കുവൈത്ത് സിറ്റി: റമദാനിൽ ഭിക്ഷാടനത്തിനെതിരെ കർശന നടപടി തുടരുന്നു. പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ യാചിക്കുന്നതായി കണ്ടെത്തിയ 11 പേരെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു.
അറബ്, ഏഷ്യൻ രാജ്യക്കാരായ എട്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ആണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നിർദേശങ്ങളെ തുടർന്നാണ് നടപടി.
അറസ്റ്റിലായവരിൽ ചിലർ വിസിറ്റ് വിസകളിലോ ഫാമിലി റെസിഡൻസി പെർമിറ്റുകളിലോ രാജ്യത്ത് പ്രവേശിച്ചവരാണ്.
ഇത്തരക്കാർക്ക് നിയമവിരുദ്ധമായ റിക്രൂട്ട്മെന്റിന് സൗകര്യമൊരുക്കിയ കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച നാല് പ്രവാസി സ്ത്രീകളും പിടിയിലായിരുന്നു.
നിയമലംഘനത്തിന് പിടിയിലാകുന്ന എല്ലാ വിഭാഗം റെസിഡൻസി ഉള്ളവരെയും നാടുകടത്തും. ഫാമിലി റെസിഡൻസി പ്രകാരമുള്ളവരെ അവരുടെ സ്പോൺസറിനൊപ്പം നാടുകടത്തും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ പിടിയിലായാൽ സ്പോൺസറിങ് കമ്പനിയുടെ ഫയൽ അവസാനിപ്പിക്കും. റെസിഡൻസി കൈവശമുള്ള ഗാർഹിക തൊഴിലാളികളെയും നാടുകടത്തും. ഭാവിയിൽ ഗ്യാരണ്ടികളോ വിസകളോ നൽകുന്നതിൽ നിന്ന് ഇത്തരക്കാരുടെ സ്പോൺസറെ വിലക്കും.
കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും. ഇത്തരക്കാർക്കെതിരെ ‘പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്തതിന്’ കേസ് ഫയൽ ചെയ്യും. സമൂഹ മാധ്യമങ്ങളിലൂടെ യാചന നടത്തുന്ന കേസുകളും ആഭ്യന്തര മന്ത്രാലയം നിരീക്ഷണത്തിലാണ്. സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള വകുപ്പുമായി ഏകോപിപ്പിച്ച് ഇതിൽ നടപടി സ്വീകരിച്ചുവരുകയാണ്.
യാചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 97288211, 97288200, 25582581 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന 112 എന്ന അടിയന്തര ഹോട്ട്ലൈൻ നമ്പറിലോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.