ഹുർമുസ് കടലിടുക്കിലെ അനിശ്ചിതത്വം; ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയിലും സമ്മർദം

മനാമ: ഹുർമുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധിയും കപ്പൽ ഗതാഗത തടസ്സവും ബഹ്‌റൈൻ ഉൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചരക്ക് നീക്കത്തിനും ഇൻഷുറൻസിനുമുള്ള ചെലവ് കുത്തനെ ഉയർന്നത് വ്യാപാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ മൊത്തം എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന നിർണ്ണായക പാതയാണ് ഹുർമുസ് കടലിടുക്ക്. അതുകൊണ്ടുതന്നെ ഇതിന്റെ തടസ്സം ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

സപ്ലൈ ചെയിനുകളിലെ തകരാറുകൾ കപ്പൽ ഗതാഗതത്തെയും കയറ്റുമതിയെയും സംഭരണച്ചെലവിനെയും കാര്യമായി ബാധിച്ചതായി സാമ്പത്തിക വിദഗ്ധനായ അക്ബർ ജാഫരി ചൂണ്ടിക്കാട്ടി. പല സ്ഥാപനങ്ങൾക്കും തങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ പ്രതിസന്ധി ഗൾഫ് മേഖലയിലുടനീളം പ്രകടമാണെങ്കിലും, ബഹ്‌റൈൻ ഭൂമിശാസ്ത്രപരമായി ഈ മേഖലയുടെ ഭാഗമായതിനാൽ കൂടുതൽ തിരിച്ചടി നേരിടുന്നുണ്ട്.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാൻ പല വലിയ വ്യവസായ സ്ഥാപനങ്ങളും മറ്റ് ബദൽ മാർഗ്ഗങ്ങൾ തേടുന്നുണ്ട്. ഓമാൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി ചരക്ക് നീക്കം നടത്താൻ ബഹ്‌റൈൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ നിലയിലേക്ക് മടങ്ങാൻ ആറു മുതൽ പതിനെട്ട് മാസം വരെ എടുത്തേക്കാമെന്നാണ് വിലയിരുത്തൽ.

ഗതാഗതവും ഊർജ്ജവും സംബന്ധിച്ച ഭൗമരാഷ്ട്രീയ ഭീഷണികൾ കുറയ്ക്കാൻ സുസ്ഥിരമായ കപ്പൽ ഗതാഗതം അനിവാര്യമാണെന്ന് നൂറ അൽ ഫൈഹാനി പറഞ്ഞു. ഇത് ആഗോള വിപണികളെ ശാന്തമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സഹായിക്കും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും ബഹ്‌റൈൻ കാണിക്കുന്ന കരുത്ത് നിക്ഷേപകരിൽ രാജ്യത്തോടുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

മേഖലയിലെ ലൊജിസ്റ്റിക്സ് ഹബ്ബ് എന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും, ദീർഘകാല വളർച്ച കൈവരിക്കുന്നതിനും, കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും ഹുർമുസ് കടലിടുക്കിലെ ഗതാഗതം സുഗമമാകേണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. വ്യവസായങ്ങൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ഈ സാഹചര്യം ഗുണകരമായി മാറും.

Tags:    
News Summary - Uncertainty in the Strait of Hormuz; Pressure on Bahrain's economy too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.