കുവൈത്ത് സിറ്റി: മലയാളികൾ റെനെച്ചായൻ എന്ന ഒാമനപ്പേരിട്ട് വിളിച്ച കഴിഞ്ഞ സീസൺ തുടക്കത്തിലെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മ്യൂളൻസ്റ്റീൻ കുവൈത്തിൽ. കുവൈത്തിനെതിരെ സൗഹൃദമത്സരം കളിക്കാനെത്തിയ ആസ്ട്രേലിയയുടെ സഹപരിശീലകനാണ് അദ്ദേഹമിപ്പോൾ. ഗ്രഹാം അർണോൾഡ് ആണ് ഒാസിസിെൻറ മുഖ്യപരിശീലകൻ.
കളിക്കാർക്ക് നിർദേശങ്ങൾ നൽകുകയും തന്ത്രങ്ങൾ മെനഞ്ഞുനൽകുകയും ചെയ്യുന്നതിൽ സജീവമാണ് റെനെ. മാഞ്ചസ്റ്റർ യുനൈറ്റഡിൽ അലക്സ് ഫെർഗൂസണിെൻറ സഹപരിശീലകനായിരുന്ന റെനെ മ്യൂളൻസ്റ്റീനെ ഏറെ കൊട്ടിഘോഷിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ആനയിച്ചത്. എന്നാൽ, പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാൻ കഴിയാതെ സീസൺ ഇടക്കുവെച്ച് അദ്ദേഹം രാജിവെക്കുകയാണുണ്ടായത്. ടീമിലെ പടലപ്പിണക്കവും തുടരൻ പരാജയങ്ങളും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ കെടുത്തി. രാജിവെച്ചൊഴിഞ്ഞ റെനെക്ക് പകരം ആദ്യ സീസണിലെ മാർക്വീ താരവും മുൻ ഇംഗ്ലണ്ട് ഗോൾകീപ്പറുമായ ഡേവിഡ് ജയിംസ് എത്തി. അദ്ദേഹം തന്നെയാണ് ഇൗ സീസണിലും ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്.
കുവൈത്തിനെ നിസ്സാരമായി കാണുന്നില്ലെന്നും എതിരാളികളെ ബഹുമാനിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും മ്യൂളൻസ്റ്റീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.എ.ഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് ടീമിനെ ഒരുക്കുന്നതിന് മുന്നോടിയായാണ് ആസ്ട്രേലിയ കുവൈത്തുമായി സൗഹൃദ മത്സരം കളിക്കുന്നത്. ഏഷ്യാ കപ്പിൽ സിറിയ, ഫലസ്തീൻ, ജോർഡൻ എന്നിവക്കൊപ്പം ബി ഗ്രൂപ്പിലാണ് കങ്കാരുക്കൾ. ജനുവരി എട്ടിന് ജോർഡനെതിരെയാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.