മനുഷ്യാവകാശ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ അസ്സബാഹ് യോഗത്തിൽ
കുവൈത്ത് സിറ്റി: ജലാവകാശം ഉറപ്പാക്കുന്നതിൽ കുവൈത്ത് വലിയ പ്രാധാന്യം നൽകുന്നതായി മനുഷ്യാവകാശ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ അസ്സബാഹ്. ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമീഷന്റെ (ഐ.പി.എച്ച്.ആർ.സി) പതിവ് സെഷനോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവർ.
ജലത്തിനായുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശമാണ്. ഇത് ഇസ് ലാമിക ദർശനങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും ഉയർത്തിപ്പിടിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാവർക്കും ജല ലഭ്യത ഉറപ്പാക്കുകയും സംഘർഷങ്ങളിൽ ആയുധമായി അത് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്യുന്നു. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജലജന്യ രോഗങ്ങളുടെ വ്യാപനം കുറക്കലും ലക്ഷ്യമിട്ട് 125ൽ അധികം ജല, ശുചിത്വ പദ്ധതികൾക്ക് ധനസഹായം നൽകിയിട്ടുള്ള കുവൈറ്റ് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ (കെ.എഫ്.എ.ഇ.ഡി) നിർണായക പങ്ക് ശൈഖ ജവഹർ ചൂണ്ടിക്കാട്ടി.
മൊത്തം ധനസഹായ സംരംഭങ്ങളുടെ 15 ശതമാനവും ഈ ഫണ്ടിലാണെന്നും ചൂണ്ടിക്കാട്ടി.
ലോക ജല സംഘടനയിലേക്കുള്ള പ്രവേശനം ഉൾപ്പെടെ, ജല വെല്ലുവിളികളെ നേരിടാനുള്ള കുവൈത്തിന്റെ അന്താരാഷ്ട്ര ശ്രമങ്ങളെയും അവർ എടുത്തുപറഞ്ഞു. ‘ജലാവകാശം: മനുഷ്യാവകാശ വീക്ഷണം’ എന്ന തലക്കെട്ടിലായിരുന്നു ഒ.ഐ.സിയുടെ ഐ.പി.എച്ച്.ആർ.സിയുടെ 25ാമത് പതിവ് സെഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.