മനാമ: ക്രിമിനൽ അന്വേഷണ വേളകളിൽ കുട്ടികളായ ഇരകൾക്ക് ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്നതിനായി ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ ‘സേഫ് എക്സ്പ്രഷൻ ബോക്സ്’ എന്ന പുതിയ പദ്ധതി ആരംഭിച്ചു. കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷത്തിൽ അന്വേഷണ നടപടികളുമായി സഹകരിക്കാൻ ഈ സംവിധാനം സഹായിക്കും.
പബ്ലിക് പ്രോസിക്യൂഷന്റെ സോഷ്യൽ റിസർച്ച് വിഭാഗമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട രീതികളും അത്യാധുനിക ഉപകരണങ്ങളും ബഹ്‌റൈന്റെ നിയമപരവും സാമൂഹികവുമായ സാഹചര്യങ്ങൾക്ക് അനുസൃതമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ കുട്ടികൾക്ക് തങ്ങളുടെ അനുഭവങ്ങൾ പ്രായത്തിന് അനുയോജ്യമായ രീതിയിൽ തുറന്നുപറയാൻ ഈ സംവിധാനം അവസരമൊരുക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷനിലെ സോഷ്യൽ റിസർച്ച് ഗ്രൂപ് മേധാവി ദലാല അൽ അത്താവി വ്യക്തമാക്കി.
10 പെൺകുട്ടികളിൽ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഈ പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കിയത്. പാവകളും ഇന്ററാക്ടീവ് മെറ്റീരിയലുകളും ഉപയോഗിച്ച് കുട്ടികൾക്ക് തങ്ങൾക്കുണ്ടായ അനുഭവങ്ങൾ കൃത്യതയോടെയും ആത്മവിശ്വാസത്തോടെയും വിവരിക്കാൻ കഴിഞ്ഞുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പരമ്പരാഗത ചോദ്യം ചെയ്യൽ രീതികളെ അപേക്ഷിച്ച് കുട്ടികളിലെ ഉത്കണ്ഠ കുറയ്ക്കാനും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും ഈ ഉപകരണം സഹായിക്കുന്നു.
സാമൂഹിക പ്രവർത്തകർക്കും മനഃശാസ്ത്രജ്ഞർക്കും കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാനും അവരുമായി വിശ്വാസ്യത കെട്ടിപ്പടുക്കാനും ഈ പദ്ധതി സഹായിക്കുന്നു. കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.