മനാമ: കേരളത്തിന്റെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക അവസ്ഥയെ തീര്‍ത്തും നിരാകരിച്ചുകൊണ്ടുള്ള വികസന പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് (എസ്.ഡബ്ല്യു.എ) കുറ്റപ്പെടുത്തി. കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ പോവുന്ന അതിവേഗ റെയില്‍ പാത സുതാര്യമല്ലാത്തതും കേരളത്തിന്റെ ഭൂപ്രകൃതിക്ക് കോട്ടം വരുത്തുന്നതുമാണ്. വ്യാപകമായ കുടിയിറക്കലിനും പാരിസ്ഥിതിക നാശത്തിനും നിമിത്തമായിത്തീരുന്ന ഈ പദ്ധതി കനത്ത സാമ്പത്തികബാധ്യതകൂടി വരുത്തിത്തീര്‍ക്കും. കോർപറേറ്റ് വികസന താല്പര്യങ്ങൾ മാത്രമാണ് പദ്ധതിക്കു പിന്നിലുള്ളത്.
നിർദിഷ്ട റെയിൽവേയുടെ കൃത്യവും വ്യക്തവുമായ പദ്ധതി രൂപരേഖ നിയമസഭയിലും ജനങ്ങൾക്കു മുന്നിലും കാണിക്കാൻ സർക്കാർ തയാറാകണം. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നതുമായിരിക്കണം സർക്കാർ നടപ്പാക്കുന്ന ഏതൊരു വികസന പദ്ധതിയും. നിർദിഷ്ട റെയിൽവേ ലൈനിന്റെ അലൈൻമെന്റ് കൃത്യമായി നിർണയിക്കാത്തതും സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യത മാത്രം വരുത്തുന്നതുമായ ഇത്തരം ജനവിരുദ്ധ നയങ്ങളിൽനിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും കൃത്യമായ പഠനം നടത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി മാത്രമേ മുന്നോട്ടുപോകാവു എന്നും സോഷ്യല്‍ വെൽഫെയര്‍ അസോസിയേഷന് എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹറഖ് മേഖല പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, മനാമ മേഖല പ്രസിഡൻറ് നൗമൽ, റിഫ മേഖല പ്രസിഡൻറ് ഫസലുർ റഹ്മാൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഇർഷാദ്, ജലീൽ, റഫീഖ്, നൗഷാദ്, അസ്ലം വേളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും ട്രഷറർ വി.പി. ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.