ആ ‘ഓറഞ്ചു മനുഷ്യരാണ്’ നമ്മളെ നമ്മളാക്കിയത്…

വിക്ടർ ഹ്യുഗോയുടെ ‘പാവങ്ങളി’ൽ ജീൻ വാൽ ജീനിന് തല ചായ്ക്കാൻ ഒരിടം കിട്ടാതെ പോകുന്നത് അയാളുടെ ‘പാസ്സ്പോർട്ടിന്’ മഞ്ഞനിറം ആയതിനാലാണ്. ജയിൽമോചിതനായപ്പോൾ ജീൻ വാൽജീനിന് കിട്ടിയ മഞ്ഞ ടിക്കറ്റ് ഒരടയാളമായിരുന്നു, അയാളൊരു തടവുപുള്ളിയായിരുന്നു എന്നതിന്റെ അടയാളം. പോകുന്ന എല്ലായിടത്തും അയാൾ അത് കാണിയ്ക്കണം എന്നാണു നിയമം.

ഒരിക്കലും അയാൾക്ക് തിരുത്താനാവാത്ത ഭൂതകാലത്തിന്റെ ചാപ്പയാണ് ആ മഞ്ഞ ടിക്കറ്റ്. ആ സർക്കാർരേഖ പുരോഹിതനെ കാണിച്ചുകൊണ്ട് ജീൻ വാൽജീൻ പറയുന്നു, “ഇതാണെന്റെ മോചനരേഖ. പക്ഷെ എല്ലാവരും എന്നെ ആട്ടിയകറ്റുന്നതും ഇത് കാരണമാണ്.” ‘പ്രത്യേക നിറം കുത്തിയ ടിക്കറ്റോടുകൂടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമേയല്ല’ എന്ന് അയാൾ സങ്കടപ്പെടുന്നു.

പൗരനുമേൽ സർക്കാർ കുത്തിയ വിവേചനത്തിന്റെ നിറത്തെ, മഞ്ഞ ടിക്കറ്റിനെ, വിക്ടർ ഹ്യുഗോ തന്റെ ഇതിഹാസ നോവലിലുടനീളം ഒരു സൂചകമായി ഉപയോഗിച്ചിരിക്കുന്നു.
ദരിദ്രനായ പൗരനെ ഭരണകൂടം എങ്ങനെ കാണുന്നു എന്നതിന്റെ അടയാളം.

വിശന്നുകരയുന്ന കുടുംബത്തിനുവേണ്ടി ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചതിനാണ് ജീൻ വാൽജീൻ ആദ്യമായി ജയിലിലായത് എന്നതൊന്നും ആർക്കും അറിയേണ്ട. ആ ‘മഞ്ഞ പാസ്‌പോർട്ടിന്റെ’ പേരിൽ അയാൾ എല്ലാ വഴിയമ്പലങ്ങളിൽനിന്നും ആട്ടിയകറ്റപ്പെടുന്നു.

ജീൻ വാൽജീനിന്റെ പെങ്ങളെപ്പോലെ വിശന്നുകരയുന്നവർ കുറവായിരുന്നില്ല, മുപ്പതു വർഷം മുൻപുവരെ കേരളത്തിൽ. ഇപ്പോൾ മുപ്പതിനു മുകളിൽ പ്രായത്തിൽ നിൽക്കുന്ന എല്ലാവർക്കും ഓർമ്മയുണ്ടാവും, പത്തു മുളകും ഒരു മുറി തേങ്ങയും നാഴിയരിയും കടം ചോദിച്ചു അയൽ വീടുകളിലേക്ക് അമ്മമാർ ഓടിച്ചിരുന്ന കുട്ടികളെ. ചക്കയും കപ്പയും മുളകും ചുട്ടമീനും മാത്രം പാത്രങ്ങളിൽ നിരന്ന ദാരിദ്ര്യത്തിന്റെ ഊണുകാലങ്ങളെ.

ശീലമായിപ്പോയ ആ ദാരിദ്ര്യങ്ങളിൽനിന്നും മലയാളിയെ വലിയൊരളവ് രക്ഷിച്ചെടുത്തത് ജീവിതം തേടി നാടുവിട്ടുപോയവരാണ്. ഇന്ന് നമ്മൾ ‘പ്രവാസികൾ’ എന്നൊക്കെ ഭംഗിയോടെ വിളിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഒട്ടും ഭംഗിയില്ലാത്ത ഭൂതകാലമാണ് നാം ഇന്ന് അനുഭവിക്കുന്ന സമ്പന്നത, കേരളം വിശേഷിച്ചും.

ഗൾഫിലേയ്ക്കു മാത്രമല്ല, ആദ്യമൊക്കെ ബോംബെയിലേക്കും മദിരാശിയിലേക്കും. പിന്നെ ഭാരതത്തിനു പുറത്തു ചെന്നെത്താവുന്ന എല്ലാ രാജ്യങ്ങളിലേക്കും മലയാളി പോയി. ആണും പെണ്ണും പോയി. കപ്പൽ കയറിയും പറന്നും പോയി, കടം വാങ്ങിയും കിടപ്പാടം പണയംവെച്ചും പോയി. പലരും രക്ഷപ്പെട്ടു. ഒരുപാട് പേർ ആയുസും ആരോഗ്യവും തകർന്നു തിരിച്ചെത്തി. ചിലർ തിരിച്ചുവരാൻപോലും ആവാതെ ചെന്നെത്തിയ ഇടങ്ങളിൽ ഒടുങ്ങി അവിടെത്തന്നെ മണ്ണായി.

കേരളത്തെ ഇന്നത്തെ സാക്ഷര സുന്ദര കേരളമാക്കിയ പരിഷ്കരണങ്ങളെക്കുറിച്ചു നാം എപ്പോഴും വാചാലരാകും. വലിയ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, നേതാക്കൾ, ഇടതുപക്ഷം, ഭൂപരിഷ്കരണം, സാക്ഷരതായജ്ഞം, അങ്ങനെയങ്ങനെ ഒത്തിരി. കൂട്ടത്തിൽ നാം പലപ്പോഴും പറയാൻ വിട്ടുപോകുന്ന ഒന്നാണ് പ്രവാസി ചിന്തിയ ചോരയും വിയർപ്പും.

സത്യത്തിൽ ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ ഏറ്റവും വലിയ ഘടകം പ്രവാസമാണ്. ജീവിതം പണയംവെച്ചു മലയാളി നീന്തിയ പ്രവാസക്കടലിന്റെ കണ്ണീരാണ് നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ പല പുളപ്പുകളും. ഒരു ചരിത്രപുസ്തകത്തിലും എഴുതപ്പെടാതെപോയ ഏറ്റവും വലിയ സാമൂഹിക പരിഷ്കരണമായിരുന്നു മലയാളിയുടെ പ്രവാസം.

വേണ്ടതെല്ലാം നമുക്ക് തന്നിട്ടും നമ്മുടെ രാജ്യം ഒരിക്കലും തിരിച്ചു നന്ദി കാണിക്കാത്ത ഒരു സമൂഹമാണ് പ്രവാസികൾ. ഇന്നും ലോകത്തെ ഏറ്റവും വലിയ കൂലിപ്പട ഇന്ത്യക്കാരാണ്.

ലോകത്തെ ഇരുപത് തൊഴിലാളികളിൽ ഒരാൾ വീതം ഇപ്പോഴും ഇന്ത്യക്കാരനാണ്. 4,83,000 കോടി രൂപയാണ് അവർ ഒരു വര്‍ഷം ഇന്ത്യയിലേക്ക് അയക്കുന്നത്. പക്ഷെ, ജോലി നഷ്ടപ്പെട്ടോ ആരോഗ്യം തകർന്നോ തിരിച്ചെത്തുന്ന ഒരു പ്രവാസിക്ക് ഇന്നും ഈ നാട്ടിൽ ഒരു സഹായവും കിട്ടില്ല. അവന്റെ മുന്നിൽ ഇരുൾ മാത്രം ബാക്കി.

അങ്ങനെ, എന്നും നമ്മുടെ ഭരണകൂടം അവഗണിച്ച പ്രവാസികളിൽ വലിയൊരു വിഭാഗത്തെയാണ് നമ്മുടെ രാഷ്ട്രം ഇപ്പോൾ ഓറഞ്ചു ചാപ്പകൂടി കുത്തി തരംതിരിക്കുന്നത്, പത്താം ക്ലാസ് പാസാകാത്ത എല്ലാ പ്രവാസികൾക്കും ഓറഞ്ച് പാസ്പോർട്ട് എന്ന തീരുമാനത്തിലൂടെ.

ചിട്ടപ്പടി പ്രതിഷേധത്തിന് അപ്പുറം കേരളമെങ്കിലും ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കണം. തീരുമാനം മാറ്റിയ്ക്കണം. കാരണം, എല്ലാ വ്യത്യാസങ്ങൾക്കും അപ്പുറം ഭാരതീയനെ ലോകത്തെവിടെയും അടയാളപ്പെടുത്തുന്ന രേഖയായിരുന്നു പാസ്പോർട്ട്. അത് അന്നും ഇന്നും സാധാരണക്കാരന്റെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടാണ്.

എനിക്ക് ഇപ്പോഴും ഓർമയുണ്ട്, വീട്ടിൽ ആദ്യമായി ഏട്ടന് പാസ്പോർട്ട് കിട്ടിയപ്പോൾ നിറഞ്ഞ സന്തോഷം. കാൽ നൂറ്റാണ്ടു മുൻപായിരുന്നു അത്. അപേക്ഷിച്ചു കഴിഞ്ഞപ്പോൾ വെരിഫിക്കേഷനു വന്ന പോലീസുകാരന്റെ കൈയിലേക്ക് ഏട്ടൻ വെച്ചുകൊടുത്ത മുഷിഞ്ഞ അമ്പതുരൂപ നോട്ടുപോലും ഓർമ്മയിലുണ്ട്. പട്ടിണിയിലായ ഒരു വീടിന്റെ അതിജീവന ശ്രമത്തിന്റെ ആദ്യ ചിഹ്നമായിരുന്നു നീലിച്ച പുറംചട്ടയിൽ രാഷ്ട്രമുദ്രയുള്ള ആ പുസ്തകം.

വെരിഫിക്കേഷനിലൂടെ പോലീസ് സാക്ഷ്യപ്പെടുത്തുന്ന ഏക തിരിച്ചറിയൽ രേഖയായിരുന്നു ഇതുവരെ പാസ്പോർട്ട്. വിലാസവും പ്രധാന കുടുംബബന്ധങ്ങളും സ്ഥാപിക്കാനുള്ള ഏറ്റവും ആധികാരിക രേഖ. ഇപ്പോൾ, അവസാന പേജ് ഇല്ലാതാക്കാനുള്ള തീരുമാനത്തോടെ ആ സ്ഥാനവും പാസ്‌പോർട്ടിന് നഷ്ടമാവുകയാണ്.

ഓറഞ്ച് വെറുമൊരു നിറമല്ല. ലോകത്തു പല രാജ്യങ്ങളിലും അത് കുറ്റവാളികളുടെയും ജയിൽപുള്ളികളുടെയും യൂണിഫോമിന്റെ നിറമാണ്. അമേരിക്കയിൽ ‘ഓറഞ്ചു മുന്നറിയിപ്പ്’ ഭീകരാക്രമണ ഭീഷണി സൂചിപ്പിക്കുന്ന പദംപോലുമാണ്. ആ നിറമാണ് നമ്മുടെ ഭരണകൂടം വലിയൊരു വിഭാഗം പ്രവാസികൾക്ക് ചാർത്തികൊടുക്കാൻ പോകുന്നത്.

പത്താം ക്ലാസ് പൂർത്തിയാക്കാൻ കഴിയാതെ ജീവിതം തേടി കടൽ കടന്നവന്റെ പാസ്സ്പോർട്ടിനു ഏതു നിറം എന്ന് ആലോചിക്കുമ്പോൾതന്നെ ‘അത് ഓറഞ്ചു മതി’ എന്ന ആ സർക്കാർ തീരുമാനം ഒട്ടും യാദൃശ്ശ്ചികമല്ല. അത് അവരോടുള്ള ഭരിയ്ക്കുന്നവന്റെ മനോഭാവമാണ്.

തൂപ്പുകാരായും വീട്ടുവേലക്കാരായും ഹെൽപ്പർമാരായും കൻസ്ട്രക്‌ഷൻ വർക്കേഴ്സായും ആട്ടിടയന്മാരായുമൊക്കെ മരുഭൂമികളിലും അപരിചിതമായ ഉഷ്ണദേശങ്ങളിലും ജീവിതം ഉരുക്കിത്തീർത്ത ഇന്നും സ്വയം ഉരുകിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ വിയർപ്പിന്റെയും ചോരയുടെയും ഫലങ്ങളിൽ ചവിട്ടി നിന്നാണ് നമ്മുടെ രാജ്യം ഇപ്പോൾ അവരെ ഓറഞ്ചു ചാപ്പ കുത്തുന്നത്.

മുപ്പതു രൂപ പരീക്ഷാഫീസ് കെട്ടിവെക്കാൻ ഇല്ലാതിരുന്നതുകൊണ്ട് പഠനം നിന്നുപോയ ഒരു ഏട്ടനാണ് എന്നെ വളർത്തിയത്. പ്രവാസ ദുരിതത്തിന്റെ ഇടവേളകളില്ലാത്ത ആദ്യ ഏഴു വര്‍ഷം ഏട്ടന് ഒരിക്കൽപ്പോലും ചോറ് കഴിയ്ക്കാൻ കഴിഞ്ഞില്ല. നാട്ടിൽ എത്തുമ്പോഴേയ്ക്കും, ഉണക്കറൊട്ടി മാത്രം തിന്ന് ഏട്ടന്റെ കുടലൊക്കെ വ്രണമായിരുന്നു.

നാളെ എന്നെപ്പോലെ ഒരു അനുജനും അയാളുടെ ഏട്ടനും ഒരു വിമാനത്താവളത്തിൽ രണ്ടു നിറമുള്ള പാസ്പോർട് പരിശോധനാമേശയിലേക്ക് വെക്കുമ്പോൾ ആ അനുജനു വല്ലാതെ പൊള്ളും. കാരണം, അനുജനോ പെങ്ങൾക്കോ കുടുംബത്തിനോ വേണ്ടി ഏട്ടൻ ഉരുക്കിക്കളഞ്ഞ ജീവിതമാണ് ഓറഞ്ചു നിറമായി അയാളുടെ കൈകളിൽ ഇരിക്കുന്നത്.

ജീവിതത്തോട് നിസ്സഹായ മനുഷ്യർ നടത്തുന്ന പോരാട്ടത്തെയും അവരുടെ ത്യാഗത്തെയുമാണ് വിവേചനത്തിന്റെ ഓറഞ്ച്ചായംകൊണ്ട് ഭരണകൂടം അപമാനിയ്ക്കുന്നത്. ആ ഓറഞ്ചുമനുഷ്യരുടെ ചുവന്ന ചോരയാണ് മറ്റുള്ളവരുടെ അഹന്തയുടെ നീലയാവുന്നത്.

പത്താം ക്ലാസ് പാസ്സാകാത്ത സകല പൗരന്മാരുടെയും പാസ്സ്പോർട്ടിനെ ഒറ്റയടിയ്ക്ക് ഓറഞ്ചുചായമണിയിച്ച വിദേശകാര്യ മന്ത്രാലയത്തിലെ കോട്ടിട്ട സാറന്മാരേ,
കേട്ടപടി അത് കൈയ്യടിച്ചു അംഗീകരിച്ച ഭരണകൂടമെ,
ഒന്ന് ചോദിച്ചോട്ടെ...

ജീവിയ്ക്കാനായി മരുഭൂമിയിൽ കൂലിപ്പണി ചെയ്യുന്ന പ്രവാസിയുടെ തൊലിപ്പുറത്തു കൊടുംവെയിൽ പതിച്ചു പൊള്ളി തൊലിയടർന്ന് പോകുന്നത് കണ്ടിട്ടുണ്ടോ? പ്രാണൻ പോകുന്ന വേദനയാണ്. അങ്ങനെ തൊലിയുരിഞ്ഞു കഴിയുമ്പോൾ ആ പാവം മനുഷ്യരുടെ മുതുകിലും മുഖത്തും കയ്യിലുമൊക്കെ ശേഷിയ്ക്കുന്നതും ഒരു ഓറഞ്ചുനിറമാണ്.

നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവാത്ത, ചോര പൊടിയുന്ന ഒരു ഓറഞ്ചു നിറം!

(എം. അബ്ദുൾ റഷീദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്)

Tags:    
News Summary - Yellow Passport in Gulf Countries -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.