ന്യൂ ഹൊറിസോൺ സ്കൂൾ ബഹ്റൈൻ സംഘടിപ്പിച്ച സ്പോർട്സ് മീറ്റിൽനിന്ന്
മനാമ: ‘അരീന ഓഫ് ചാമ്പ്യൻസ്’ എന്ന പേരിൽ വാർഷിക സ്പോർട്സ് മീറ്റ് സംഘടിപ്പിച്ച് ന്യൂ ഹൊറിസോൺ സ്കൂൾ ബഹ്റൈൻ. സിഞ്ചിലെ അഹ്ലി ക്ലബിൽവെച്ചായിരുന്നു മീറ്റ്. ടീം വർക്ക്, പ്രതിരോധശേഷി, കായികരംഗത്തോടുള്ള അഭിനിവേശം എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്ന പ്രമേയത്തിലായിരുന്നു മീറ്റ് സംഘടിപ്പിച്ചത്.
മാർച്ച് പരേഡോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ വന്ദന സതീഷ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി മുൻ ഇന്ത്യൻ ആർമി സ്പെഷൽ ഫോഴ്സ് അംഗമായ മേജർ പ്രിൻസ് ജോസിന്റെ പ്രസംഗം വിദ്യാർഥികളിൽ പ്രചോദനമേകി. സ്കൂൾ ചെയർമാൻ സ്പോർട്സ് മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർഥികളെയും ഉൾപ്പെടുത്തുന്ന രീതിയിലായിരുന്നു മത്സരങ്ങൾ. ജൂനിയർ കെജി, സീനിയർ കെജി, ഗ്രേഡ് 1 എന്നിവയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റുകൾ തുടങ്ങി മുതിർന്ന വിദ്യാർഥികളുടെ പ്രകടനങ്ങൾ മേളയെ വിസ്മയിപ്പിക്കുന്നതായിരുന്നു.
മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച വിദ്യാർഥികൾക്ക് സമ്മാന വിതരണവും നടത്തി. രക്ഷിതാക്കളുടെ കമ്പവലി മത്സരം, ബാൾ ബാലൻസിങ് മത്സരം എന്നിവ ഏറെ ആകർശകരമായിരുന്നു. ഗ്രൂപ്പുകളായി മത്സരിച്ച മേളയിൽ പോയന്റ് അടിസ്ഥാനത്തിൽ 2024-25 അധ്യയനവർഷത്തെ ചാമ്പ്യന്മാരായി റൂബി ഹൗസിനെ തിരഞ്ഞെടുത്തു.കൂടാതെ പരിപാടിയിൽ ബഹ്റൈൻ കായികദിനവും ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.