ജി.സി.സി സൈബർ സുരക്ഷാ മന്ത്രിതല സമിതിയുടെ അഞ്ചാമത് യോഗത്തിൽനിന്ന്

വെല്ലുവിളികളെ നേരിടണം; ഗൾഫ് രാജ്യങ്ങളുടെ നയങ്ങളും നിലപാടുകളും ഏകീകരിക്കണം

മനാമ: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വെല്ലുവിളികളെ നേരിടുന്നതിനായി ഗൾഫ് രാജ്യങ്ങളുടെ നയങ്ങളും നിലപാടുകളും ഏകീകരിക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ. ബഹ്‌റൈന്റെ അധ്യക്ഷതയിൽ നടന്ന ജി.സി.സി സൈബർ സുരക്ഷാ മന്ത്രിതല സമിതിയുടെ അഞ്ചാമത് യോഗത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും യോഗത്തിൽ സന്നിഹിതനായിരുന്നു.

സൈബർ സുരക്ഷാ രംഗത്തെ ഗൾഫ് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും, തന്ത്രപരമായ കാഴ്ചപ്പാടുകൾ ഏകീകരിക്കുന്നതിനുമുള്ള പ്രധാന വേദിയാണ് ഇത്തരം യോഗങ്ങളെന്ന് ശൈഖ് സൽമാൻ വ്യക്തമാക്കി. സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാനും സുരക്ഷിതമായ ഒരു ഗൾഫ് സംവിധാനം കെട്ടിപ്പടുക്കാനും ഈ കൂട്ടായ്മ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിന്റെ അജണ്ടയിലുള്ള വിവിധ വിഷയങ്ങളും, ജി.സി.സി രാജ്യങ്ങളിലെ സൈബർ സുരക്ഷ ശക്തമാക്കുന്നതിനുള്ള സംയുക്ത പദ്ധതികളുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു. സുരക്ഷിതവും വിശ്വസനീയവുമായ സൈബർ ഇടം സൃഷ്ടിക്കുന്നതിനും, പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, സുസ്ഥിര വികസന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള സഹകരണ മാർഗ്ഗങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി.

ജി.സി.സി രാജ്യങ്ങളുടെ സംയുക്ത പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ നൽകുന്ന പിന്തുണയാണ് ഈ യോഗത്തിന്റെ ആതിഥേയത്വം വ്യക്തമാക്കുന്നത്.

സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള നൂതനമായ ഒരു ഗൾഫ് സൈബർ സുരക്ഷാ സംവിധാനം രൂപീകരിക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 

Tags:    
News Summary - Gulf countries policies and positions should be unified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-28 06:56 GMT