കുവൈത്ത് സിറ്റി: രാജ്യത്ത് വരുംദിവസങ്ങളിൽ താപനില കുത്തനെ ഉയരും. വെള്ളിയാഴ്ച മുതൽ താപനിലയിൽ ക്രമാനുഗതമായ വർധനവ് ഉണ്ടാകുമെന്നും തിങ്കളാഴ്ച 52 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. തെക്കുകിഴക്കൻ കാറ്റും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡത്തോടൊപ്പം ഉപരിതല ന്യൂനമർദത്തിന്റെ വികാസവും രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നുവെന്ന് ധരാർ അൽ അലി പറഞ്ഞു.
ന്യൂനമർദം ക്രമേണ ശക്തിയാർജിക്കും. വെള്ളിയാഴ്ച മുതൽ കാറ്റ് വടക്ക് പടിഞ്ഞാറോട്ട് മാറും. പരമാവധി താപനില 48 ഡിഗ്രി സെൽഷ്യസായി ഉയരും. തുടർന്ന് താപനിലയിൽ ശ്രദ്ധേയമായ വർധനവ് തുടരും. ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസും ഞായറാഴ്ച 51 ഡിഗ്രി സെൽഷ്യസുമാണ്.
തിങ്കളാഴ്ച ഏറ്റവും ഉയർന്ന താപനില 52 ഡിഗ്രി സെൽഷ്യസിലും ആയിരിക്കും. രാജ്യത്ത് ഇനിയുള്ള ദിനങ്ങൾ പകലും രാത്രിയും ചൂടേറിയ കാലാവസ്ഥയുടെതാകും. പകൽ സമയങ്ങളിൽ സൂര്യപ്രകാശവും ഉയർന്ന താപനിലയും ഏൽക്കുന്നത് ഒഴിവാക്കാനും നിർജലീകരണം തടയാൻ ആവശ്യത്തിന് വെള്ളം കുടിക്കാനും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.