പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കാൻ ഓർമിപ്പിച്ച് വീണ്ടും സി.ബി.ഒ
മസ്കത്ത്: രാജ്യത്തെ നോട്ടുകളിലെ ചില വിഭാഗങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ അവ മാറ്റിയെടുക്കുന്നത് സംബന്ധിച്ച് വീണ്ടും ഓർമപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ). രാജ്യത്ത് ഉപയോഗത്തിലുള്ള ചില നോട്ടുകൾ പിൻവലിക്കുകയാണെന്ന് സി.ബി.ഒ ജനുവരി ഏഴിനാണ് സർക്കുലർ വഴി അറിയിച്ചത്.
ഡിസംബർ അവസാനത്തിനുള്ളിൽ മാറ്റിയെടുക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കും. ഈ അഞ്ചു മാസത്തിനുള്ളിൽ മാറ്റിയെടുക്കണമെന്നാണ് അറിയിപ്പ്.
2020ന് മുമ്പുള്ള കാലങ്ങളിൽ സി.ബി.ഒ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗമാണ് അധികൃതർ പിൻവലിക്കുന്നത്. എന്നാൽ, പിൻവലിക്കുന്ന നോട്ടുകൾ ഉപയോഗിച്ച് നിശ്ചയിച്ച കാലാവധിവരെ ഇടപാടുകൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല.
വാണിജ്യ സ്ഥാപനങ്ങളിൽനിന്നും മറ്റും സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാം. ഔദ്യോഗിക ബാങ്കുകളിൽനിന്നും പണമിടപാട് സ്ഥാനപങ്ങളിൽനിന്നും നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. ഇതിനകം സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ ഇത്തരം നോട്ടുകൾ മാറ്റിയെടുത്തിട്ടുണ്ട്.
ഉപയോഗം അവസാനിപ്പിക്കുന്ന കറൻസികൾ
- 1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ
- 2000 നവംബറിൽ ഇഷ്യൂ ചെയ്ത 50, 20, 10, അഞ്ച് റിയാലുകൾ.
- 2005ൽ പുറത്തിറക്കിയ ഒരു റിയാൽ
- 2010ൽ പുറത്തിറക്കിയ 20 റിയാൽ
- 2011, 2012 വർഷങ്ങളിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നൽകിയ 50, 10, അഞ്ച് റിയാലുകൾ
- 2015ൽ പുറത്തിറക്കിയ ഒരു റിയാൽ
- 2019ൽ നൽകിയ 50 റിയാൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.