കുവൈത്തിലെ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: ഞായറാഴ്ച നടന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വേദിയായി. കുവൈത്ത് സമയം രാവിലെ 11.30 മുതൽ 2.50 വരെ നടന്ന പരീക്ഷയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. രാവിലെ 8.30 മുതൽ പരീക്ഷകേന്ദ്രത്തിൽ രജിസ്ട്രേഷൻ ഡെസ്ക് പ്രവർത്തനമാരംഭിച്ചു. കർശനമായ സുരക്ഷപരിശോധനകളും ശരീരതാപനില പരിശോധനയും നടന്നു. രക്ഷിതാക്കളെയും കൂടെ വന്നവരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
കഴിഞ്ഞ വർഷമാണ് ഇന്ത്യക്കു പുറത്ത് ആദ്യമായി നീറ്റ് പരീക്ഷക്ക് വേദിയൊരുക്കിയത്. ആദ്യം കുവൈത്തിൽ പ്രഖ്യാപിക്കുകയും പിന്നീട് യു.എ.ഇയിൽകൂടി നടത്തുകയുമാണ് അന്നുണ്ടായത്. കഴിഞ്ഞ വർഷം ഇന്ത്യൻ എംബസി അങ്കണത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയാണ് കുവൈത്തിൽ പരീക്ഷ നടത്തിയിരുന്നത്. ഇന്ത്യൻ എംബസി വിശദമായ മാർഗനിർദേശങ്ങൾ മുമ്പുതന്നെ ഉദ്യോഗാർഥികൾക്ക് നൽകിയിട്ടുണ്ടായിരുന്നതിനാൽ പരീക്ഷ നടത്തിപ്പ് ഇത്തവണയും കാര്യക്ഷമതയോടെ നടന്നു.
സഹകരിച്ചവർക്ക് എംബസി നന്ദി അറിയിച്ചു
കുവൈത്ത് സിറ്റി: നീറ്റ് പരീക്ഷ വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച ഇന്ത്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അധികാരികൾക്കും എംബസിയുമായി ചേർന്ന് പ്രവർത്തിച്ച ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മാനേജ്മെന്റിനും സ്റ്റാഫിനും നന്ദി പ്രകാശിപ്പിച്ച് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പ് ഇറക്കി. കുവൈത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് എംബസിയുടെ മേൽനോട്ടത്തിൽ നീറ്റ് പരീക്ഷ നടക്കുന്നത്.
2021ൽ ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ കേന്ദ്രം ആദ്യമായി അനുവദിച്ചപ്പോൾ കുവൈത്തിലാണ് ആദ്യം അനുവദിക്കപ്പെട്ടത്. അന്ന് എംബസിയിലായിരുന്നു പരീക്ഷ വേദി. കുവൈത്തിൽ വീണ്ടും പരീക്ഷകേന്ദ്രം അനുവദിച്ചതിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ പേരിൽ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും എംബസി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.