കുവൈത്ത് സിറ്റി: ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ തുടർന്ന് മേഖലയിൽ രൂപപ്പെട്ട സംഘർഷാവസ്ഥയിൽ കരുതലോടെ കുവൈത്ത്. ഇരു രാജ്യങ്ങളും പ്രത്യാക്രമണങ്ങൾ ശക്തമാക്കിയാൽ ഗൾഫ് രാജ്യങ്ങളിൽ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളെല്ലാം ഇസ്രായേലി ആക്രമണങ്ങളെ അപലപിക്കുകയും സംഘർഷത്തിന് നയതന്ത്ര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലെബനാനും ജോർഡനും സമാനമായ പ്രസ്താവനകൾ പുറപ്പെടുവിക്കുകയുമുണ്ടായി.
സംഘർഷം രാജ്യത്തെ ബാധിക്കാതിരിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് കുവൈത്ത്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി മുന്നൊരുക്കങ്ങൾ നടന്നുവരുകയാണ്. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും യോജിച്ച നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങൾ വേണമെന്ന നിലപാടിലാണ് കുവൈത്ത്.
മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ഇസ്രായേൽ ആക്രമണങ്ങളും ലംഘനങ്ങളും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലും ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇറാനും ജനങ്ങൾക്കും കുവൈത്ത് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കുവൈത്ത് സിറ്റി: ഇസ്രായേൽ-ഇറാൻ ആക്രമണങ്ങൾ വർധിക്കുന്നത് ഗൾഫ് മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കും. ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിറകെ ഇറാനും തിരിച്ചടി ശക്തമാക്കിയത് യുദ്ധം വ്യാപിക്കുമോ എന്ന ഭീതി ഉയർത്തിയിട്ടുണ്ട്. വിമാന സർവിസുകളുടെ താളം തെറ്റൽ, വാണിജ്യ വിമാനക്കമ്പനികൾക്ക് വൻ നഷ്ടങ്ങൾ, എണ്ണവിലയിലെ കുതിച്ചുചാട്ടം, പശ്ചിമേഷ്യൻ മേഖലയെ ആഗോള സൈനിക സംഘട്ടനത്തിലേക്ക് നയിക്കൽ എന്നിവ ഇസ്രായേൽ -ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ഉടലെടുക്കാം.
എണ്ണവിലയിൽ കുതിപ്പ്
വെള്ളിയാഴ്ച പുലർച്ച നടന്ന ഇസ്രായേലിന്റെ ആദ്യ മിസൈൽ ആക്രമണങ്ങൾക്ക് പിറകെ എണ്ണവിലയിൽ കുതിച്ചുചാട്ടം പ്രകടമായി. മധ്യപൂർവേഷ്യയിലെ പ്രധാന എണ്ണ ഉൽപാദന രാജ്യങ്ങളെ സംഘർഷം പലരൂപത്തിൽ ബാധിക്കുമെന്നതിനാൽ എണ്ണവില ഉയർത്തും.
വ്യോമയാന റൂട്ടുകളിലെ തടസ്സങ്ങൾ
വിമാനങ്ങളുടെ വൻതോതിലുള്ള വഴിതിരിച്ചു വിടലുകളും ഇറാൻ വ്യോമാതിർത്തി ഒഴിവാക്കലും അന്താരാഷ്ട്ര വ്യോമയാനത്തെ പ്രതികൂലമായി ബാധിക്കും. പശ്ചിമേഷ്യയിലും കിഴക്കൻ മേഖലയിലും സർവിസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് ഇറാനെ ഒഴിവാക്കിയുള്ള സർവിസുകൾ സമയ നഷ്ടം, വർധിച്ച ഇന്ധനച്ചെലവ് എന്നിവക്ക് കാരണമാകും. യൂറോപ്പിൽനിന്ന് ഏഷ്യയിലേക്കുള്ള യാത്രകളെ ഇതു ബാധിക്കും. ഇസ്രായേൽ -ഇറാൻ മിസൈൽ ആക്രമണം ഇറാനും ഇസ്രായേലിനും ഇടയിൽ സർവിസ് നടത്തുന്ന മറ്റു വിമാനങ്ങളെയും അയൽ രാജ്യങ്ങളുടെ വിമാന സർവിസുകളെയും ബാധിക്കും.
അയൽരാജ്യങ്ങളെ ബാധിക്കും
വിദൂര ദേശങ്ങളിലുള്ള ഇസ്രായേലും ഇറാനും മിസൈലുകൾ തൊടുത്തുവിടുന്നത് തുടരുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ അയൽരാജ്യങ്ങളെ ബാധിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഇറാഖ്, സിറിയ, ജോർഡർ, ലെബനാൻ എന്നിവിടങ്ങളിലെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാകാം. കഴിഞ്ഞ ദിവസം ഇസ്രായേൽ തടഞ്ഞ മിസൈലുകൾ തെക്കൻ സിറിയയിൽ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്. ജോർഡൻ വിമാനങ്ങൾക്കും ആകാശത്ത് പ്രശ്നങ്ങൾ അനുഭവപ്പെട്ടു.
കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച വിവിധ സർവിസുകൾ റദ്ദാക്കിയതായി കുവൈത്ത് എയർവേസ് അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് നടപടി. കുവൈത്ത്- അമ്മാൻ, അമ്മാൻ-കുവൈത്ത്, കുവൈത്ത്-ബൈറൂത്ത്, ബൈറൂത്ത്-കുവൈത്ത് സർവിസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
സുരക്ഷ സാഹചര്യം വിലയിരുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായും വിദേശകാര്യ മന്ത്രാലയവുമായും ഏകോപിപ്പിച്ചതിനുശേഷവുമാണ് റദ്ദാക്കൽ തീരുമാനമെടുത്തതെന്ന് കുവൈത്ത് എയർവേസ് വ്യക്തമാക്കി. യാത്ര റിസർവേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോൺടാക്ട് വിവരങ്ങൾ അനുസരിച്ച് യാത്രക്കാരെ വിവരങ്ങൾ അറിയിക്കും.
ജാഗ്രത പാലിക്കാൻ നിർദേശം
കുവൈത്ത് സിറ്റി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷഭരിത പ്രദേശങ്ങളിൽ താമസിക്കുന്ന പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും മേഖലയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കുവൈത്ത് പൗരന്മാർ സുരക്ഷ മുൻകരുതലുകൾ പാലിക്കണം. ആവശ്യമെങ്കിൽ അവരുടെ പ്രദേശങ്ങൾ വിട്ടുപോകാൻ തയാറാവണമെന്നും മന്ത്രാലയം പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന പൗരന്മാരോട് 159-965 +, 22225504-965 + എന്നീ ഫോൺ നമ്പറുകളിൽ സഹായം തേടാൻ ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തി വിദേശകാര്യമന്ത്രാലയം. വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ബന്ധപ്പെട്ട് സംഘർഷം ലഘൂകരിക്കുന്നതിനുള്ള നീക്കങ്ങളും നടത്തിവരികയാണ്.
വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യയും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയും ശനിയാഴ്ച വിഷയം ചർച്ച ചെയ്തു. മേഖലയിലെ സൈനിക സംഘർഷം വർധിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ, സംയുക്ത സഹകരണം ശക്തിപ്പെടുത്തൽ, മേഖലയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവ ഇരു മന്ത്രിമാരും ഫോൺ സംഭാഷണത്തിൽ ഉറപ്പുവരുത്തി.
ഖത്തർ വിദേശകാര്യ മന്ത്രി സുൽത്താൻ അൽ മുറൈഖിയുമായും ശനിയാഴ്ച മേഖലയിലെ സംഭവവികാസങ്ങൾ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ ചർച്ച ചെയ്തു. ഇറാനിലെ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ മേഖലകളിലെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ആക്രമണ പശ്ചാത്തലത്തിൽ ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ അൽ സഫാദിയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യയെ ഫോണിൽ ബന്ധപ്പെട്ടു.
ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ ഇരുവരും അവലോകനം ചെയ്തു. പ്രാദേശിക സ്ഥിരതയും സുരക്ഷയും കാത്തുസൂക്ഷിക്കാൻ സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്താനും ഏകോപനം വർധിപ്പിക്കാനും ഇരുപക്ഷവും തീരുമാനിച്ചു.
ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ് മദ് അസ്സബാഹിനെ യു.കെ പാർലിമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക, അഫ്ഗാനിസ്താൻ, പാകിസ്താൻ രാജ്യങ്ങളുടെ ചുമതലയുള്ള ഹാമിഷ് ഫാൽക്കണർ ഫോണിൽ ബന്ധപ്പെട്ടു.
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് മിഡിലീസ്റ്റിലെ സ്ഥിതിഗതികളിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷം വ്യാപിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഇരുവരും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും, സംയമനം പാലിക്കണമെന്നും കൂടുതൽ വഷളാകുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.