോട്ടം വഹിക്കാനുമാണ് ഈ ടീമുകളെ നിയോഗിച്ചിരിക്കുന്നത്. മാലിന്യം തള്ളൽ, മരങ്ങൾ വെട്ടിമാറ്റൽ, ഹരിത ഇടങ്ങൾ നശിപ്പിക്കൽ എന്നിവ ഇവരുടെ നിരീക്ഷണത്തിൽ ഉൾപ്പെടും. പരിസ്ഥിതി സംരക്ഷകരുടെ ലക്ഷ്യങ്ങൾ നിരീക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല, പരിസ്ഥിതി അവബോധം വളർത്തുക കൂടിയാണ്.
ഹരിത ഇടങ്ങൾ സംരക്ഷിക്കുന്നതിന്റെയും ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വ്യക്തികളെ ബോധവത്കരിക്കുക എന്നത് കൂടി ഈ സംഘത്തിന്റെ ദൗത്യമാണ്. പ്രകൃതിദത്ത സൈറ്റുകൾ സന്ദർശിക്കുന്നവരോട് തങ്ങൾ കണ്ടേക്കാവുന്ന ഏതെങ്കിലും ലംഘനങ്ങൾ ഉടൻ 80071999 എന്ന ഹോട്ട്ലൈനിൽ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
വന്യജീവി നിയമത്തെ മാനിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിൽ സഹായിക്കാനും പൗരന്മാരോടും താമസക്കാരോടും വിനോദസഞ്ചാരികളോടും ഞങ്ങൾ ആത്മാർഥമായി അഭ്യർഥിക്കുകയാണെന്ന് പരിസ്ഥിതി ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.