'ഡ.ബ്ല്യു.ഡബ്ല്യു.ഇ എക്സ്പീരിയൻസ്' ബഹ്റൈനിലേക്ക്; സല്ലാഖിൽ പദ്ധതി ആലോചനയിൽ

മനാമ: പ്രമുഖ റെസ്‌ലിങ് സംവിധാനമായ 'ഡ.ബ്ല്യു.ഡബ്ല്യു.ഇ എക്സ്പീരിയൻസ്' ബഹ്റൈനിലേക്ക്. രാജ്യത്തെ റസ്ലിങ് രംഗത്തെ പ്രമുഖ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സൗദി അറേബ്യയിലെ റിയാദിലുള്ള വേദിയുടെ വിജയമാതൃക ഉൾക്കൊണ്ട്, ബഹ്‌റൈൻ എക്‌സിബിഷൻ വേൾഡിന് സമീപം ഈ പദ്ധതി നടപ്പിലാക്കാനാണ് സതേൺ മ്യൂസിപ്പൽ കൗൺസിൽ പരിശോധന നടത്തുന്നത്.

വെറുമൊരു വിനോദ കേന്ദ്രത്തിനപ്പുറം, എൻ.എക്സ്.ടി പരിശീലന കേന്ദ്രവും അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ 'ഡബ്ല്യു.ഡബ്ല്യു.ഇ വാൾട്ട്' മ്യൂസിയവും ബഹ്‌റൈനിൽ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. സൗദി അറേബ്യയുമായുള്ള വർദ്ധിച്ചുവരുന്ന വിനോദ സഞ്ചാര ബന്ധങ്ങൾ മുതലെടുക്കാൻ ബഹ്‌റൈന് മികച്ച അവസരമുണ്ടെന്ന് കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.

റിയാദിൽ നിന്ന് കിങ് ഫഹദ് കോസ്‌വേ വഴി റോഡ് മാർഗ്ഗം അഞ്ച് മണിക്കൂർ മാത്രം ദൂരമുള്ളതിനാൽ, ഇരു രാജ്യങ്ങളിലെയും ആരാധകർക്കായി ഒരു ബഹ്‌റൈൻ-സൗദി വിനോദ ഇടനാഴി സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ സാദ്ധ്യതകൾ പരിശോധിക്കുന്നതിനായി സുസ്ഥിര വികസന മന്ത്രാലയം, ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് (ഇ.ഡി.ബി), എദാമ, സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി എന്നിവയുമായി ചർച്ചകൾ നടത്താൻ കൗൺസിൽ പദ്ധതിയിടുന്നുണ്ട്.

സല്ലാഖിൽ ഈ പദ്ധതി യാഥാർത്ഥ്യമായാൽ സന്ദർശകർക്ക് സ്വന്തം റെസ്‌ലിങ് പ്രൊഫൈൽ നിർമ്മിക്കാനും പ്രിയപ്പെട്ട സൂപ്പർതാരങ്ങളെപ്പോലെ വസ്ത്രം ധരിച്ച് റിംഗിലേക്ക് പ്രവേശിക്കാനുമുള്ള സവിശേഷമായ അവസരങ്ങൾ ലഭിക്കുമെന്ന് കൗൺസിലിന്റെ സർവീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ അലി അൽ ശൈഖ് വ്യക്തമാക്കി.

Tags:    
News Summary - 'WWE Experience' to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.