മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും
അംഗങ്ങളും
കുവൈത്ത് സിറ്റി: രാജ്യത്തെ മെഡിക്കൽ, ഭക്ഷ്യസുരക്ഷ സേവനങ്ങൾ വിലയിരുത്തി മന്ത്രിസഭ. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ, ഭക്ഷ്യസുരക്ഷ എന്നിവയുടെ നില മന്ത്രിമാർ വിശദീകരിച്ചു.
ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ആവശ്യമായ എല്ലാ മരുന്നുകളും മെഡിക്കൽ സാമഗ്രികളും നിലവിലുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പറഞ്ഞു.
ഭക്ഷണവും വെള്ളവും ഉൾപ്പെടെ എല്ലാം സമൃദ്ധമായി ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ വിശദീകരിച്ചു. ഭക്ഷ്യസുരക്ഷ സ്റ്റോക്ക്, തന്ത്രപ്രധാനമായ ഉൽപന്നങ്ങളുടെ ലഭ്യത, വിപണിയിലെ ചാഞ്ചാട്ടം എന്നിവ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിമാനത്താവള പദ്ധതി പുരോഗതി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ വിശദീകരിച്ചു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സംവിധാനമായ ലീഡർഷിപ് ഇൻ എനർജി ആൻഡ് എൻവയോൺമെന്റൽ ഡിസൈൻ (ലീഡ്) സർട്ടിഫിക്കേഷനുള്ള സ്വർണ റേറ്റിംഗ് വിമാനത്താവളം നേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബുബിയാൻ ദ്വീപും ഫൈലക്ക ദ്വീപും ഉൾപ്പെടെയുള്ള വടക്കൻ സാമ്പത്തിക മേഖലയെയും ദ്വീപുകളുടെയും വികസന പദ്ധതി മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മെഷാരി അവതരിപ്പിച്ചു.
എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനും വ്യാവസായിക, വാണിജ്യ, ടൂറിസം മേഖലകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒരു പ്രധാന പദ്ധതിയാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനും എതിരായ പോരാട്ടത്തെക്കുറിച്ചുള്ള കരട് ഡിക്രി നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ തുടര്ന്ന് കുവൈത്തിൽ ആവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ വാണിജ്യ മന്ത്രാലയം കർശന നടപടി തുടങ്ങി.
സഹകരണ സംഘങ്ങളിലും സെൻട്രൽ മാർക്കറ്റുകളിലും രാവിലെ-വൈകിട്ട് രണ്ട് ഷിഫ്റ്റുകളിലായി 400-ലധികം ഇൻസ്പെക്ടർമാരെ നിയോഗിച്ചു. അവശ്യവസ്തുക്കളുടെ സ്റ്റോക്ക് ഉറപ്പാക്കാനും വിതരണത്തിലുണ്ടാകാവുന്ന തടസ്സങ്ങൾ നേരത്തേ കണ്ടെത്താനുമാണ് പരിശോധന. കൃത്യമായ റിപ്പോർട്ടുകൾ ഫീൽഡ് മോണിറ്റർമാർ അധികാരികൾക്ക് സമർപ്പിക്കും. കുവൈത്ത് ഫ്ലോർ മിൽസ്, ബേക്കറീസ് കമ്പനി എന്നിവയുമായി ചേർന്നാണ് നടപടികൾ.
പരിഭ്രാന്തിയോടെ സാധനം വാങ്ങൽ ഒഴിവാക്കണമെന്നും, ആവശ്യത്തിനു മാത്രം സാധനങ്ങൾ വാങ്ങണമെന്നും അധികൃതർ പൗരന്മാരോടും പ്രവസികളോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.