മനാമ: യുക്രെയ്നിൽ സമഗ്രവും ശാശ്വതവുമായ സമാധാന ഉടമ്പടിയിലെത്താൻ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യം വ്യക്തമാക്കി ബഹ്റൈൻ. മോസ്കോയിൽ നടന്ന ഔദ്യോഗിക ചർച്ചകൾക്കുശേഷം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നിലപാട് ആവർത്തിച്ചത്. നേരിട്ടുള്ള ചർച്ചകളിലൂടെ തർക്കം പരിഹരിക്കാനുള്ള റഷ്യയുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. ''യുദ്ധത്തെ തള്ളിപ്പറയുകയും അത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സുരക്ഷയും സമാധാനവും സ്ഥിരതയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു''-അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ സിവിലിയൻമാർക്ക് സുരക്ഷിത വഴികൾ തുറക്കുന്നതിനും സംരക്ഷണം നൽകുന്നതിനും അഭയാർഥികൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും ദുരിതം ലഘൂകരിക്കുന്നതിനും എല്ലാ തടസ്സങ്ങളും തരണം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
യൂറോപ്പിലെ സുസ്ഥിര സമാധാനത്തിനായി സംഭാഷണത്തിനും നയതന്ത്ര പരിഹാരങ്ങൾക്കും അദ്ദേഹം ആഹ്വാനം ചെയ്തു. യൂറോപ്പിൽ സ്ഥിരത കൈവരിക്കുന്നത് ലോകത്തിന്റെ മുഴുവൻ സ്ഥിരതയെ പ്രതിനിധാനംചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചകളിലൂടെ വെടിനിർത്തലിലും രാഷ്ട്രീയ ഒത്തുതീർപ്പിലും എത്തിച്ചേരാനുള്ള ശ്രമങ്ങളെക്കുറിച്ച് ലാവ്റോവ് ചർച്ചക്കിടെ തന്നോട് വിശദീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് വിവിധതലങ്ങളിൽ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും മേഖലകൾ വികസിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.