രൂപക്ക് വീണ്ടും ഇടിവ്; റെക്കോഡ് ഉയർച്ചയിൽ ദീനാർ

കുവൈത്ത് സിറ്റി: രൂപയുടെ മൂല്യത്തിലെ ഇടിവിൽ വിനിമയ നിരക്കിൽ ഉയർച്ച ​തുടർന്ന് കുവൈത്ത് ദീനാർ. തിങ്കളാഴ്ച യു.എസ് ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയിൽ എത്തിയതോടെ വിനിമയ നിരക്കിൽ കുവൈത്ത് ദീനാർ കുതിച്ചുയർന്നു. ഒരു കുവൈത്ത് ദീനാറിന് 311 രൂപക്ക് മുകളിലാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. എണ്ണവില കുതിച്ചുയരുന്നതും, ആഗോള പ്രതിസന്ധിയുമാണ് ഇന്ത്യൻ രൂപക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 96.25 ലേക്ക് ഇടിഞ്ഞാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്.

പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത രൂക്ഷമായതോടെ ആഗോള എണ്ണ വിതരണം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയാണ് വിപണിയെ പിടിച്ചുലച്ചിട്ടുണ്ട്. ഹുർമുസ് കടലിടുക്കിലെ എണ്ണ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചത് എണ്ണവിലയിലെ കുതിപ്പിനും കാരണമായി. ക്രൂഡ് ഓയിൽ വിലയിലെ വർധനവ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത് ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഇവ രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായെന്നാണ് വിലയിരുത്തൽ. യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചത്തിന് ശേഷം ഒരു കുവൈത്ത് ദീനാറിന് വിനിമയ നിരക്കിൽ 300 ഇന്ത്യൻ രൂപക്ക് മുകളിലാണ് സ്ഥാനം.

ഇത് തിങ്കളാഴ്ച 311 രൂപയും കടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പശ്ചിമേഷ്യയിൽ സംഘർഷം തുടർന്നാൽ എണ്ണ വില വീണ്ടും വർധിക്കാനും കുവൈത്ത് ദീനാർ നിരക്ക് ഇനിയും ഉയരാനും സാധ്യതയുണ്ട്. നാട്ടിലേക്ക് പണമയക്കുമ്പോൾ ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. അതേസമയം, നാട്ടിലെ ഉയർന്ന വില നിരക്ക് പ്രയാസം സൃഷ്ടിക്കും. രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യയിലെ നിക്ഷേപകരെയും പ്രതിസന്ധിയിലാക്കും.

Tags:    
News Summary - Rupee falls again; Dinar hits record high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.