ഒന്നര കോടി രൂപയുടെ ടെലിഫോൺ കാർഡുമായി കണ്ണൂർ സ്വദേശി മുങ്ങി

മസ്കത്ത്: ഒന്നര കോടി രൂപയുടെ ടെലിഫോൺ കാർഡുമായി കണ്ണൂർ താണ സ്വദേശി മുങ്ങി. താണ കൊടപ്പറമ്പ് സ്വദേശി മുഹമ്മദ് ഷഫറലിയാണ് നാട്ടിലേക്ക് കടന്നത്. ഇയാൾക്ക് കാർഡ് കടംനൽകിയ കമ്പനിയിലെ മലയാളി ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂർ ധർമ്മടം സ്വദേശി റഹീസിനെ കമ്പനിയുടെ പരാതിയിൽ കഴിഞ്ഞ മാസം അവസാനമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷഫറലി തന്നെ ചതിച്ചെന്ന് ചൂണ്ടിക്കാട്ടി റഹീസ് മസ്കത്തിലെ ഇന്ത്യൻ എംബസി മുഖേന കണ്ണൂർ എസ്.പിക്ക് പരാതി നൽകി. മസ്കത്തിൽ ടെലിഫോൺ കാർഡുകൾ മൊത്തവിൽപന നടത്തുന്ന  കമ്പനിയിലെ സെയിൽസ്മാനായിരുന്നു റഹീസ്. നാലുവർഷമായി ഈ രംഗത്തുള്ള ഇദ്ദേഹം ആറുമാസം മുമ്പാണ് റെക്സ് റോഡിൽ ഫാത്തിമ ഹൈപ്പർമാർക്കറ്റിന് സമീപം കട നടത്തിയിരുന്ന ഷഫറലിയുമായി പരിചയപ്പെടുന്നത്.

റഹീസിൽനിന്ന് ടെലിഫോൺ കാർഡുകൾ വാങ്ങി ചില്ലറ വിൽപനക്കാർക്ക് നൽകുകയാണ് ഷഫറലി ചെയ്തിരുന്നത്. എല്ലാ വ്യാഴാഴ്ചയും രാവിലെ കാർഡുകൾ കടമായി നൽകിയിരുന്നു. അന്ന് രാത്രിയോ വെള്ളിയാഴ്ചയോ പണവും ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 29ന് പതിവുപോലെ ഷഫറലിക്ക് റഹീസ് കാർഡ് നൽകി. 89000 ഒമാനി റിയാൽ മൂല്യമുള്ള കാർഡുകളാണ് നൽകിയത്. പണത്തിനായി പിറ്റേദിവസം വിളിച്ചപ്പോൾ ശനിയാഴ്ച നൽകാമെന്നു പറഞ്ഞു.
ശനിയാഴ്ച രാവിലെ പല തവണയായി വിളിച്ചെങ്കിലും ഇയാൾ ഒഴികഴിവുകൾ പറഞ്ഞു. വൈകാതെ മൊബൈൽ ഓഫാവുകയും ചെയ്തു. സംശയം തോന്നിയ റഹീസ് കടയിൽ എത്തിയപ്പോൾ ഉടമയായ ഷഫറലിയുടെ ബന്ധു സാബിറും പരിചയക്കാരനായ അസീസുമാണ് അവിടെ ഉണ്ടായിരുന്നത്. ഷഫറലി നാട്ടിലേക്കുപോയതായി ഇവർ പറഞ്ഞതോടെ റഹീസ് ബോധരഹിതനായി വീണു. തുടർന്ന്, ഇവർ ആശുപത്രിയിലെത്തിച്ചശേഷം ബന്ധുക്കളെ വിവരമറിയിച്ചു. വിശ്വാസ്യതയുടെ പുറത്ത് രേഖകളില്ലാതെ കാർഡുകൾ കടം നൽകിയതാണ് റഹീസിന് വിനയായത്.

പണം അടക്കാതിരുന്നതിനെ തുടർന്ന് കമ്പനി അധികൃതർ നൽകിയ പരാതിയിലാണ് റഹീസിെൻറ അറസ്റ്റ്. റഹീസ് പിടിയിലായതിനെ തുടർന്ന് നാട്ടിലെ ബന്ധുക്കൾ താണയിലെ ഷഫറലിയുടെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന ഷഫറലി തന്നെ ഒരു ബംഗാളി പറ്റിച്ചതായാണ് ഇവരോട് വിശദീകരിച്ചത്.  പ്രമുഖ കോൺഗ്രസ് നേതാവിെൻറ മകനാണ് ഷഫറലി. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പ്രശ്നം പരിഹരിക്കാമെന്നുപറഞ്ഞാണ് ഷഫറലിയുടെ ബന്ധുക്കൾ ഇവരെ തിരിച്ചയച്ചതത്രെ.
എന്നാൽ, കഴിഞ്ഞദിവസം വീണ്ടും വീട്ടിലെത്തിയ ബന്ധുക്കൾക്ക് ഷഫറലിയെ കാണാൻ കഴിഞ്ഞില്ല. ഇയാൾ മുങ്ങിയതായാണ് ഇവർക്ക് ലഭിച്ച സൂചന.  മറ്റു പലരിൽനിന്നും ഇയാൾ സമാനരീതിയിൽ തട്ടിപ്പുനടത്തിയതായും സൂചനയുണ്ട്. തട്ടിപ്പ് ആസൂത്രിതമാണെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുള്ളതായും സംശയിക്കുന്നതായി മസ്കത്തിലുള്ള റഹീസിെൻറ ബന്ധുക്കൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.