പ്രവാസി കരുത്തിന് ആദരവ്; 'മെയ് ഫെസ്റ്റു'മായി പ്രവാസി വെൽഫെയർ

മനാമ: ഗൾഫ് നാടുകളുടെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി വെൽഫെയർ മെയ് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പ്രവാസലോകത്ത് പണിയെടുക്കുന്ന ഓരോ തൊഴിലാളിയും ആധുനിക കാലത്തെ പോരാളികളാണെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ മെയ്ദിന സന്ദേശത്തിൽ പറഞ്ഞു.

തൊഴിലിടങ്ങളിലെ അവകാശങ്ങൾക്കും അന്തസ്സുള്ള ജീവിതത്തിനുമായി ലോകമെമ്പാടുമുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലാണ് മെയ് ഒന്ന്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു അവധി ദിനമല്ല, മറിച്ച് സ്വന്തം വിയർപ്പിന്റെ വില തിരിച്ചറിയുന്നതിനും അന്തസ്സുള്ള ജീവിതത്തെക്കുറിച്ച് ബോധവാന്മാരാകുന്നതിനുമുള്ള ദിവസമാണിത്.

ജാതി-മത-ലിംഗ ഭേദമന്യേ അധ്വാനിക്കുന്ന കൈകൾക്ക് ആദരവ് നൽകുന്ന മെയ്ദിനത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന വിപുലമായ ആഘോഷ പരിപാടിയായ 'മെയ് ഫെസ്റ്റ്' മെയ് 01 വെള്ളിയാഴ്ച രാവിലെ 7.00 മണി മുതൽ പ്രവാസി സെൻ്ററിൽ നടക്കും. പ്രവേശനം പൂർണമായും സൗജന്യമായ മെയ് ഫെസ്റ്റിൽ സാമൂഹിക സേവന മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവ്, ബഹറൈനിലെ പ്രമുഖ പ്രവാസി ബാഡ്മിൻറൺ ഗ്രൂപ്പുകൾ മറ്റൊരയ്ക്കുന്ന ബാഡ്മിൻറൺ ടൂർണമെൻറ്, പ്രവാസി വെൽഫെയർ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ എന്നിവ മെയ് ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ഐക്യത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും മാത്രമേ മികച്ചൊരു തൊഴിൽ സാഹചര്യം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കൂ. എല്ലാ പ്രവാസി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ മെയ് ദിനാശംസകൾ നേരുന്നതായും പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Respect for the strength of expatriates; Pravasi Welfare with 'May Fest'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.