മനാമ: സർക്കാർ സബ്‌സിഡിയുള്ള മാവ് അനുമതിയില്ലാതെ ഉപയോഗിച്ച കേസിൽ ബഹ്‌റൈനിൽ ബേക്കറി ജീവനക്കാരന് കോടതി ഇളവ് അനുവദിച്ചു. അദ്ദേഹത്തിന് ലഭിച്ചിരുന്ന മൂന്ന് മാസം തടവുശിക്ഷ അപ്പീൽ കോടതി കമ്മ്യൂണിറ്റി സർവീസായി (സാമൂഹിക സേവനം) മാറ്റി.
വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സബ്‌സിഡി മാവിനായി അപേക്ഷ നൽകിയിരുന്നെങ്കിലും, അതിന്റെ നടപടികൾ പൂർത്തിയാകുന്നതിന് മുൻപാണ് മന്ത്രാലയത്തിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് ഇവിടെ പരിശോധന നടത്തിയത്. തുടർന്ന് അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ ബേക്കറിയിൽ സബ്‌സിഡി മാവ് ചാക്കുകൾ കണ്ടെത്തുകയായിരുന്നു. അന്ന് അടച്ചുകിടന്ന മറ്റൊരു ബേക്കറിയിൽ നിന്നാണ് തങ്ങൾ ഈ മാവ് വാങ്ങിയതെന്ന് ജീവനക്കാരൻ കോടതിയിൽ വിശദീകരിച്ചു.
നിയമവിരുദ്ധമായി സബ്‌സിഡി മാവ് ഉപയോഗിച്ചതിന് ബഹ്‌റൈനിലെ ഹൈ ക്രിമിനൽ കോടതി ഇദ്ദേഹത്തിന് മൂന്ന് മാസം തടവും 250 ദീനാർ പിഴയും വിധിച്ചിരുന്നു. എന്നാൽ കേസ് പരിഗണിച്ച സുപ്രീം ക്രിമിനൽ അപ്പീൽ കോടതി അനുകമ്പ കാണിച്ച് തടവുശിക്ഷ കമ്മ്യൂണിറ്റി സർവീസായി മാറ്റിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.
ബഹ്‌റൈനിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമായ 'ഖുബ്സ്' (അറബിക് അപ്പം) നിർമ്മിക്കുന്നതിന് സബ്‌സിഡി നിരക്കിൽ മാവ് വാങ്ങുന്നതിന് ബേക്കറി ഉടമകൾ പ്രത്യേക കാർഡിനായി അപേക്ഷിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.