ഉസ്മാൻ മാരത്ത് ‘ജാ​ക്സ​ൺ ബ​സാ​ർ യൂ​ത്ത്’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ 

സിനിമാകഥയെ വെല്ലുന്ന ജീവിതകഥ; ദുരിതകാലങ്ങൾ താണ്ടി ഉസ്മാൻ മാരാത്തിന്റെ ‘ജാക്സൺ ബസാർ യൂത്ത്’ ഒരുങ്ങുന്നു


‘ജാക്സൺ ബസാർ യൂത്തി’നായി നാട്ടിൽ സെറ്റൊരുങ്ങിത്തുടങ്ങി. സെറ്റും ഷൂട്ടും സജ്ജമായ സിനിമയുടെ ലോകത്തിലേക്കായിരുന്നു 2022 മാർച്ച് 28ന് ഉസ്മാൻ മാരത്ത് ഖത്തറിനോട് യാത്രപറഞ്ഞ്, കഴിഞ്ഞ ദുരിതകാലങ്ങളെല്ലാം വിട്ടെറിഞ്ഞ് പറന്നിറങ്ങിയത്

തിരയടങ്ങിയ കടൽപോലെ ശാന്തമാണ് ഈ മനുഷ്യനിപ്പോൾ. പെയ്തുതോരാത്ത മഴയിൽ ഇരുണ്ട ആകാശത്തിനു കീഴിലായിരുന്നു ഇതുവരെ യാത്ര. കാറ്റുംകോളും നിറഞ്ഞ് സംഹാരതാണ്ഡവമാടുന്ന തിരമാലകൾക്കിടയിൽ വീണുപോകാതെ ജീവിതനൗക വിജയകരമായി തീരമണയിച്ച നാവികന്റെ ആത്മവിശ്വാസമുണ്ടിപ്പോൾ. കഴിഞ്ഞ അഞ്ചാറു വർഷംകൊണ്ട് ഒരായുസ്സിന്റെ അനുഭവങ്ങൾ താണ്ടിയ കഥ തൃശൂർ-മലപ്പുറം അതിർത്തിയിലെ അണ്ടത്തോട് എന്ന ഗ്രാമത്തിലെ വീട്ടിലിരുന്ന് പറയുകയാണ് ഉസ്മാൻ മാരാത്ത് എന്ന പ്രവാസ ലോകത്തെ കലാകാരൻ.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവാസികൾക്കിടയിൽ നാടകവും കഥയെഴുത്തും സംവിധാനങ്ങളുമായി ശ്രദ്ധേയനായ ഉസ്മാൻ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന എഴുത്തുകാരനായാണ് പെരുന്നാൾ ഒരുക്കത്തിനിടെ ആ കഥക്കെട്ട് തുറക്കുന്നത്. കഴിഞ്ഞതെല്ലാം ഒരു കെട്ടുകഥപോലെ ഓർമകളുടെ മട്ടുപ്പാവിലേക്ക് കയറ്റിവിട്ട് മൈലാഞ്ചിച്ചുവപ്പും പുതുവസ്ത്രത്തിന്റെ തിളക്കവുമായി ഭാര്യ മുബീനയും മക്കളും പെരുന്നാൾ ആഘോഷമാക്കുന്നു.

മേയ് മാസത്തിൽ തിയറ്റർ റിലീസിനൊരുങ്ങുന്ന ഷമൽ സുലൈമാൻ സംവിധായകനായ ‘ജാക്സൺ ബസാർ യൂത്ത്’ സിനിമയുടെ എഴുത്തുകാരൻ എന്ന മേൽവിലാസമാണ് ഉസ്മാനിപ്പോൾ. തന്റെ തൂലികയിൽ കഥയും തിരക്കഥയും സംഭാഷണവും പിറന്ന സിനിമക്കായി മലയാള സിനിമ ലോകം കാത്തിരിക്കുമ്പോൾ, സിനിമാകഥയെ വെല്ലുന്ന ക്ലൈമാക്സുകൾ മാറിമറിഞ്ഞ ജീവിതകഥ ഓർമകളിൽ മിന്നിമായുന്നുണ്ട്.

അതിൽ തൊഴിൽ തേടിയെത്തിയ നാട്ടുമ്പുറത്തുകാരനായ പ്രവാസിയുണ്ട്, അവനൊപ്പം കുഞ്ഞുന്നാളിൽ ഒപ്പംകൂടിയ നാടകവും എഴുത്തുമുണ്ട്, ബിസിനസിലൂടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളുണ്ട്. ട്വിസ്റ്റായി കടന്നുവരുന്ന കേസുകെട്ടുകളും ജയിലും. എല്ലാം തകർന്ന് അഴികൾക്കുള്ളിൽ ആരും സഹായിക്കാനില്ലാതെ നാളുകൾ എണ്ണി കാത്തിരിക്കുമ്പോൾ മലാഖമാരെപ്പോലെയെത്തി താങ്ങായി മാറുന്ന സൗഹൃദങ്ങൾ. എല്ലാം സമർപ്പിച്ച് കൂട്ടുകാരനെ സംരക്ഷിച്ച്, നിയമക്കുരുക്കിൽനിന്നും അവന് രക്ഷയൊരുക്കുന്ന കൂട്ടുകാർ... നിയമനടപടികൾ പൂർത്തിയാവാത്തതിനാൽ അനന്തമായി വൈകുന്ന നാട്ടിലേക്കുള്ള മടക്കവും മകനെ കാണാനാവാത്ത പിതാവിന്റെ വേർപാടും അഞ്ചു മക്കളെയും മാതാവിനെയും സംരക്ഷിച്ചുകൊണ്ടുള്ള പ്രിയതമയും സഹനവുമെല്ലാമായി നീണ്ടുകിടക്കുന്ന ഒരു ലൈഫ് സ്റ്റോറി.

ഇത് സിനിമയാണോ, അതോ ജീവിതമാണോ എന്ന് ചോദിക്കുമ്പോൾ ഉസ്മാൻ മാരാത്തിനും ഒരു മറുപടിയേ ഉള്ളൂ. ബെന്യാമിന്റെ ആടുജീവിതം നോവലിൽ കുറിച്ചതുപോലെ- ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’.

പ്രവാസം, ജീവിതം, നാടകം

കലാജീവിതത്തിന്റെ തുടക്കം എവിടെയെന്ന് ചോദിച്ചാൽ ഓർമകൾ ഒരു ഫ്ലാഷ് ബാക്ക് പോലെ പഴയകാല മദ്റസ കലാപരിപാടികളുടെ വേദികളിലേക്ക് ഓടിയെത്തും. നബിദിന പരിപാടികളിൽ സുലഭമായി ലഭിക്കുന്ന അവസരങ്ങളിൽ സംഭാഷണങ്ങൾ അവതരിപ്പിച്ച് സ്റ്റേജിനെ ഒപ്പംകൂട്ടിയതായിരുന്നു ഉസ്മാൻ. സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ നാടക പുസ്തകം വാങ്ങി കൂട്ടുകാർക്കൊപ്പം അവതരിപ്പിച്ചുകൊണ്ട് നാടകലോകത്തേക്ക് അരങ്ങേറ്റം കുറിച്ചു. പിന്നെ, കലിംഗ തിയറ്റേഴ്സിന്റെയും കെ.പി.എ.സിയുടെയുമെല്ലാം നാടകങ്ങൾ കണ്ടും പ്രഫഷനൽ നാടകങ്ങളെ അടുത്തറിഞ്ഞും തന്റെ വഴി നാടകമെന്നുറപ്പിച്ച കൗമാരക്കാരൻ, റേഡിയോ നാടകങ്ങളും കോളജ് പഠനകാലത്ത് നാടകങ്ങൾ അവതരിപ്പിച്ചും സജീവമായി. ശേഷം സ്കൂൾതലത്തിലെ കുട്ടികൾക്ക് യുവജനോത്സവ വേദികളിലേക്ക് നാടകങ്ങൾ ഒരുക്കലായി. ജില്ല-സംസ്ഥാന തലങ്ങളിൽ വരെ താൻ എഴുതി സംവിധാനം ചെയ്ത നാടകങ്ങളുമായി ജൈത്രയാത്ര നടത്തിയവൻ വൈകാതെ തന്നെ ജീവിതപ്രാരബ്ധങ്ങളാൽ പ്രവാസത്തിലേക്ക് പറിച്ചുനടപ്പെട്ടു. അക്കൗണ്ടിങ് പ്രഫഷനുമായി 2006ൽ ദുബൈയിലെത്തിയ ഉസ്മാന്റെ ജീവിതത്തിൽനിന്ന് കലയും നാടകവുമെല്ലാം ഇറങ്ങിപ്പോയി. അഞ്ചു വർഷത്തോളം നീണ്ട ദുബൈയിലെ ജീവിതത്തിൽ കമ്പനിയുടെ വരവുചെലവ് കണക്കുകളും ബാലൻസ് ഷീറ്റുമായി ജീവിതം.

ആഗ്രഹിച്ചിടത്ത് എത്തിയില്ലെന്ന ചിന്തകൾക്കൊടുവിൽ ദുബൈയിൽനിന്ന് ഖത്തറിലേക്കുള്ള മാറ്റമായി. 2011ൽ ഖത്തറിലെത്തുകയും പരസ്യ കമ്പനി ഉൾപ്പെടെയുള്ള മേഖലകളിൽ നന്നായി പ്രവർത്തിക്കുകയും ചെയ്ത കാലത്തിനൊപ്പം പാതിവഴിയിൽ നിലച്ച കലാ പ്രവർത്തനങ്ങളും സജീവമായി. ഒഴിവുസമയങ്ങളിൽ കൂട്ടുകാർക്കൊപ്പം ചേർന്ന് നാടകവും സ്റ്റേജ് ഷോകളും ഷോർട്ട് ഫിലിമുകളുമായി വീണ്ടും അരങ്ങിന്റെ തിളക്കത്തിലേക്കെത്തി. സമകാലിക വിഷയങ്ങളും ക്ലാസിക്കൽ സ്റ്റോറികളുമെല്ലാം ഷോർട്ട് ഫിലിമുകളും നാടകങ്ങളുമായി ഖത്തറിലെ വേദികളിൽ ഉസ്മാൻ ഒരു പുതുമയുള്ള കലാകാരനായി ശ്രദ്ധേയനായി മാറുകയായിരുന്നു. തനിമ ഖത്തർ നേതൃത്വത്തിൽ ഒരുക്കിയ പ്രവാചക അനുചരൻ ബിലാലിന്റെ കഥപറയുന്ന ‘നക്ഷത്രങ്ങൾ കരയാറില്ല’ എന്ന സംഗീതനാടകാവിഷ്കാരം പ്രവാസ ലോകത്തെ വ്യത്യസ്തമായൊരു കലാനുഭവമായി മാറി. ഇതിനിടയിലായിരുന്നു ജീവിതം തന്നെ മാറ്റിമറിച്ച ചില തീരുമാനങ്ങളിലേക്ക് രംഗം മാറുന്നത്.

രംഗം രണ്ട്; തിരക്കഥയിലില്ലാത്ത ജീവിതങ്ങൾ

സത്യസന്ധനായ ഒരു കലാഹൃദയവും ജാഗ്രതകൾ വേണ്ട ബിസിനസും ഒന്നിച്ച് മിടിക്കില്ലെന്ന് ജീവിതംകൊണ്ട് തിരിച്ചറിഞ്ഞവരിലൊരാളാണ് ഉസ്മാൻ. തന്റെ തിരക്കഥകളിലില്ലാത്തൊരു ജീവിതകാലം ആടിത്തീർക്കേണ്ടി വന്ന കാലമായിരുന്നു അത്. സുഹൃത്തിനൊപ്പം ചേർന്ന് ഖത്തറിൽ ആരംഭിച്ച ‘സീ ഫുഡ്’ ബിസിനസ് അതുവരെ സുഖമമായി മുന്നോട്ടുപോയ അരങ്ങിനെ താളംതെറ്റിച്ചു. നന്നായി തുടങ്ങി വിജയകരമായി പോയ സംരംഭത്തിൽ ഒപ്പംനിന്നവരുടെ ചതി മനസ്സിലാക്കാൻ ഏറെ വൈകിയിരുന്നു. അപ്പോഴേക്കും ബിസിനസ് തട്ടിയെടുത്തവർ തീർത്ത കെണികൾ ഉസ്മാനെ ജയിലഴികൾക്കുള്ളിലെത്തിച്ചു. നേരത്തെ പലയിടങ്ങളിലായി നൽകിയ ചെക്കുകൾ ബൗൺസായി മടങ്ങിയപ്പോൾ കേസുകൾ ഒന്നിനുമീതെ ഒന്നായി ഒപ്പുകാരനെ തേടിയെത്തി. തലയുയർത്താനാവാത്ത ലക്ഷങ്ങളുടെ ബാധ്യതയുമായി ഖത്തറിലെ ജയിലിൽ കഴിഞ്ഞത് രണ്ടു മാസത്തോളം. സംവിധായകന്റെ കൈയൊതുക്കത്തിൽനിന്നും വഴുതിയ ഒരു ‘ജീവിതനാടകം’ അവിടെ തുടങ്ങുകയായിരുന്നു. ഇരുളടഞ്ഞ കാലങ്ങൾ, നാട്ടിലെ കുടുംബം, കേസിനു പിന്നാലെ കുമിഞ്ഞുകൂടിയ ബാധ്യത, നാടകവും സിനിമയുമെന്ന പുതുജീവിതത്തിന്റെ സ്വപ്നങ്ങൾ...

‘എല്ലാം തകർന്നുപോയെന്ന് കരുതിയ കാലമായിരുന്നു അത്. ജയിലിലും പിന്നെ ജാമ്യം നേടിയപ്പോൾ റൂമും മാത്രമായി വിഷാദം മൂടികെട്ടിയ നാളുകൾ. ആ കാലത്തുണ്ടായ തിരിച്ചറിവിൽ ബിസിനസല്ല, ഉള്ളിലെ കല കൊണ്ടുതന്നെ ജീവിതം തിരിച്ചുപിടിക്കാമെന്ന് മനസ്സു പറഞ്ഞു. സ്റ്റേജ് ഷോകൾക്കും നാടകത്തിനുമപ്പുറം സിനിമ വഴികാണിക്കുമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു..’ -ജീവിതത്തിലെ ആ നാളുകളെ കുറിച്ച് ഉസ്മാൻ ഓർക്കുന്നു.

ശാന്തമായ കടലിൽ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കപ്പൽ കാറ്റിൽ ഉലഞ്ഞുപോയ അവസ്ഥ. ജയിലും പിന്നീടുള്ള യാത്രവിലക്കുമായതോടെ നാട്ടിലേക്കുള്ള യാത്ര അനന്തമായി നീണ്ടു. പണം നൽകേണ്ടവർ തേടിയെത്തിക്കൊണ്ടിരുന്നു. വാറന്റുള്ളതിനാൽ പുറത്തിറങ്ങാനാവാതെ മുറിയിൽ തന്നെ രാവും പകലും തള്ളിനീക്കി. ഇതിനിടയിൽ മകനെ കാണാനുള്ള വേദനകളുമായി പിതാവിന്റെ മരണം. ഏതൊരു പ്രവാസിയും തകർന്നുപോകുന്ന നാളുകളിൽ ഉള്ളിലെ തീപ്പൊരിയായി അണയാതെ നിന്ന കലയായിരുന്നു തനിക്ക് ജീവിക്കാനുള കരുത്ത് സമ്മാനിച്ചതെന്ന് ഉസ്മാൻ പറയുന്നു.

സ്റ്റേജ് ഷോകളും നാടകങ്ങളും ഷോർട്ട്ഫിലിമുമായി അപ്പോഴും സജീവമായി. സാമൂഹിക മാധ്യമങ്ങളിലും പുതുമയേറിയ ആവിഷ്കാരങ്ങൾ പ്രകടിപ്പിച്ചു. ഇതിനിടയിലാണ് സംവിധായകനും അടുത്ത സുഹൃത്തുമായ സക്കരിയ സിനിമ ചർച്ചകളുമായി ഉസ്മാനെ രംഗത്തിറക്കുന്നത്. അങ്ങനെ, കഥക്കൂട്ടുകളുടെ പുസ്തകങ്ങൾ വീണ്ടും തട്ടിയെടുത്ത് എഴുത്തു തുടങ്ങി. രണ്ടു മൂന്ന് കഥകളുമായി നാടിനെയും കുടുംബത്തെയും സ്വപ്നം കണ്ട് ഗതിതെറ്റിയ കപ്പലിനെ ലക്ഷ്യത്തിലേക്ക് നയിച്ചു. കേസുകെട്ടുകളും കടബാധ്യതകളും തീർക്കാനായി ഖത്തറിലെ കൂട്ടുകാർ ഒപ്പം കൂടി. അവർ ഉസ്മാനുവേണ്ടി അരങ്ങൊരുക്കി കൈകോർത്തു. പത്തുവർഷം മുമ്പ് അവതരിപ്പിച്ച ‘നക്ഷത്രങ്ങൾ കരയാറില്ല’ വീണ്ടും അരങ്ങിലെത്തി. പലവഴികളിൽ കൂട്ടുകാർ ഒന്നായപ്പോൾ 85 ലക്ഷം രൂപയോളം വരുന്ന ബാധ്യതകൾ കൊടുത്തുവീട്ടിയും കേസുകൾ തീർപ്പാക്കിയും നാട്ടിലേക്കുള്ള യാത്രക്ക് വഴിയൊരുങ്ങി.

അപ്പോഴേക്കും എഴുതിത്തീർത്ത ‘ജാക്സൺ ബസാർ യൂത്തി’നായി നാട്ടിൽ സെറ്റൊരുങ്ങിത്തുടങ്ങി. സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. അഭിനേതാക്കളും അണിയറ പ്രവർത്തകരും തയാറായി. സക്കരിയയും ഖത്തറിലെ സുഹൃത്തുക്കളായ ഷാഫി വലിയപറമ്പും ഡോ. സൽമാനും നിർമാതാക്കളായി. സെറ്റും ഷൂട്ടും സജ്ജമായ സിനിമയുടെ ലോകത്തിലേക്കായിരുന്നു 2022 മാർച്ച് 28ന് ഉസ്മാൻ മാരത്ത് ഖത്തറിനോട് യാത്രപറഞ്ഞ്, കഴിഞ്ഞ ദുരിതകാലങ്ങളെല്ലാം വിട്ടെറിഞ്ഞ് പറന്നിറങ്ങിയത്.

 ഉ​സ്മാ​ൻ മാ​രാ​ത്ത് കു​ടും​ബ​ത്തി​നൊ​പ്പം

***

അഞ്ചു വർഷത്തോളം നാട്ടിലേക്ക് മടങ്ങാനാവാതെ കേസും ദുരിതങ്ങളുമായി ഉസ്മാൻ ഖത്തറിലായപ്പോൾ ഭാര്യ മുബീന കുടുംബത്തിന്റെ നട്ടെല്ലായി മാറി. സാഹചര്യം അവളെ കരുത്തുള്ളവളാക്കിയെന്ന് ഉസ്മാന്റെ വാക്കുകൾ. അഞ്ചു മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ കാര്യങ്ങളുമായി ഭാര്യ ആ പരീക്ഷണ കാലത്ത് കൂടുതൽ ശക്തിയോടെ നിന്നു. ‘ബിസിനസ് പൊട്ടിയ പ്രവാസിയെ സമൂഹം സാമ്പത്തിക കുറ്റവാളിയായാണ് ചിത്രീകരിക്കുക. ഈ അവസ്ഥ ഞാൻ നന്നായി അനുഭവിച്ചു. ഒരുഘട്ടം കഴിഞ്ഞപ്പോൾ എന്റെ അവസ്ഥ ഞാൻ വിളിച്ചുപറയാൻ തുടങ്ങി. അതോടെയാണ് സഹായങ്ങൾ എത്തിയത്’ -ഉസ്മാൻ പറയുന്നു.

ഒരു സിനിമാകഥയെ വെല്ലുന്ന ജീവിതകഥ ഉസ്മാൻ പറഞ്ഞവസാനിപ്പിക്കുകയാണ്. ‘ജാക്സൺ ബസാർ യൂത്തിന്റെ’ ബാൻഡുവാദ്യം തിയറ്ററുകളിൽ മുഴങ്ങാൻ സമയമായി. സിനിമ മാത്രമല്ല, ഒരു അതിജീവനത്തിന്റെ ഫലംകൂടിയാണ് ബിഗ് സ്ക്രീനിൽ നിറയുന്നത്.

Tags:    
News Summary - A life story that beats a movie story; Usman's 'Jackson's Bazar Youth' is getting ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.