ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമം:  റിപ്പോര്‍ട്ട് തേടി കേന്ദ്രമന്ത്രി സുഷമ സ്വരാജ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാര്‍ നിരന്തരമായ അതിക്രമത്തിനും കവര്‍ച്ചക്കും ഇരയാവുന്നതായ പരാതിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. ട്വിറ്ററിലൂടെ നല്‍കിയ പരാതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള മറുപടി ട്വിറ്ററിലൂടെ തന്നെയാണ് നല്‍കിയത്. കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ തിങ്ങിത്താമസിക്കുന്ന ജലീബ് അല്‍ ശുയൂഖിലാണ് (അബ്ബാസിയ) കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ നിരവധി ഇന്ത്യക്കാര്‍ കവര്‍ച്ചക്കിരയായത്. തദ്ദേശീയരായ ബിദൂനി യുവാക്കളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം. പിടിച്ചുപറിയും കവര്‍ച്ചയും പതിവാവുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊന്നും സുരക്ഷിതരായി പുറത്തിറങ്ങി നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. 
കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരം നിരവധി സംഭവങ്ങളുണ്ടായി. പകല്‍പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. തമിഴ്നാട്ടുകാരനായ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്ത ശേഷം ദേഹത്ത് വാഹനം ഇടിച്ചുകയറ്റിയത് രാവിലെ പത്തരയോടെയാണ്. ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളിന് സമീപം ആളുകള്‍ കാണ്‍കെയാണ് ക്രൂരമായ കൈയേറ്റമുണ്ടായത്. രാത്രി ഒമ്പതിന് ശേഷം ഭീതിയോടെയല്ലാതെ ഇറങ്ങിനടക്കാന്‍ കഴിയാതായിട്ടുണ്ട്. ഒരാഴ്ച മുമ്പ് മലയാളി നഴ്സിന്‍െറ ബാഗ് തട്ടിപ്പറിച്ച സംഭവമുണ്ടായി. 
മറ്റൊരു പെണ്‍കുട്ടിയുടെ സിവില്‍ ഐഡിയും പണവുമടങ്ങിയ ബാഗും തട്ടിപ്പറിക്കപ്പെട്ടു. വാഹനങ്ങളില്‍ കറങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നില്‍. തട്ടിപ്പറിക്കുന്ന സിവില്‍ ഐഡി ഉപയോഗിച്ച് വിവിധ മൊബൈല്‍ കമ്പനികളില്‍നിന്ന് ഐ ഫോണ്‍ അടക്കമുള്ള വിലകൂടിയ ഫോണുകള്‍ വാങ്ങി ഉടമക്ക് ബാധ്യത വരുത്തുന്നതായും പരാതിയുണ്ട്. ഒറ്റക്കുപോകുന്നവരെ ആക്രമിക്കുകയും പിടിച്ചുപറിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവായി. നേരത്തേ ഇവിടെ അക്രമങ്ങള്‍ പതിവായിരുന്നെങ്കിലും ഏറെക്കാലമായി പൊതുസ്വഭാവത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല. ആക്രമണ പ്രവണത വീണ്ടും ഉടലെടുത്തതോടെ മേഖലയില്‍ ഭീതിപരന്നിട്ടുണ്ട്. 
കുവൈത്തില്‍ ഏറ്റവുമധികം മലയാളികള്‍ താമസിക്കുന്ന സ്ഥലമാണ് അബ്ബാസിയ. ഇവരിലധികവും ചെറിയ വരുമാനക്കാരാണ്. വാടക പൊതുവില്‍ കുറവായതിനാലാണ് ഇവിടെ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ എംബസി അധികൃതരുടെയും മറ്റും ശക്തമായ ഇടപെടല്‍ കാരണമായിരുന്നു അക്രമത്തിന് അറുതിയായത്. പുതിയ സാഹചര്യത്തില്‍ വീണ്ടും എംബസിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെയും എംബസിയുടെയും ഇടപെടല്‍ സുരക്ഷിതജീവിതത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അബ്ബാസിയയിലെ പ്രവാസി സമൂഹം.

News Summary - kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.