മനാമ: ബഹ്‌റൈനിൽ മോഷണവും കവർച്ചയും തടയുന്നതിനായി സുരക്ഷാ നിരീക്ഷണങ്ങളും പോലീസ് പട്രോളിംഗും ശക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും കർശനമായ നിയമനടപടികളിലൂടെയും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി എല്ലാ ഗവർണറേറ്റുകളിലെയും പോലീസ് ഡയറക്ടറേറ്റുകളുടെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂറും പട്രോളിംഗ് തുടരുകയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കാനും കവർച്ചാ കേസുകളിലെ പ്രതികളെ കണ്ടെത്താനും ഈ പട്രോളിംഗ് ശക്തമായി സഹായിക്കുന്നുണ്ട്. കുറ്റവാളികളെ തിരിച്ചറിയുന്നതിനും കവർച്ചാ രീതികൾ വിശകലനം ചെയ്യുന്നതിനും അത്യാധുനിക സാങ്കേതികവിദ്യ വലിയ പങ്കാണ് വഹിക്കുന്നത്.
കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാൻ പുതിയ സാങ്കേതികവിദ്യകൾ പോലീസിന് കരുത്താകുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇത്തരം ശ്രമങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ വലുതാണെന്നും അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ നിയമപ്രകാരം വലിയ രീതിയിലുള്ള കവർച്ചാ കേസുകളിൽ കഠിനമായ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ആയുധം ഉപയോഗിച്ചുള്ള കൊള്ള, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, അക്രമം, ഒന്നിലധികം പേർ ചേർന്ന് രാത്രികാലങ്ങളിൽ നടത്തുന്ന കവർച്ച എന്നിവയിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാം. വീടുകൾ, ആരാധനാലയങ്ങൾ, മറ്റ് താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മോഷണം നടത്തുന്നവർക്കും കടുത്ത ജയിൽ ശിക്ഷ ലഭിക്കും. ഓരോ മോഷണ പരാതികളും അതിന്റെ ഗൗരവത്തോടെ തന്നെയാണ് പോലീസ് പരിശോധിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതൽ നിയമനടപടികൾക്കായി ഇവ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും തുടർന്ന് യോഗ്യതയുള്ള കോടതികളിലേക്ക് മാറ്റുകയും ചെയ്യും. അതേസമയം, മോഷണ സാധ്യതകൾ ഒഴിവാക്കാൻ താമസക്കാർ സ്വന്തം നിലയിലും വീടുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പൊതുജനങ്ങളിൽ സുരക്ഷാ ബോധവൽക്കരണം ശക്തമാക്കുന്നതിനും സമൂഹത്തിന്റെ പങ്കാളിത്തത്തോടെ രാജ്യത്തിന്റെ സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്തുന്നതിനുമാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പ്രധാന സുരക്ഷാ നിർദേശങ്ങൾ
വീടുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക.
ജനലുകളും വാതിലുകളും കൃത്യമായി പൂട്ടി സുരക്ഷിതമാക്കുക.
വീടിന് പുറത്ത് ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കുക.
യാത്ര പോകുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് ഒഴിവാക്കുക.
വീടിന്റെ മുൻവാതിലിനടുത്തോ എളുപ്പത്തിൽ മറ്റുള്ളവർക്ക് കണ്ടെത്താൻ കഴിയുന്ന ഇടങ്ങളിലോ സ്പെയർ താക്കോലുകൾ വെക്കരുത്.
വിലപിടിപ്പുള്ള സാധനങ്ങളും പണവും എളുപ്പത്തിൽ ആർക്കും എടുക്കാവുന്ന രീതിയിൽ സൂക്ഷിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.